കോഴഞ്ചേരി | മദ്യലഹരിയില്‍ അമിത വേഗതത്തില്‍ യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
പരുക്കേറ്റ രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. സ്കൂട്ടര്‍ യാത്രക്കാരനായിരുന്ന പ്ലാങ്കമണ്‍ വെളളിയറ കൊച്ചേത്തറയില്‍ ഉണ്ണിക്കൃഷ്ണനാണ് (45) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ മല്ലപ്പള്ളി – ചെറുകോല്‍പ്പുഴ റോഡില്‍ അയിരൂര്‍ വാളംപടിക്കും പാലച്ചുവടിനും മധ്യേയാണ് സംഭവം
വാളംപടിക്കു സമീപം തടിയൂര്‍ പുത്തന്‍ ശബരിമല പുളിക്കല്‍ പ്രസന്നകുമാറിന്റെ സ്കൂട്ടറിലാണ് കാര്‍ ആദ്യം ഇടിച്ചത്. പ്രസന്നകുമാര്‍ പരുക്കുകളോടെ രക്ഷപെട്ടു. പിന്നീട് ചെറുകോല്‍പ്പുഴ ഭാഗത്തേക്കു വന്ന കാര്‍ പാലച്ചുവടിനു സമീപം ഉണ്ണിക്കൃഷ്ണന് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ചു. റോഡിലേക്കു തെറിച്ചു വീണ ഉണ്ണിക്കൃഷ്ണന് തല്‍ക്ഷണം മരിച്ചു.
വീണ്ടും 50 മീറ്റര്‍ നീങ്ങിയ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം എതിര് ദിശയില്‍ സ്കൂട്ടറില്‍ വന്ന പ്ലാങ്കമണ്‍ വെളളിയറ താന്നിയോലിക്കല്‍ കെ ലക്ഷ്മി(30)യെ ഇടിച്ചു. സ്കൂട്ടറില്‍ നിന്നു തെറിച്ചു വീണ ലക്ഷ്മി കാറിനടിയിലാകുകയും ചെയ്തതോടെ സമീപത്ത് തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ത്രീകള്‍ ഓടിയെത്തി കാര്‍ ഓടിച്ചിരുന്ന ചെങ്ങന്നൂര്‍ തോപ്പില്‍ തെക്കതില്‍ റോയി മാത്യു ജോര്‍ജിനെ തടഞ്ഞുവച്ചു. സാരമായി പരുക്കേറ്റ ലക്ഷ്മിയെ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരിച്ച ഉണ്ണികൃഷ്ണന് വെളളിയറയില്‍ വെല്‍ഡിങ് വര്‍ക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: ലക്ഷ്മി. മകന്: വിഷ്ണു.