മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ലിന് ശേഷം ദുരിതാശ്വാസ ക്യാമ്ബായി പ്രവര്‍ത്തിക്കുകയായിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറന്നു.
സ്‌കൂളില്‍ അസംബ്ലി ചേര്‍ന്നു. ഉരുള്‍പ്പൊട്ടല്‍ നടന്ന് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നിപ്പോള്‍ സ്‌കൂള്‍ തുറന്നത്. സ്‌കൂളിലെ 3 വിദ്യാര്‍ത്ഥികളെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നത്.
മുണ്ടക്കൈ – ചൂരല്‍മല മേഖലയിലുള്ളവരാണ് മരണപ്പെട്ട കുട്ടികള്‍. ഇവരെ അനുസ്മരിക്കുകയായിരുന്നു അസംബ്ലിയുടെ പ്രധാന അജണ്ട. കുട്ടികളുടെ മാനസികാഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് പ്രധാനപ്പെട്ട ക്ലാസുകള്‍ ഒന്നും തന്നെയില്ല. അധ്യാപകര്‍ ക്ലാസിലേക്കെത്തുമെങ്കിലും കുട്ടികള്‍ക്ക് പ്രചോദനം നല്‍കുക മാത്രമാണ് ചെയ്യുക. വ്യാഴാഴ്ച മുതല്‍ മാത്രമായിരിക്കും ക്ലാസുകള്‍ തുടങ്ങുക. പ്ലസ്ടു കൊമേഴ്‌സിലെ ഒരു വിദ്യാര്‍ത്ഥിയെയും പ്ലസ് വണ്‍ കൊമേഴ്‌സിലെ രണ്ട് കുട്ടിളെയുമാണ് ഉരുള്‍പൊട്ടലില്‍ സ്‌കൂളിന് നഷ്ടമായത്.
ഇന്ന് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. 56 കുട്ടികളാണ് മേപ്പാടി സ്‌കൂളില്‍ ഉള്‍പൊട്ടല്‍ സംഭവിച്ച മേഖലയില്‍ നിന്നുണ്ടായിരുന്നത്. അതില്‍ മൂന്ന് കുട്ടികള്‍ മരണപ്പെട്ടു. ബാക്കി 53 കൂട്ടികളില്‍ 36 കുട്ടികളാണ് ഭാഗികമായി ബാധിക്കപ്പെട്ടിട്ടുള്ളത് – സ്‌കൂളിലെ അധ്യാപിക പറഞ്ഞു.