ഡല്‍ഹി: ബീഫിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു.
കഴിഞ്ഞ 27ന് ചർഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്.
ആക്രിത്തൊഴിലാളിയായ സാബിറിനെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കാനുണ്ടെന്ന വ്യാജേന ഒരു കടയിലേക്ക് വിളിച്ചുവരുത്തിയശേഷം പ്രതികള്‍ ക്രൂരമായി മർദിച്ചു. സമീപവാസികള്‍ ഇടപെട്ടതോടെ സാബിറിനെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദിച്ച് കൊല്ലപ്പെടുത്തുകയായിരുന്നു. സാബിറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും മർദനമേറ്റു. ബന്ധാര ഗ്രാമത്തിനടുത്തുള്ള ഒരു കുടിലില്‍ താമസിച്ചുവന്നിരുന്ന സാബിർ, ആക്രി പെറുക്കി വിറ്റാണ് ജീവിച്ചിരുന്നത്.
സംഭവത്തില്‍ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം ഏഴു ഗോരക്ഷാ ഗുണ്ടകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബി.ജെ.പി സർക്കാറിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. കഴിഞ്ഞ 10 വർഷത്തിനിടെ, ഹരിയാനയില്‍ ഗോരക്ഷാ ഗുണ്ടകളുടെ നേതൃത്വത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്.
2023 ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയില്‍ നിന്നുള്ള രണ്ട് മുസ്ലിം യുവാക്കളെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി ഗോരക്ഷാ ഗുണ്ടകള്‍ കാറിനുള്ളിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയിരുന്നു. നാസിർ (25), ജുനൈദ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലോഹരു പട്ടണത്തിന് സമീപം കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊലപാതകത്തില്‍ ബജ്റങ്ദള്‍ നേതാവും ഗോരക്ഷാ സേനാ തലവനുമായ മോഹിത് യാദവ് എന്ന മോനു മനേസർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.