ബജാജ് ചേതക് എന്ന നാമം ഇന്ത്യക്കാര്‍ ഒരിക്കലും മറക്കാനിടയില്ല. ഇലക്ട്രിക് അവതാരത്തില്‍ ഈ നെയിംപ്ലേറ്റ് തിരിച്ച് കൊണ്ട് വന്നപ്പോഴും മികച്ച സ്വീകാര്യതയാണ് ഈ മോഡലിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മൂന്നാമത്തെ ഇലക്ട്രിക് ടൂവീലറാണ് ബജാജ് ചേതക്. ഓല ഇലക്ട്രിക്കും ടിവിഎസും മാത്രമാണ് നിലവില്‍ ബജാജ് ചേതക്കിന് മുന്നില്‍. കഴിഞ്ഞ 12 മാസ കാലയളവില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന ബജാജ് ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചേതക് നേടിയ വില്‍പ്പന നേട്ടങ്ങളും വരാന്‍ പോകുന്ന വിലക്കിഴിവിനെകുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്
ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ ആളുകള്‍ പരിഗണിക്കുന്ന രണ്ട് ഘടകങ്ങളാണ് അതിന്റെ ഡിസൈനും പിന്നെ കമ്പനി ഏതാണെന്നും. ഈ രണ്ട് കാര്യങ്ങള്‍ ചേതക്കിന് ഗുണകരമായി ഭവിച്ചു. ചേതക് ഇവികളുടെ റെട്രോ ഡിസൈനും ബജാജ് എന്ന വമ്പന്‍ ബ്രാന്‍ഡിന്റെ വിശ്വാസ്യതയും കൂടിച്ചേര്‍ന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന മൂന്നിരട്ടിയായി. ഇവി വിപണിയിലേക്ക് ഇറങ്ങിയ രണ്ട് പരമ്പരാഗത ബ്രാന്‍ഡുകളായ ബജാജിനും ടിവിഎസിനും ബ്രാന്‍ഡ് ഐഡന്റിറ്റി ഗുണകരമായിട്ടുണ്ട്.
2023 ഓഗസ്റ്റ് മുതല്‍ 2024 ജൂലൈ വരെ ബജാജ് 1,51,308 യൂണിറ്റ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ (Bajaj Chetak) വിറ്റു. 2022 ഓഗസ്റ്റിനും 2023 ജൂലൈയ്ക്കും ഇടയില്‍ വിറ്റ 52,169 യൂണിറ്റുകളുമായി അപേക്ഷിച്ച് നോക്കുമ്പോള്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്താനായത്. അതായത് 99,139 യൂണിറ്റുകള്‍ ഇക്കാലയളവില്‍ അധികം വിറ്റു. 190.03 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച
2023 ഓഗസ്റ്റ് മുതല്‍ 2024 ജൂലൈ വരെയുള്ള കാലയളവില്‍ ബജാജ് ചേതക്കിന്റെ ശരാശരി പ്രതിമാസ വില്‍പ്പന 12,609 യൂണിറ്റുകളാണ്. ഈ കണക്ക് 2022 ഓഗസ്റ്റിനും 2023 ജൂലൈയ്ക്കും ഇടയില്‍ രേഖപ്പെടുത്തിയ 4,347 യൂണിറ്റുകളുടെ ശരാശരി പ്രതിമാസ വില്‍പ്പനയേക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതലാണ്. പ്രതിമാസം ശരാശരി പ്രതിമാസ വില്‍പ്പനയിലെ വ്യത്യാസം 8,262 യൂണിറ്റാണ്
കഴിഞ്ഞ മാസം അതായത് 2024 ജൂലൈയിലാണ് ബജാജ് ചേതക് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയത്. 2024 ജൂലൈയില്‍ മാത്രം 20,114 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ബജാജ് ചേതക് വിതരണം ചെയ്തത്. 2023 ജൂലൈയില്‍ വിറ്റ 4,528 യൂണിറ്റുകളെ അപേക്ഷിച്ച് 344 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. അധികം വിറ്റത് 15,586 യൂണിറ്റായിരുന്നു.
ഈ വര്‍ഷം ശ്രദ്ധേയമായ വില്‍പ്പന നേട്ടം രേഖപ്പെടുത്തിയ മറ്റൊരു മാസം ഫെബ്രുവരിയായിരുന്നു. 2023 ഫെബ്രുവരിയില്‍ 2634 യൂണിറ്റ് മാത്രം വിറ്റ സ്ഥാനത്ത് 2024 ഫെബ്രുവരിയില്‍ 13,620 യൂണിറ്റുകള്‍ വില്‍ക്കാനായി. 10,986 യൂണിറ്റുകളുടെ വോളിയം നേട്ടത്തോടെ 417% വാര്‍ഷിക വില്‍പ്പന വളര്‍ച്ച നേടി.
വില്‍പ്പന മെച്ചപ്പെടുന്നതോടൊപ്പം തന്നെ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നവീകരിക്കുന്നതിലും ബജാജ് ശ്രദ്ധ ചെലുത്തുന്നുണ്ട്. ബജാജ് ചേതക്കിന്റെ സ്‌കൂട്ടര്‍ ശ്രേണി വരും മാസങ്ങളില്‍ കാര്യമായ അപ്ഡേറ്റുകള്‍ക്ക് വിധേയമാകുമെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരേ ബാറ്ററി കപ്പാസിറ്റി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒറ്റ ചാര്‍ജില്‍ കൂടുതല്‍ റേഞ്ച് നല്‍കുന്നതിനായി ബാറ്ററി സെല്ലുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പോകുകയാണ് കമ്പനി.
ഇതോടൊപ്പം തന്നെ ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പേരുകളും മാറ്റത്തിന് വിധേയമാകുമെന്നാണ് സൂചന. അടുത്തിടെ ചേതക് 2901 (Bajaj Chetak 2901) പതിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന് സമാനമായി നിലവിലെ അര്‍ബേന്‍, പ്രീമിയം വേരിയന്റുകള്‍ യഥാക്രമം 3202, 3201 എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇത് മാത്രമല്ല സെഗ്‌മെന്റില്‍ മത്സരം ശക്തമാകുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാനും ബജാജിന് പ്ലാനുണ്ടെന്നാണ് പറയപ്പെടുന്നത്. ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എക്സ്-ഷോറൂം വിലയില്‍ 8,000 രൂപയുടെ കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകളും അപ്ഡേറ്റുകളും അവരുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ പ്രതീക്ഷകള്‍ ഫലപ്രദമായി നിറവേറ്റുന്നതിനുമുള്ള ബജാജിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.