കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വേദനകളില്‍ നീറുന്ന വയനാടിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ ഫണ്ട് സമാഹരണം പൂർത്തിയായി.
36,08,11,688 കോടി രൂപയാണ് സമാഹരിച്ചത്. പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടന്നത്. ഇതുകൂടാതെ 22 വീടുകളുടെ നിർമാണത്തിനുള്ള തുകയും രണ്ട് ഏക്കർ 10 സെന്റ് ഭൂമിയും സുമനസ്സുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുസ്ലിം ലീഗ് അറിയിച്ചു.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടമായവർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികള്‍ ഫണ്ട് സമാഹരണത്തോടൊപ്പം ലീഗ് നടപ്പാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ വീതവും 57 വ്യാപാരികള്‍ക്ക് അര ലക്ഷം രൂപ വീതവും അടിയന്തര സഹായം വിതരണം ചെയ്തു. വാഹനങ്ങള്‍ നഷ്ടമായവർക്ക് നാല് ജീപ്പുകളും മൂന്ന് ഓട്ടോറിക്ഷകളും രണ്ട് സ്കൂട്ടറുകളും കൈമാറി.
100 വീടുകള്‍ ഉള്‍പ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്ലിം ലീഗ് നടപ്പാക്കുന്നത്. വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പില്‍ പ്രദർശിപ്പിക്കുന്നത് ക്യാമ്ബയിൻ അവസാനിച്ച ശേഷവും തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളില്‍ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കും. ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ അധ്വാനിച്ച പാർട്ടി ഘടകങ്ങള്‍ക്കും പ്രവർത്തകർക്കും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ കൃതജ്ഞത അറിയിച്ചു.