വിമാനത്തില്‍ വെച്ച് പുകവലിച്ചതിന് കാസർകോട് സ്വദേശിക്കെതിരെ ബജ്‌പെ പൊലീസ് കേസെടുത്തു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുശാദിഖ് ഹുസൈൻ (24) എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഓഗസ്റ്റ് 31ന് വൈകിട്ട് അബുദബിയില്‍ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മുശാദിഖ് മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. യാത്രയ്ക്കിടെ വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്ന് പുക വലിച്ചുവെന്നാണ് പരാതി. വിമാനത്തിലെ ഉദ്യോഗസ്ഥർ നല്‍കിയ പരാതിയിലാണ് ബജ്‌പെ പൊലീസ് കേസെടുത്തത്.
വിമാനത്തില്‍ പുകവലിക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണ്. ഇത് വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. വിമാനത്തില്‍ പ്ലാസ്റ്റിക്, ഫാബ്രിക് എന്നിവ കൊണ്ട് നിർമ്മിച്ച ഭാഗങ്ങള്‍ ധാരാളമുണ്ട്. ഒരു ചെറിയ തീപ്പൊരി പോലും വലിയ അഗ്നിബാധയിലേക്ക് നയിച്ചേക്കാം. സിഗരറ്റ് തുടങ്ങിയവയില്‍ നിരവധി വിഷവാതകങ്ങളുണ്ട്. ഒരു ചെറിയ സ്ഥലത്ത് ഇത്രയും വിഷവാതകം കൂടിയാല്‍ മറ്റ് യാത്രക്കാർക്ക് ശ്വാസതടസം, ചുമ, അലർജി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും അധികൃതർ പറയുന്നു.
സിഗരറ്റ് പോലുള്ളവയിലുള്ള ചില രാസവസ്തുക്കള്‍ വിമാനത്തിന്റെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താനും ഇടയാക്കും. ഇത് വിമാനത്തിന്റെ സുരക്ഷയെ സാരമായി ബാധിക്കും. എല്ലാ വിമാനങ്ങളിലും സിഗരറ്റ് പുകയ്ക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഇത് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുന്നത്