കാക്കനാട്: മുംബൈ പോലീസ് ചമഞ്ഞ് ഇൻഫോപാർക്ക് ജീവനക്കാരന്റെ 2.64 ലക്ഷം രൂപ തട്ടിയ സംഘം അറസ്റ്റില്‍. കാക്കനാട് ഇടച്ചിറ ഫ്ളാറ്റില്‍ താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ പരാതിയില്‍ തിരൂർ കുണ്ടാനിയില് മുഹമ്മദ് നിഷാം (20), ചാവക്കാട് മമ്മാജറയില്ലത്ത് ഹസ്നുല്‍ മിജ്വാദ് (24), ചാവക്കാട് കരുഞ്ഞാട്ടെകയില് മുഹമ്മദ് അജ്മല്‍ (22), മട്ടാഞ്ചേരി പുത്തൻപുരയ്ക്കല്‍ പി.എസ്.
അമീർ (24) എന്നിവരാണ് ഇൻഫോപാർക്ക് പോലീസിന്റെ പിടിയിലായത്.
യുവാവിന്റെ ഫോണില്‍നിന്ന് അപകീർത്തികരമായ സന്ദേശങ്ങളും അനധികൃത പരസ്യങ്ങളും അയച്ചതിനാല്‍ കേസുണ്ടെന്നായിരുന്നു മുംബൈ പോലീസ് ചമഞ്ഞു വിളിച്ച തട്ടിപ്പ് സംഘം അറിയിച്ചത്.
യുവാവ് അക്കൗണ്ട് വിവരങ്ങളും നിക്ഷേപവും റിസർവ് ബാങ്കിനു നല്‍കണമെന്നും പരിശോധിച്ച ശേഷം തിരികെ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് സംഘം 2.64 ലക്ഷം രൂപ തട്ടിയെടുത്തത്.
സംഘത്തിലെ ഒളിവില്‍ കഴിയുന്ന മുഖ്യ പ്രതി നൗഷാദിനെ പിടികിട്ടിയിട്ടില്ല. ഒട്ടേറെ ഓണ്‍ലൈൻ തട്ടിപ്പ് കേസുകളിലെ പ്രതിയാണ് നൗഷാദെന്നും സംഘം രണ്ട് കോടി രൂപയോളം പലരില്‍നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇൻഫോപാർക്ക് സി.ഐ. ജെ.എസ്. സജീവ് കുമാർ, എസ്.ഐ.മാരായ ടി.എസ്. അരുണ്‍കുമാർ, വി.എ. ബദർ, പോലീസുകാരായ വിനു, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.