കുഞ്ഞുനാളില്‍ സ്കൂള്‍ അവധി യാത്രകള്‍ എന്നും ഉമ്മിച്ചിയുടെ വീട്ടിലേക്കായിരിക്കും… നീണ്ട വേനലവധിയും കഴിഞ്ഞ് മനസ്സില്ലാ മനസ്സോടെ തിരികെ വീട്ടിലേക്ക് മടങ്ങാൻ നില്‍ക്കുമ്ബോള്‍ വെല്ലുമ്മയുടെ (മുത്തശ്ശി) ഒരു വരവുണ്ട്…
നിറകണ്ണുകളോടെ കൈകളില്‍ ചുരുട്ടിപ്പിടിച്ച മുഷിഞ്ഞ ഒന്നോ രണ്ടോ 10 രൂപ നോട്ടുകള്‍ എന്‍റെ ഷർട്ടിന്‍റെയോ ട്രൗസറിന്‍റെയോ പോക്കറ്റിലേക്ക് തിരുകിവെച്ച ശേഷം പറയും…
”മോൻ ഇഷ്ടമുള്ളത് വാങ്ങിച്ചോ…” വലിയ ലോട്ടറി കിട്ടിയ അനുഭൂതി… വിയർപ്പില്‍ അലിഞ്ഞു ചേർന്ന ആ നോട്ടുകള്‍ക്ക് കടലാസിന്‍റെ മണമായിരുന്നില്ല. വെല്ലുമ്മയുടെ കരുതലിന്‍റെ, പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹത്തിന്‍റെ ഗന്ധമായിരുന്നു.
തറവാടിന്‍റെ പടി കടന്ന് റോഡിലേക്ക് ഇറങ്ങുമ്ബോഴും വെല്ലുമ്മയുടെ കണ്ണുകള്‍ നമ്മുടെ പിറകെത്തന്നെയായിരിക്കും… അങ്ങ് ദൂരെ എത്തി കൈവീശി കാണിക്കുമ്ബോഴും നമ്മളെത്തന്നെ നോക്കി വീടിന്‍റെ കോലായില്‍ നിറകണ്ണുകളോടെ നില്‍ക്കുന്ന വെല്ലുമ്മയുടെ രൂപം അത്രമേല്‍ മനസ്സില്‍ പതിഞ്ഞതാണ്…
ഇന്നും ഇടക്ക് വെല്ലുമ്മ ചില സ്വപ്നങ്ങളില്‍ എന്‍റെ ചാരെ വന്നിരുന്ന് നെറ്റിയില്‍ മൃദുവായി തടവി വിശേഷങ്ങള്‍ ചോദിച്ചറിയുന്നതായി തോന്നാറുണ്ട്. വർഷങ്ങള്‍ക്കുമുമ്ബ് ഒരു മഴയുള്ള ദിവസം വെള്ളത്തുണിയില്‍ പൊതിഞ്ഞ് പള്ളിയിലേക്ക് അന്ത്യവിശ്രമത്തിനായി കൊണ്ടുപോയ വെല്ലുമ്മയെ ഞാൻ അധികം ഓർക്കുന്നില്ല…
ഓർക്കാൻ ശ്രമിക്കാറില്ല… ആ ഓർത്തെടുക്കല്‍ ഒരു നൊമ്ബരമാണ് എന്ന തിരിച്ചറിവാകാം ആ ഓർമകളെ പിന്തുടരാതെ വിട്ടുകളയുന്നത്.
മുതിർന്നതോടെ തറവാട്ടിലേക്കുള്ള യാത്രകള്‍ വളരെയധികം ചുരുങ്ങി. ഇന്നും സ്കൂള്‍ അവധികളില്‍ വെല്ലുമ്മ ഞങ്ങളെയും പ്രതീക്ഷിച്ച് തറവാടിന്‍റെ കോലായില്‍ എവിടെയോ നില്‍ക്കുന്നതായി എനിക്ക് തോന്നാറുണ്ട്.
എന്‍റെ നേർക്ക് ഒരുപാട് നീട്ടിവീശിയ ആ കൈകള്‍ അവിടെത്തന്നെയുണ്ട് എന്ന ബോധ്യത്തില്‍ തറവാടിന്‍റെ മുന്നിലൂടെ കടന്നുപോകുമ്ബോഴും ‘മോനേ’ എന്നൊരു പിൻവിളി കാതുകളില്‍ മുഴങ്ങുന്നതായി തോന്നാറുണ്ടോ? മോൻ എന്തേ ഇങ്ങോട്ടൊന്നും വരാത്തതെന്ന ചില പരിഭവം പറച്ചിലുകള്‍ കേട്ടതായി തോന്നിയോ? അറിയില്ല…
ആ ഓർമകളില്‍നിന്ന് ഉണരുമ്ബോള്‍ ബോധപൂർവം എന്‍റെ കണ്‍പോളകളില്‍ ഒളിപ്പിക്കാൻ ശ്രമിക്കുന്ന കണ്ണുനീർ തുള്ളികള്‍ ഞാൻ അറിയാതെ എന്‍റെ കണ്‍തടങ്ങളിലൂടെ ഊർന്നിറങ്ങുമ്ബോള്‍… അപ്പോള്‍ ഞാൻ അനുഭവിക്കുന്ന നൊമ്ബരമാകാം വെല്ലുമ്മയും കൊച്ചുമോനും തമ്മിലുണ്ടായ ഒരു ആത്മബന്ധം കണ്ണീരിലൂടെ എന്നെത്തന്നെ ബോധ്യപ്പെടുത്തുന്നത്.
ഈ വർത്തമാനകാലത്തിലും ഞാൻ ഒന്ന് കാലിടറുമ്ബോള്‍, ചില നേരങ്ങളില്‍ ഒറ്റക്കാകുമ്ബോള്‍, കൂട്ടിരിക്കാൻ… എന്‍റെ സന്തോഷങ്ങളില്‍ കൂടെ ചിരിക്കാൻ… സങ്കടങ്ങളില്‍ എന്നെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ അങ്ങ് ദൂരെ കാണാമറയത്ത് നമ്മളെ നോക്കി വെല്ലുമ്മ ഇരിക്കുന്നുണ്ടാകും എന്ന ചില കരുതലുകള്‍, ആ പ്രതീക്ഷകള്‍ എന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താണ്.
യാഥാർഥ്യങ്ങള്‍ക്കപ്പുറം ആ പ്രതീക്ഷകള്‍ അതങ്ങനെത്തന്നെ നിന്നോട്ടെ. അദൃശ്യമായ ചില തലോടലുകളും സാന്ത്വനങ്ങളുമായി നമ്മുടെ പ്രിയപ്പെട്ടവർ എന്നും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്