ഉരുൾ തകർത്ത വെള്ളാർമല ജിവിഎച്ച്എസും മുണ്ടക്കൈ ജിഎൽപിഎസും നാളെ വീണ്ടും തുറക്കും. മേപ്പാടിയിൽ പൂർണ സൗകര്യത്തോടെ ഒരുക്കിയ ക്ലാസ് മുറികളിലാണ് സ്കൂൾ പ്രവർത്തിക്കുക. ജനകീയ ഉൽസവമായി നാളെ പുനർപ്രവേശനോൽസവം നടക്കും. നാളെയാണ് അതിജീവനത്തിൻ്റെ ബെല്ലടി മുഴങ്ങുക. അന്നത്തെ മുണ്ടകൈ സ്കൂളിലേക്കും വെള്ളാർമല സ്കൂളിലേക്കും ഒരിക്കൽ കൂടി കുട്ടികളെത്തും. മഹാ ദുരന്തത്തിൽ പാടെ തകർന്നില്ലാതായ ഇരു സ്‌കൂളുകളും മേപ്പാടിയിലാണ് താൽകാലികമായ ക്രമീകരിച്ചത്. മേപ്പാടി സ്കൂളിൽ വെള്ളാർമല സ്കൂകൂളും സമീപത്തെ എ പി ജെ ഹാളിൽ മുണ്ടകൈ സ്കൂളും പ്രവർത്തിക്കും..
489 പേരുണ്ടായിരുന്ന വെള്ളാർമല സ്കൂളിൽ 42 ഓളം കുട്ടികൾ അപകടത്തിൽ പെട്ടിട്ടുണ്ട്. 65 കുട്ടികളുണ്ടായിരുന്ന മുണ്ടക്കൈ സ്കൂളിൽ 11 പേരും ഉരുളിലകപ്പെട്ടു. ആ പ്രിയപ്പെട്ടവരില്ലാതെയാണ് കുട്ടികൾ സ്കൂളിലെത്തുക. ഒരുക്കങ്ങളെല്ലാം പൂർത്തിയായി, അവസാന വട്ട മിനുക്കു പണിയിലാണ് അധ്യാപകരും വൈറ്റ് ഗാർഡ് പ്രവർത്തകരും. പ്രീപ്രൈമറി കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ചായം പൂശിയ ക്ലാസ്സ് മുറികളും ആകർഷണീയമാക്കിയിട്ടുണ്ട് നാളെ 10 മണിക്ക് നടക്കുന്ന പുനർപ്രവേശനോൽസവം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അതിജീവനത്തിൻറെ ഏറ്റവും വലിയ മുഹൂർത്തം നാടിന്റെ ഉത്സവമാക്കാനാണ് നാട്ടുകാരുടെ ശ്രമം.