പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച് ഫോണുകള്‍ അപ്ഗ്രേഡ് ചെയ്യുന്നവരാണ്… എന്നാലങ്ങനെ അല്ലാത്തവരുമുണ്ട്.
കേടാകുന്നത് വരെ ഫോണ്‍ ഉപയോഗിക്കുന്നവർ. ഇനി കയ്യില്‍ ഇരിക്കുന്ന ഫോണ്‍ വർഷങ്ങള്‍ പഴക്കമുള്ളതാണെങ്കില്‍, സ്ഥിരമായി വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവർക്ക് പണികിട്ടും. വാട്‌സ്‌ആപ്പ് ആപ്ലിക്കേഷൻ ഇത്തരം ഫോണില്‍ പ്രവർത്തനം നിർത്തിയേക്കാം.
വിവിധ ഐഒഎസ്, ആൻഡ്രോയിഡ് മോഡലുകളില്‍ വാട്‌സ്‌ആപ്പ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നത്. ആപ്പിള്‍, സാംസങ്, മോട്ടോറോള അടക്കം 35 സ്മാര്‍ട്ട്‌ഫോണുകളില്‍ വൈകാതെ തന്നെ വാട്‌സ്‌ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിന്റെ പ്രകടനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് വാട്സ്‌ആപ്പ് ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്.
സാംസങ്ങിന്റെ ഗാലക്സി നോട്ട് 3, ഗാലക്സി എസ് 3 മിനി, ഗാലക്സി എസ് 4 മിനി, മോട്ടോറോളയുടെ മോട്ടോ ജി, മോട്ടോ എക്സ് എന്നിങ്ങനെ നിരവധി ഫോണുകളില്‍ ഭാവിയില്‍ വാട്സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആപ്പിളിന്റെ ഐഫോണ്‍ 6, ഐഫോണ്‍ എസ്‌ഇ മോഡലുകളെയും പിന്തുണയ്‌ക്കുന്നത് വൈകാതെ തന്നെ വാട്‌സ്‌ആപ്പ് അവസാനിപ്പിക്കും. 2024 അവസാനത്തോടെ ആപ്പ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിന്തുണ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.