ഇന്ത്യയില്‍ ഏറ്റവും മികച്ച വളര്‍ച്ചയുള്ള വാഹന വിഭാഗം ഇലക്ട്രിക് ടുവീലറുകളുടേതാണ്. ഓരോ ദിവസവും പുതിയ മോഡലുകളാണ് ഈ വിഭാഗത്തില്‍ വിപണിയില്‍ എത്തുന്നത്. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പൊതുവേ പ്രവര്‍ത്തനച്ചെലവ് കുറഞ്ഞ ഇവികളിലേക്കുള്ള മാറ്റം എളുപ്പമാക്കുകയാണ് കമ്പനികള്‍. ധാരാളം മോഡലുകള്‍ ഇന്ന് ലഭ്യമായതിനാല്‍ അതില്‍ നിന്ന് ഇഷ്ടമുള്ള ചോയ്‌സ് തെരഞ്ഞെടുക്കാം. മുന്‍നിര ബ്രാന്‍ഡുകള്‍ക്കൊപ്പം തന്നെ നിരവധി സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകളും ഇന്ത്യയുടെ ഇവി വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നു. കേന്ദ്ര സര്‍ക്കാറിനൊപ്പം വിവിധ സംസ്ഥാന സര്‍ക്കാറുകളും ഇതിന് പിന്തുണയുമായി ഒപ്പമുണ്ട്.
പവര്‍ട്രാന്‍സ് മൊബിലിറ്റി ലിമിറ്റഡിന് കീഴില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട് മൊബിലിറ്റി ബ്രാന്‍ഡായ ഡിയോണ്‍ ഇലക്ട്രിക് വെഹിക്കിള്‍സ് കഴിഞ്ഞ ദിവസം കമ്പനി രണ്ട് പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 2020-ല്‍ ആരംഭിച്ച ഡിയോണ്‍ ഇലക്ട്രിക് വെഹിക്കിള്‍സ് അത്യാധുനിക സാങ്കേതികവിദ്യകളോടെ അഗസ്റ്റ SP, ആസ്റ്റ FH എന്നീ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇലക്ട്രിക് വാഹന വിപണിയില്‍ നവീകരണം തുടരുകയാണ്
നിലവില്‍ ഏഴ് മോഡലുകള്‍ ഉള്‍പ്പെടുന്ന ഇവി നിരയുള്ള കമ്പനിക്ക് മൊത്തമായി മൂന്ന് ഷോറൂമുകളും അഞ്ച് സര്‍വീസ് സെന്ററുകളുമാണുള്ളത്. പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്തതിനൊപ്പം ചെന്നൈയിലെ രാമപുരത്ത് കമ്പനി പുതിയ ഷോറൂമും ആരംഭിച്ചു. ക്ഷീര വികസന മന്ത്രി മനോ തങ്കരാജ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഒരു സേവന ദാതാവുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് തമിഴ്നാട്ടിലുടനീളം 256 സ്റ്റേഷനുകളില്‍ വാഹനം സര്‍വീസ് ചെയ്യാം
തമിഴ്‌നാട്ടിലെ എംഎസ്എംഇ, അര്‍ബന്‍ ഹാബിറ്റേഷന്‍ ഡെവലപ്മെന്റ് ബോര്‍ഡ് മന്ത്രി ടിഎം അന്‍ബരശന്‍ പുതിയ ഇവികള്‍ പുറത്തിറക്കി. അഗസ്റ്റ SP ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ 7.5 കിലോവാട്ട് പീക്ക് പിഎംഎസ്എം ഹബ് മോട്ടോര്‍ ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇ-സ്‌കൂട്ടറിനെ പ്രാപ്ത്മാക്കുന്നു.
ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 4.3 KW ലിഥിയം-അയണ്‍ ട്രാക്ഷന്‍ ബാറ്ററിയാണ് അഗസ്റ്റ SP മോഡലിന് കരുത്തേകുന്നത്. അതേസമയം മികച്ച പെര്‍ഫോമന്‍സിനായാണ് ആസ്റ്റ FH ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1Kva ചാര്‍ജര്‍ ഉപയോഗിച്ച് 4-5 മണിക്കൂറിനുള്ളില്‍ രണ്ട് മോഡലുകളും ഫുള്‍ ചാര്‍ജ് ചെയ്യാം. സുരക്ഷയ്ക്കായി നൂതന ബ്രേക്കിംഗ് സംവിധാനങ്ങളും സൗകര്യത്തിനുമായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്
അതേസമയം റിയര്‍ സസ്‌പെന്‍ഷന്‍ ഇരുമോഡലുകളിലും വ്യത്യാസപ്പെടുന്നു. സ്പ്രിംഗ് ലോഡ് ഹൈഡ്രോളിക് സസ്‌പെന്‍ഷനാണ് അഗസ്റ്റ SP ഇ-സ്‌കൂട്ടറിന് ലഭിക്കുന്നത്. അതേസമയം ആസ്റ്റ FH പിന്നില്‍ മോണോ സ്പ്രിംഗ് ലോഡ് ഹൈഡ്രോളിക് സജ്ജീകരണത്തോടെയാണ് വരുന്നത്.ആന്റി തെഫ്റ്റ് ലോക്കുകള്‍, എല്‍ഇഡി ലൈറ്റിംഗ് സംവിധാനങ്ങള്‍ ഈ സ്‌കൂട്ടറുകളുടെ ഫീച്ചര്‍ ലിസ്റ്റില്‍ പെടുന്നു.
വിലകള്‍ നോക്കിയാൽ അഗസ്റ്റ SP നിരത്തിലെത്തിക്കാന്‍ ഓണ്‍റോഡ് വിലയായി 1,79,750 രൂപ മുടക്കണം. അതേസമയം ആസ്റ്റ FH-ന്റെ വില 1,29,999 രൂപയാണ്. ഉദ്ഘാടന ഓഫറിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 22000 രൂപ വരെ ഡിയോണ്‍ വാഗ്ദാനം ചെയ്യുന്നു. 2024 സെപ്റ്റംബര്‍ 23 വരെ മാത്രമാണ് ഈ ഓഫറുകള്‍ക്ക് സാധുതയുള്ളത്
വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 999 രൂപ നല്‍കിയാല്‍ ഇ-സ്‌കൂട്ടര്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. നിലവില്‍ തമിഴ്‌നാട്ടില്‍ മാത്രമേ വാഹനം ലഭ്യമാകു. രാജ്യവ്യാപകമായി കൂടുതല്‍ ഷോറൂമുകളും സര്‍വീസ് സെന്ററുകളും സ്ഥാപിച്ച് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ത്രീ-വീലര്‍, ടു വീലര്‍ സെഗ്മെന്റുകളിലായി ഡിയോണ്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെയും ഘടകങ്ങളുടെയും നിര്‍മ്മാണത്തിന് പേരുകേട്ട പവര്‍ട്രാന്‍സ് മൊബിലിറ്റി ലിമിറ്റഡ്, ചാര്‍ജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നു. ഗവേഷണ-വികസനം, ഡിസൈന്‍, നിര്‍മ്മാണം എന്നിവയ്ക്കായി സമര്‍പ്പിത ടീമുകളെ നിലനിര്‍ത്തിക്കൊണ്ട് ഇലക്ട്രിക് ബൈക്കുകള്‍, ഇ-സ്‌കൂട്ടറുകള്‍, ഇലക്ട്രിക് ലോഡറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിയോണ്‍ ഉല്‍പ്പന്നങ്ങളുടെ പെര്‍ഫോമന്‍സിനെ കുറിച്ച് വിപണിയില്‍ നിന്ന് മികച്ച അഭിപ്രായമാണ് പുറത്ത് വരുന്നത്.