തൃശൂർ: കേരളത്തില്‍ സജീവമായ നർക്കോട്ടിക് മാനുഫാക്ചറിംഗ് സെന്ററുകള്‍ കണ്ടെത്താനാകാതെ കേരള പോലീസും എക്സൈസും.
ഇതു സംബന്ധിച്ച, വർഷങ്ങളുടെ പഴക്കമുള്ള രഹസ്യാന്വേഷണ മുന്നറിയിപ്പു ഫയലുകള്‍ സേനാതലവൻമാരുടെ മേശപ്പുറത്തു പൊടിപിടിച്ചുകിടക്കുന്നു. ഇതിനിടെയാണ് ഹൈദരാബാദിലെ മയക്കുമരുന്നുനിർമാണകേന്ദ്രം തൃശൂർ സിറ്റി പോലീസ് കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ മയക്കുമരുന്നുനിർമാണം കണ്ടെത്താൻ പോലീസും എക്സൈസും സംയുക്ത ഓപ്പറേഷനു രൂപംനല്കി.
ഇത്രയും ആധുനികസംവിധാനങ്ങള്‍ ഉണ്ടായിട്ടും പോലീസിനോ എക്സൈസിനോ മയക്കുമരുന്നു നിർമാണകേന്ദ്രങ്ങളെക്കുറിച്ചു തുന്പുണ്ടാക്കാൻപോലും പറ്റാത്ത സാഹചര്യത്തിലാണ് മന്ത്രിതല ഇടപെടലിലൂടെ സംയുക്ത ഓപ്പറേഷനു തുടക്കമിടുന്നത്.
അന്വേഷണത്തില്‍ സഹകരിക്കാത്ത, ഇരുസേനകള്ക്കുമിടയിലുള്ള വല്യേട്ടൻമനോഭാവമാണ് അന്വേഷണം സ്തംഭിപ്പിച്ചിരുന്നത്. പരസ്പരം അറിയിക്കാതെയുള്ള ചില സമാന്തരനീക്കങ്ങള്‍ പരാജയപ്പെട്ടതോടെ സംയുക്തസേന ഉണ്ടാക്കാൻ മുകളില്‍നിന്നു കർശനനിർദേശം നല്‍കുകയായിരുന്നു.
പോലീസിന്റേതുപോലുള്ള സാങ്കേതികമികവും ആയുധങ്ങളും തങ്ങള്‍ക്കില്ലെന്ന ന്യായീകരണങ്ങളാണ് എക്സൈസ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ പലപ്പോഴും കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശ്വാസ്യമായ വിവരങ്ങള്‍ കിട്ടിയിട്ടും പിടിപ്പുകേടാണു പിടികൂടാൻ കഴിയാത്തതിനു കാരണമെന്നാണ് എക്സൈസിനെതിരേയുള്ള ആരോപണം.
എക്സൈസിനെ കൂടെക്കൂട്ടാതെയും വേണ്ടത്ര പിന്തുണ നല്‍കാതെയും പോലീസിന്റെ ഒറ്റയ്ക്കുള്ള നീക്കങ്ങളും പരാജയമായിരുന്നു. ഇതു കുറ്റവാളികള്‍ക്കു രക്ഷപ്പെടാനും കൂടുതല്‍ മയക്കമരുന്നു നിർമാണ കേന്ദ്രങ്ങള്‍ സംസ്ഥാനത്തു തഴച്ചുവളരാനും വഴിയൊരുക്കിയെന്നും ആക്ഷേപമുണ്ട്.
മയക്കുമരുന്ന് മിക്സിംഗ് കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നതു കാർട്ടലുകള്‍
തൃശൂർ: കേരളത്തിലെ മയക്കുമരുന്ന് മിക്സിംഗ് കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നതു കാർട്ടലുകള്‍ എന്നറിയപ്പെടുന്ന രാജ്യാന്തര മാഫിയാ സിൻഡിക്കറ്റുകള്‍.
വിദേശത്തുനിന്ന് അസംസ്കൃത രാസവസ്തുക്കള്‍ ഡാർക്ക്നെറ്റ് സൈറ്റുകള്‍ മുഖേന എത്തിച്ചാണ് ഡ്രഗ് മിക്സിംഗ് നടക്കുന്നത്. ഇടപാടുകള്‍ക്കു ക്രിപ്റ്റോ കറൻസികളാണ് ഉപയോഗിക്കുന്നത്. ചരക്കുകൈമാറ്റം അന്താരാഷ്ട്ര തപാല്‍ സംവിധാനത്തിലൂടെ നടത്തുന്നതായി മുൻകാലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്