കൊച്ചി: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈകോടതി.
കേസില്‍ എന്തുകൊണ്ടാണ് മത സ്പർധ വളർത്തിയതിനുള്ള 153 എ വകുപ്പ് ചേർക്കാതിരുന്നത്. സമാനമായ കേസുകളില്‍ ഈ വകുപ്പ് ചേർക്കാറുണ്ടല്ലോ. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ ചോദ്യം ചെയ്തതായും കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചു.
എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പൊലീസിന് വ്യക്തമായ നിർദേശം നല്‍കിയത്.
പൊലിസിന്റെ നിലവിലുള്ള അന്വേഷണത്തില്‍ കോടതി തൃപ്തി പ്രകടപ്പിക്കുന്നുണ്ടെങ്കിലും ചിലകാര്യങ്ങളിലെ വിയോജിപ്പ് കൃത്യമായി അറിയിക്കുകയും ചെയ്തു. മുഴുവൻ ആളുകളെയും ചോദ്യം ചെയ്ത സ്ക്രീൻ ഷോട്ടിന്റെ കൃത്യമായ ഉറവിടെ കണ്ടെത്തണെന്നും കോടതി ഓർമിച്ചു. വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പൂർണമായും നീക്കംചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അന്തിമ വാദം സെപ്റ്റംബർ ആറിന് നടക്കും.