തിരുവനന്തപുരം : ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിച്ച് കോടതി . ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ 2 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
പിഴ തുക കുട്ടിക്ക് നല്‍കണമെന്ന് വിധിയില്‍ ഉണ്ട്. 2022 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ വീടിനോടു ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്.
കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതിയെ വളർത്തിയതും പൂജാദി കർമ്മങ്ങള്‍ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പൻ ആണ്. അങ്ങനെ തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് പ്രതിയെ താമസിപ്പിക്കുകയായിരുന്നു.
അങ്ങനെ ഇരിക്കെ സംഭവ ദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവ ദിവസം കൂടാതെ പീഡനത്തിന് പലതവണ ഇരയായി എന്ന് കുട്ടി കോടതിയില്‍ മൊഴി നല്കി.
പീഡനത്തില്‍ ഭയന്ന കുട്ടി ആദ്യം പുറത്ത് പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോള്‍ മാമിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു.
തുടർന്നാണ് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ പ്രവൃത്തി സമൂഹത്തില്‍ തെറ്റായ സന്ദേശം നല്കുന്നതാണെങ്കിലും പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളും 24 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി.