സൂപ്പർബൈക്ക് നിർമാതാക്കൾ എന്ന ഇമേജിൽ നിന്നും സാധാരണക്കാരുടെ ബ്രാൻഡായി വളർന്ന കമ്പനിയാണ് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ട്രയംഫ് (Triumph). പ്രീമിയം ബൈക്കുകളുടെ കമനീയ ശേഖരമുള്ള ട്രയംഫ് പോയ വർഷമായിരുന്നു ഇന്ത്യയ്ക്ക് താങ്ങാനാവുന്ന ബജറ്റിൽ രണ്ട് 400 സിസി മോഡലുകളെ സമ്മാനിച്ചത്. ബജാജുമായി (Bajaj) സഹകരിച്ച് വികസിപ്പിച്ച സ്പീഡ് 400, സ്ക്രാംബ്ലർ 400 എന്നിവയെ ഇരുകൈയും നീട്ടി ആളുകൾ സ്വീകരിക്കുകയും ചെയ്‌തു. അങ്ങനെ ഇന്ത്യയിലെ ഇമേജ് പൊളിച്ചെഴുതിയ കമ്പനി പുതിയൊരു 660 സിസി ബൈക്കിനെ കൂടി രാജ്യത്തേക്ക് കൊണ്ടുവരികയാണ്.
പുതിയ തലമുറയിലേക്ക് ചേക്കേറിയ ഡേടോണ 660 നാളെ അതായത് ഓഗസ്റ്റ് 29-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. മോട്ടോർസൈക്കിൾ ഈ വർഷം ആദ്യം പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും നിർഭാഗ്യകരമായ കാരണങ്ങളാൽ പദ്ധതി വൈകുകയായിരുന്നു. പുതിയ മോട്ടോർസൈക്കിൾ ഇതിനകം തന്നെ ട്രയംഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയ മോഡലിനായുള്ള പ്രീ-ബുക്കിംഗും ഈ വർഷം ആദ്യം തുടങ്ങിയിരുന്നു.
ഇപ്പോഴും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ട്രയംഫ് ഷോറൂമുകൾ വഴിയോ ഓൺലൈനായോ 25,000 രൂപ ടോക്കൺ തുകനൽകി ഏറ്റവും പുതിയ ട്രയംഫ് ഡേടോണ പ്രീ-ബുക്ക് ചെയ്‌തിടാം. കുറച്ചുകാലമായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ട്രൈഡന്റ് 660 റോഡ്‌സ്റ്റർ മോഡലിന്റെ പ്ലാറ്റ്‌ഫോമിലാണ് ആധുനിക കാലത്തെ ഡേടോണ 660 നിർമിച്ചിരിക്കുന്നത്. റോഡ്‌സ്റ്ററിൽ നിന്നുള്ള അതേ 660 സിസി ഇൻലൈൻ-ട്രിപ്പിൾ എഞ്ചിനാണ് ഈ സ്പോർട്‌സ് ബൈക്കിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
എന്നാൽ 240-ഡിഗ്രി ഫയറിംഗ് ഓർഡർ ഉപയോഗിക്കുന്ന ഇൻ-ലൈൻ ത്രീ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ സ്പോർട്‌സ് ബൈക്കിന്റെ സ്വഭാവ സവിശേഷതകൾക്കനുസരിച്ച് റീട്യൂണിംഗ് ചെയ്‌തിട്ടുണ്ടെന്നാണ് ട്രയംഫ് പറയുന്നത്. അങ്ങനെ 11,250 ആപിഎമ്മിൽ 93.70 bhp പരമാവധി കരുത്തും 8,250 ആർപിഎമ്മിൽ 69 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഡേടോണയ്ക്കാവും. 80 ശതമാനം ടോർക്കും 3,125 ആർപിഎമ്മിൽ മാത്രം ലഭ്യമാണെന്ന് ട്രയംഫ് പറയുന്നു.
ഇത് സിറ്റി റൈഡിംഗിനായുള്ള ഡേടോണയുടെ റൈഡബിലിറ്റിക്ക് ഗുണം ചെയ്യുന്ന നീക്കമാണ്. ഡിസൈനിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ ടൈഗർ സ്‌പോർട്ട് 660 എഡിവിക്ക് ശേഷം ബ്രാൻഡ് അതിൻ്റെ പോർട്ട്‌ഫോളിയോയിൽ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ഫെയർഡ് മോട്ടോർസൈക്കിളാണ് ഡേടോണ 660. മാത്രമല്ല ആധുനിക സൂപ്പർസ്‌പോർട്ട് ഡിസൈൻ സൗന്ദര്യാത്മകവും ആളുകളെ മോഹിപ്പിക്കുമെന്നതിൽ സംശയമില്ല
ട്വിൻ എൽഇഡി ഹെഡ്‌ലൈറ്റുകളും ട്രയംഫ് ഡേടോണയുടെ സ്‌പോർട്ടി സ്വഭാവത്തെ എടുത്തു കാണിക്കുന്നുണ്ട്. മസ്ക്കുലർ ഫ്യൂവൽ ടാങ്കും ഫെയറിംഗും കൂടിയാവുന്നതോടെ ബൈക്ക് കളറാവുന്നുണ്ട്. പിന്നെ കുത്തനെ ഉയർത്തിയ ടെയിൽ സെക്ഷനും ബൈക്കിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്. സാറ്റിൻ ഗ്രാനൈറ്റ്, സഫയർ ബ്ലാക്ക്, കാർണിവൽ റെഡ് എന്നീ മൂന്ന് നിറങ്ങളിലാവും 2024 ഡേടോണ സ്വന്തമാക്കാനാവുക.
ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് വരികയാണെങ്കിൽ ട്യൂബുലാർ സ്റ്റീൽ പെരിമീറ്റർ ഫ്രെയിമിൽ നിന്നാണ് മോട്ടോർസൈക്കിളിൻ്റെ ഷാസി നിർമിച്ചിരിക്കുന്നത്. അതേസമയം സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത് മുന്നിൽ 41 mm ഷോവ SFF-BP അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ ഷോവ മോണോഷോക്കും ആണ് ട്രയംഫ് ഡേടോണ 660-യിൽ കൊടുത്തിരിക്കുന്നത്
റോഡ് സാഹചര്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസരണം ഡാംപിംഗ് സജ്ജീകരിക്കാൻ റൈഡറിന് പ്രീലോഡ് അഡ്ജസ്റ്റ്മെന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രേക്കുംഗിനായി ഡേടോണയിൽ മുൻവശത്ത് ഡ്യുവൽ 310 mm ഡിസ്കുകളും പിന്നിൽ 220 mm ഡിസ്ക്കുമാണ് സമ്മാനിച്ചിരിക്കുന്നത്. റൈഡർ എയ്‌ഡുകൾക്കായി മോട്ടോർസൈക്കിളിൽ റോഡ്, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡ് മോഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം ഡ്യുവൽ-ചാനൽ എബിഎസ്, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളും 660 സിസി മോഡലിന് ലഭിക്കും. വിലയുടെ കാര്യത്തിലേക്ക് വന്നാൽ ട്രയംഫിന്റെ സ്പോർട്‌സ് ബൈക്കിന് 9 ലക്ഷം മുതൽ 9.50 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. ഇന്ത്യയിലെ സൂപ്പർസ്‌പോർട്ട് സെഗ്‌മെൻ്റിൽ കവസാക്കി നിഞ്ച 650, അപ്രീലിയ RS 660 എന്നിവയ്‌ക്കെതിരയാവും ഡേടോണ 660 മത്സരിക്കുക.