വയനാടിന്റെ കണ്ണീരൊപ്പാന്‍ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി മുസ്‌ലിം ലീഗ് നടത്തിവരുന്ന പുനരധിവാസ ഫണ്ട് സമാഹരണം ഇന്ന് സമാപിക്കും.
ഇന്ന് അര്‍ധരാത്രിയോടെയാണ് ഫണ്ട് സമാഹരണം പൂര്‍ത്തിയാകുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടമായവര്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികള്‍ മുസ്‌ലിം ലീഗ് നടപ്പാക്കിവരികയാണ്.
691 കുടുംബങ്ങള്‍ക്ക് 15,000 രൂപ വീതവും 54 വ്യാപാരികള്‍ക്ക് അര ലക്ഷം രൂപ വീതവും അടിയന്തര സഹായം ഇതിനകം വിതരണം ചെയ്തു. വാഹനങ്ങള്‍ നഷ്ടമായവര്‍ക്ക് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. ധനസമാഹരണം ഇതിനകം 32 കോടി കവിഞ്ഞു.
100 വീടുകള്‍ ഉള്‍പ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്‌ലിം ലീഗ് നടപ്പാക്കുന്നത്. വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പില്‍ പ്രദര്‍ശിപ്പിക്കുന്നത് ക്യാമ്ബയിന്‍ അവസാനിച്ച ശേഷവും തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളില്‍ യോഗം ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
മുസ്‌ലിം ലീഗിന്റെ പുനരധിവാസ ഫണ്ടിന് വിവിധ മേഖലകളില്‍നിന്ന് മികച്ച സഹായവും പ്രതികരണവുമാണ് ലഭിച്ചത്. ഇന്ന് അര്‍ധരാത്രിക്ക് ശേഷം ഫണ്ടുകള്‍ സ്വീകരിക്കില്ലെന്നും അതിന് മുമ്ബ് തന്നെ ആപ്പ് വഴി തുക നിക്ഷേപിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.