ഒരു മാസക്കാലത്തിന് ശേഷം ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും മക്കൾ ഇന്നലെയൊന്ന് ചിരിച്ചു. ദുരന്തമുറ്റത്തെ മരവിപ്പിക്കുന്ന കാഴ്ചകളിൽ നിന്ന് മാറി, അമ്യൂസ്മെന്റ് പാർക്കുകളിൽ ഉല്ലസിച്ചും സ്നേക്ക് പാർക്കിൽ കറങ്ങിയും അവരിന്നലെ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചു. ഇനിയൊരിക്കലും മുമ്പത്തേത് പോലെയാവില്ലെങ്കിലും എല്ലാം മറന്നൊന്ന് ചിരിക്കാൻ അവർക്കൊപ്പം എം.എസ്.എഫിലെ സഹോദരന്മാരും ചേർന്നു. ഉരുൾപൊട്ടലിൽ പൊട്ടിയടർന്ന മൂന്ന് ദേശങ്ങളിലെ കുട്ടികൾക്കായി എം.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് വിനോദയാത്ര ഒരുക്കിയത്. മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമുൾപ്പെടെ ഉരുൾദുരന്തത്തിൽ മരിച്ച 115 വിദ്യാർത്ഥികളുമായി മൂന്ന് ബസുകളിലായി അവർ ഉല്ലാസ കാഴ്ചകളിലേക്കിറങ്ങി. നാലാം ക്ലാസുകാർ മുതൽ ബിരുദവിദ്യാർത്ഥികൾ വരെ യാത്രാസംഘത്തിലുണ്ടായിരുന്നു. പുലർച്ചെ നാല് മണിക്ക് ചൂരൽമലയിൽ നിന്ന് കൽപ്പറ്റ മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ടി.ഹംസ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
പാൽചുരമിറങ്ങിയ യാത്രാസംഘത്തെ കാത്ത് വഴിയോരങ്ങളിൽ മുസ്്ലിം ലീഗിന്റെയും പോഷകഘടകങ്ങളുടെയും പ്രവർത്തകർ മധുരവും സമ്മാനവുമായി കാത്തുനിന്നു. കണ്ണൂരിലെ സ്വകാര്യ അമ്യൂസ്മെന്റ് പാർക്കും പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രവും കുട്ടിക്കൂട്ടം സന്ദർശിച്ചു. നിശ്ചിത സമയമായതോടെ അടച്ച സ്നേക്ക് പാർക്ക് കുട്ടികൾക്കായി വീണ്ടും തുറന്നുനൽകുകയായിരുന്നു. രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം കൗൺസിലിംഗ് വിദഗ്ധരും ഡോക്ടറും സംഘത്തിനൊപ്പമുണ്ടായിരുന്നു. സെപ്തംബർ 2ന് സ്കൂൾ തുറക്കുന്നതിന് മുന്നേ കുട്ടികളുടെ മാനസിക ആരോഗ്യം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിനോദയാത്ര ഒരുക്കിയതെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.എം റിൻഷാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ എന്നിവർ പറഞ്ഞു. പി.കെ അഷറഫ്, സി. ശിഹാബ്, ഷംസീർ ചോലക്കൽ, മുബഷിർ, ഫസൽ എന്നിവരും കൂടെയുണ്ടായിരുന്നു. വീടുകളും കളിസ്ഥലങ്ങളും പള്ളിക്കൂടവും ഇല്ലാതായ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിനോദയാത്ര എന്ന ആശയമറിയിച്ച ഉടനെ പൂർണ പിന്തുണയുമായി മുസ്്ലിം ലീഗ് ഉപസമിതിയും മുസ്്ലിം ലീഗ് ജില്ലാ – പഞ്ചായത്ത് കമ്മിറ്റികളും കൂടെ നിന്നു.
ദിവസങ്ങൾക്ക് ശേഷം അവർ ചിരിച്ചു വയനാട് ദുരന്തഭൂമിയിലെ കുരുന്നുകൾക്ക് വിനോദയാത്രയൊരുക്കി എം.എസ്.എഫ്
