ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ വളരെ വേഗം ശ്രദ്ധിക്കപ്പെട്ട കമ്പനിയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഏഥർ എനർജി. പുത്തനൊരു സ്കൂട്ടർ വാങ്ങിയാലോയെന്ന് ഇന്ന് ആലോചിക്കുന്നവരുടെയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്ന മോഡലുകളിൽ ഒന്നാവും 450 സീരീസ്. ദൈനംദിന യാത്രകൾക്ക് പറ്റിയ വൈദ്യുത സ്‌കൂട്ടറുകളാണ് ഏഥറിന്റെ ആവനാഴിയിലുള്ളത്. പക്ഷേ സർവീസിന്റെ കാര്യത്തിലൊക്കെ ഇവി കമ്പനികളെല്ലാം ഇടയ്ക്ക് പഴി കേൾക്കാറുണ്ട്. വാറണ്ടിയും സർവീസിംഗും എല്ലാം ചിലപ്പോൾ നൂലാമാലയാവുമെന്ന് ആശങ്കപ്പെടുന്നവരാണ് അധികവും. ഇത്തരം ആളുകളെല്ലാം അവസാനം ചെന്നെത്തുന്നത് പെട്രോൾ മോഡലുകളിലാണ്.
എന്നാൽ ഇത്തരക്കാരെയും ചാക്കിട്ട് പിടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഏഥർ എനർജി. മറ്റൊന്നുമല്ല, പുതിയ സർവീസ് പാക്കേജുകൾ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കൾ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ പുതിയ സർവീസ് പായ്ക്കുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്.
ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലെങ്കിലും വരും ദിവസം ഇക്കാര്യം കമ്പനി അറിയിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ സർവീസ് പായ്ക്കുകൾ 450X ഇവിയിലാണോ അതോ റിസ്‌ത ഫാമിലി ഇലക്ട്രിക് സ്കൂട്ടറിലേക്കാണോ അവതരിപ്പിക്കുകയെന്ന് ഇപ്പോൾ വ്യക്തമല്ല. ഏഥർ കെയർ, ഏഥർ കെയർ പ്ലസ്, ഏഥർ കെയർ മാക്സ് എന്നിങ്ങനെയാണ് സർവീസ് പായ്ക്കുകളുടെ പേര്. എല്ലാ സർവീസ് പായ്ക്കുകളും 1 വർഷം അല്ലെങ്കിൽ 10,000 കിലോമീറ്റർ വരെ സാധുതയുള്ളതാണ്.
ഏഥർ കെയർ ആയിരിക്കും ഇക്കൂട്ടത്തിലെ ഏറ്റവും താങ്ങാനാവുന്ന സർവീസ് പായ്ക്ക്. ഇതിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് 2 സൗജന്യ പീരിയോഡിക് മെയ്ന്റനെൻസ് സർവീസും വിയർ ആൻഡ് ടിയർ പാർട്‌സുകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും നൽകും. അതുകൂടാതെ ലേബർ ചാർജിലും 10 ശതമാനം ഡിസ്കൗണ്ട് ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് ഏഥർ എനർജിയിൽ ലഭിക്കുന്ന വിവരം.
ഏഥർ കെയർ പ്ലസ് സർവീസ് പായ്ക്ക് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് രണ്ട് വർഷത്തെ പീരിയോഡിക് മെയ്ന്റനെൻസും, ഒരു സൗജന്യ പോളിഷിംഗ്, ഫ്രീ വാഷിംഗ് എന്നിവയും ലഭിക്കും. ടിയർ, വിയർ പാർട്‌സുകൾ എന്നിവയ്ക്ക് 10 ശതമാനം കിഴിവ്, എന്തെങ്കിലും പാർട്സുകൾ മാറുന്നതിന്റെ ലേബർ ചാർജിൽ 15 ശതമാനം ഡിസ്കൗണ്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവ രണ്ടും വർഷത്തിൽ രണ്ടുതവണ ഉപയോഗപ്പെടുത്താനാവുമെന്നതാണ് മറ്റൊരു പ്രത്യേകത
ഏഥർ കെയർ മാക്സ് എന്ന പ്രീമിയം സർവീസ് പായ്ക്കാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 2 സൗജന്യ പീരിയോഡിക് മെയ്ന്റനെൻസ്, 2 സൗജന്യ ബ്രേക്ക് പാഡ് റീപ്ലേസ്മെന്റ്, സൗജന്യ ബെൽറ്റ് ലൂബ്രിക്കേഷൻ, 2 സൗജന്യ പോളിഷിംഗ്, 2 ഫ്രീ വാഷുകൾ, 2 ഫ്രീ എക്‌സ്‌പ്രസ്‌കെയർ എന്നിവയെല്ലാമാണ് ഇലക്ട്രിക് സ്കൂട്ടർ ഉടമകൾക്ക് ലഭ്യമാവുക. കൂടാതെ ഉപഭോക്താക്കൾക്ക് വിയർ, ടിയർ പാർട്‌സുകളുടെ റീപ്ലേസുമെന്റുകൾക്ക് യഥാക്രമം 10 ശതമാനം ഡിസ്കൗണ്ടും 15 ശതമാനം ഡിസ്കൗണ്ടും ലഭിക്കും
ഇവ രണ്ടും ഏഥർ കെയർ മാക്സ് സർവീസ് പായ്ക്ക് വാങ്ങുന്നവർക്ക് വർഷത്തിൽ രണ്ടുതവണ ലഭിക്കും.ഈ സർവീസ് പായ്ക്കുകളുടെ വില ഇതുവരെ ഏഥർ എനർജി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഏറ്റവും മികച്ച ഏഥർ കെയർ മാക്‌സിൻ്റെ വില 2,500 രൂപ മുതൽ 3,000 രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മികച്ച വിൽപ്പനയോടെയാണ് ഇന്ത്യയിൽ ഇവി ബ്രാൻഡ് മുമ്പോട്ട് പോവുന്നത്. അടുത്തിടെ അവതരിപ്പിച്ച റിസ്‌ത മോഡലിനും ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.
ഈ വര്‍ഷം മെയ് മാസത്തില്‍ 1.10 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഏഥര്‍ റിസ്ത പുറത്തിറങ്ങിയത്. 2.9 kWh, 3.7 kWh ബാറ്ററി പായ്ക്കുകളിലായി മൂന്ന് വേരിയന്റുകളിലായാണ് റിസ്ത ഏഥര്‍ കൊണ്ടുവന്നത്. ഇതില്‍ ചെറിയ 2.9 kWh വേരിയന്റുകളുടെ ഡെലിവറി ഇതിനകം കമ്പനി തുടങ്ങിയിട്ടുണ്ട്. 3.7 kWh പതിപ്പിന്റെ ഡെലിവറി ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പുറത്തുവിടുന്ന വിവരം.