ജനനം…
അല്ലാഹുവിൻ്റെ തിരുനബി (സ) യുടെ കാലം തൊട്ടേ പരിശുദ്ധ ഇസ്ലാമിൻ്റെ സന്ദേശം എത്തിയ മലയാളക്കരയിൽ, പുരാതനകാലം മുതൽ തന്നെ അറബികളുമായുള്ള വ്യാപാര ബന്ധങ്ങളും ഉണ്ടായിരുന്നു. പ്രകൃതി രമണീയമായ കോഴിക്കോടിനെ അറബികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അയവിറക്കാൻ ഏറെ വീര സ്മരണകളുള്ള കോഴിക്കോട് പട്ടണത്തിൽ നിന്നും ഏതാണ്ട് പതിനഞ്ച് കിലോ മീറ്റർ വടക്കു കിഴക്കു മാറി സ്ഥിതി ചെയ്യുന്ന അത്തോളി എന്ന ഗ്രാമത്തിനും ഏറെ വിശേഷണങ്ങൾ പറയാനുണ്ട്.
പുരാണങ്ങളിലും ഐതിഹ്യങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് കരുതുന്ന അത്തോളിയുടെ പ്രശസ്തി വാനോളമുയർത്താൻ ഒരു മനുഷ്യൻ അവിടെ ജനിച്ചിരുന്നു അത്തോളിക്ക് അത്തറിൻ്റെ മണം പകർന്ന ഒരു നാട്ടുരാജകുമാരൻ.
1920 കാലം ലോക മുസ്ലിം ചരിത്രത്തിൽ തന്നെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ വർഷങ്ങളായിരുന്നു. തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ
സ്ഥാനഭ്രഷ്ടനാക്കിയതിൽ പ്രതിഷേധിച്ച് ലോക വ്യാപകമായി ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടതും ആലി മുസ്ല്യാരുടെയും വിരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും നേതൃത്വത്തിൽ മലബാറിലെ ഐതിഹാസികമായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടത്തും ഇരുപതുകളുടെ ആരംഭത്തിലാണല്ലോ. കേരളത്തിലെ പ്രമുഖ മത സംഘടനകളായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കേരള ജംഇയ്യത്തുൽ ഉലമ (മുജാഹിദ്)യും രൂപം കൊണ്ടതും ഇരുപതുകളുടെ മധ്യത്തോടെയാണ്. 1927 ലാണ് സ്മര്യ പുരുഷൻ്റെ ജനനം നടക്കുന്നത്.
പയ്യം പുനത്തിൽ കോയോട്ടി എന്നവരുടെ ഏഴു മക്കളിൽ അഞ്ചാമനായ ആലി മുസ്ല്യാർ ഒരു മഹാ പണ്ഡിതനൊന്നുമായിരുന്നില്ല. എങ്കിലും അത്യാവശ്യത്തിന് മത വിദ്യാഭ്യാസവും കൂടെ യുനാനി വൈദ്യവും പഠിച്ച, പട്ടിണിയും പ്രാരാബ്ധവുമായി കഴിഞ്ഞു കൂടിയ സാദാ ഒരു നാട്ടു വൈദ്യൻ. അദ്ദേഹത്തിൻ്റെ സുഖ ദു:ഖങ്ങളിൽ പങ്കാളിയായി, ചെറിയാരം കണ്ടി ഫാത്തിമയുടെയും ഹസ്സൻ്റെയും മകളായ മറിയുമ്മയെ വിവാഹം ചെയ്തത് 1923 ലായിരുന്നു. മറിയുമ്മക്കും പത്ത് സഹോദരങ്ങളുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞു മുന്ന് വർഷമാവുന്നു. ഒരു സന്താനക്കൊതി ഇരുവർക്കുമുണ്ട്. അല്ലാഹുവിൻ്റെ തീരുമാനത്തിനായി കാത്തിരുന്നു. നാലാം വർഷത്തിലേക്ക് കടക്കവെ ആഹ്ളാദകരമായ ഒരു വാർത്ത മറിയുമ്മ ഭർത്താവിൻ്റെ കാതിൽ പറഞ്ഞു. താനൊരു പിതാവാകാൻ പോകുന്നതിൻ്റെ സന്തോഷ ദിനം അടുത്തു വരുന്തോറും ആലി മുസ്ല്യാർക്ക് ആധികൂടി വരികയാണ്. കൂട്ടു കുടുംബമായി കഴിയുന്ന കൂരയിൽ പുതിയൊരംഗത്തെ പ്രതീക്ഷിച്ച് ദിനങ്ങൾ എണ്ണി നീക്കുകയാണ്.
1927 ജൂലൈ 15 ന് കാലത്ത് വീടിന് പുറത്ത് സുഹൃത്തിനോട് സംസാരിച്ചിരുന്ന ആലി മുസ്ല്യാരുടെ കാതിൽ വീട്ടിൽ നിന്നും ഒരു കുട്ടക്കരച്ചിൽ പോലെ കേട്ടു. വീട്ടിലേക്കോടിക്കയറിയപ്പോൾ മറിയുമ്മ പേറ്റ് വേദനയാൽ പുളയുന്നതാണ് കണ്ടത്. പ്രായമുള്ള ചില പെണ്ണുങ്ങൾ മറിയുമ്മയുടെ അടുത്തിരുന്ന് പലതും പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്. ചിലരാവട്ടെ മൗലിദ് കിതാബിലെ വരികൾ ഭക്തിയോടെ ചൊല്ലുന്നു. മറ്റു ചിലർ പ്രാർത്ഥനയിൽ മുഴുകുന്നു. അതിനിടെ പേറ്റിച്ചി വന്നു. അൽപ്പ സമയത്തിനകം കുട്ടിയുടെ കരച്ചിൽ പുറത്ത് കേട്ടു. ചില സ്ത്രീകൾ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു “അൽഹംദു ലില്ലാഹ് മറിയുമ്മ പെറ്റു, കുട്ടി ആൺ.”
മറിയുമ്മയുടെ പിതാവ് ഹസ്സൻക്ക കുട്ടിയുടെ ചെവിയിൽ ബാങ്കും ഇഖാമത്തും കൊടുത്തു. മൂത്ത കുട്ടി ആണായത് കൊണ്ട് തന്നെ പ്രവാചക സ്നേഹത്താൽ മുഹമ്മദ് കോയ എന്ന് പേരും വിളിച്ചു.
ആലി മുസ്ല്യാർ, മറിയുമ്മ ദമ്പതികൾക്ക് മുഹമ്മദ് കോയയെ കൂടാതെ ഫാത്തിമ, അബ്ദുല്ല എന്നിവരും മക്കളാണ്. എല്ലാവരുടെയും ഇനീഷ്യൽ സി.കെ. എന്നാണ്. ഒരദ്ധ്യാപകൻ്റെ കൈപ്പിഴയിലാണ് മുഹമ്മദ് കോയ പ്രശസ്തിയുടെ ഭാഗ്യ മുദ്രയായ സി.എച്ച്. മുഹമ്മദ് കോയയാവുന്നത്… (തുടരും)
[ഭാഗം -2, നാളെ.]
✒️U.k. Muhammed Kunhi