മലപ്പുറം: മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി.
2023 ആഗസ്റ്റ് ഒന്നിനാണ് എസ്.പിയുടെ പ്രത്യേകസംഘം (ഡാൻസാഫ്) കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി പൊലീസുകാരുടെ ക്രൂരമർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. അനുജൻ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ക്കും സഹായത്തിനും മറ്റുമായി പലരെയും കാണാൻ ചെന്നപ്പോള്‍ എസ്.പിയുടെ ക്രൂരതയെക്കുറിച്ചാണ് മിക്കവർക്കും പറയാനുണ്ടായിരുന്നതെന്ന് ഹാരിസ് ജിഫ്രി പറഞ്ഞു. മൂന്നരക്കൊല്ലം മലപ്പുറത്ത് എസ്.പിയായിരിക്കെ അയാള്‍ ചെയ്തുകൂട്ടിയത് ഇതുപോലുള്ള കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
‘അനുജൻ മരിച്ച് ഒരുവർഷം കഴിഞ്ഞുള്ള അൻവർ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ സാഗതാർഹമാണ്. എസ്.പി സുജിത് ദാസിനെതിെര പലരും കേസ് കൊടുത്തിട്ടുണ്ട്. എന്നാല്‍, അൻവർ എം.എല്‍.എ കേസ് പിൻവലിക്കണമെന്നാണ് സുജിത് ദാസ്ഫോണില്‍ ആവശ്യപ്പെടുന്നത്. കാരണം ബാക്കിയുള്ള കേസുകളെല്ലാം ഒതുക്കിത്തീർക്കാൻ അയാള്‍ക്ക് ശേഷിയുണ്ട്. എം.എല്‍.എ ഹൈ പ്രൊഫൈല്‍ ആയതിനാല്‍ ആ കേസ് മാത്രം എസ്.പിക്ക് പേടിയുണ്ട്. സാധാരണക്കാരുടെ കേസ് എന്തും ചെയ്യാമെന്ന് അയാള്‍ക്ക് ധൈര്യമുണ്ട്. ഭീഷണിപ്പെടുത്തിയും കാലുപിടിച്ചും ഇല്ലാതാക്കും.
സുജിത് ദാസ് ജയിലില്‍ കിടക്കേണ്ട ആളാണ് എന്ന് അൻവർ പറഞ്ഞത് ശരിയാണ്. മൂന്നരക്കൊല്ലം അയാള്‍ മലപ്പുറത്ത് എസ്.പി ആയിരിക്കെ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഇതുപോലുള്ളതാണ്. അനുജൻ കൊല്ലപ്പെടുന്നതിന് മുമ്ബ് ഈ എസ്.പിയെക്കുറിച്ച് അറിയില്ലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പലരെയും കണ്ടപ്പോള്‍ മലപ്പുറം എസ്.പിയുടെ സമാന രീതിയിലുള്ള സംഭവങ്ങളെ കുറിച്ച് അവരെല്ലാം പറയുന്നുണ്ട്. മർദനറ്റേതും കള്ളക്കേസില്‍ കുടുക്കിയതും കരിപ്പൂർ വിമാനത്താവളമായി ബന്ധപ്പെട്ടതുമൊക്കെ പലരും പറയുന്നുണ്ട്. മൂന്നരവർഷം ഇയാള്‍ മലപ്പുറം ചെയ്ത് കൂട്ടിയത് ഇത്തരം കാര്യങ്ങളാണ്. ‘താൻ ഇപ്പോള്‍ സമാധാനത്തോടെ ഇരിക്കുകയാണ്, അൻവർ സമാധാനം കെടുത്തരുത്’ എന്നാണ് സുജിത് ദാസ് പറയുന്നത്. മറ്റുള്ളവരെ കൊന്നും കൈയുംകാലും അടിച്ചൊടിച്ചുമാണോ അയാള്‍ സമാധാനത്തില്‍ ഇരിക്കേണ്ടത്? പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എസ്.പി സുജിത് ദാസിനെയും അൻവറിനെയും വിശദമായി ചോദ്യം ചെയ്ത് തെളിവെടുക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐക്ക് ഇമെയില്‍ അയക്കും’ – ഹാരിസ് ജിഫ്രി പറഞ്ഞു.
2023 ആഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്ബുറം മാളിയേക്കല്‍ വീട്ടില്‍ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം. താമിർ ജിഫ്രി ഉള്‍പ്പടെയുള്ള യുവാക്കളെ ചേളാരിയിലെ വാടകമുറിയില്‍ നിന്നാണ് ഡാൻസാഫ് സംഘം കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, എം.ഡി.എം.എ കഴിച്ചാണ് മരിച്ചതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ ക്രൂരമർദനമേറ്റതിന്റെ തെളിവുകള്‍ പുറത്തുവന്നു.
തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ താമിര്‍ ജിഫ്രിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. വേണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. ആഗസ്റ്റ് ഒമ്ബതിന് കേസ് ഏറ്റെടുത്ത സി.ബി.ഐ, മേയ് നാലിന് പുലർച്ചെ ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാല്‍, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചതു. കൊലപാതകക്കുറ്റം ചുമത്തിയാണ് സിബിഐ നാല് പ്രതികളെയും കസ്റ്റഡിയില്‍ എടുത്തിരുന്നത്. എട്ട് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലില്‍ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കലില്‍ വെക്കല്‍, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കല്‍, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കല്‍, 323-ദേഹോപദ്രവം ഏല്‍പിക്കല്‍, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏല്‍പിക്കല്‍, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.