തിരുവനന്തപുരം: ഓണത്തിന് കാർ വാങ്ങാൻ ഭാര്യാവീട്ടുകാർ കൂട്ടുനില്‍ക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ഭാര്യ, ഭർത്താവിനെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.
പള്ളിച്ചല്‍ മച്ചേല്‍ അയ്യംപുറം സാഗർ വില്ലയില്‍ ഡ്രൈവറായ പ്രസാദി (38)നാണ് തിങ്കളാഴ്ച പുലർച്ചെ ഭാര്യ ചിഞ്ചു(29)വിന്റെ മർദനമേറ്റത്.
കണ്ണില്‍ മുളകുപൊടി തേച്ചശേഷമാണ് പ്രസാദിനെ തടികൊണ്ട് തലയ്ക്കുമുന്നിലും പിന്നിലും അടിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കേറ്റ പ്രസാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തലയില്‍ പതിനഞ്ച് തുന്നലുണ്ട്. അടി തടയാൻ ശ്രമിക്കുന്നതിനിടെ പ്രസാദിന്റെ കൈവിരലുകള്‍ക്കും പൊട്ടലുണ്ട്.
കാർ വാങ്ങുന്നതിനായി ഭാര്യയുടെ വീട്ടുകാരോട് ഗാരന്റിയായി ഒപ്പിടാൻ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഭാര്യാവീട്ടുകാർ വിസമ്മതിച്ചതിനെച്ചൊല്ലി ചിഞ്ചുവുമായി ഉണ്ടായ തർക്കമാണ് പിന്നീട് അക്രമത്തില്‍ കലാശിച്ചത്.
പ്രസാദ് മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. പോലീസ് വധശ്രമത്തിന് കേസെടുത്തതോടെ ചിഞ്ചു ഒളിവിലാണ്.