മലപ്പുറം :എഡിജിപി എം ആർ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ തോക്ക് ലൈസൻസിനായി അപേക്ഷ നല്‍കി പി.വി അൻവർ എംഎല്‍എ.
മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിലെത്തിയാണ് അദ്ദേഷം തോക്ക് ലൈസൻസിന് അപേക്ഷിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് നടപടി.
സോളാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് ഉള്‍പ്പെടെ അജിത് കുമാറിന് എതിരെ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും പുറത്തുവിട്ടതിന് ശേഷമാണ് അൻവറിന്റെ നടപടി. കൂടുതല്‍ പൊലീസ് സുരക്ഷ വേണമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘തോക്ക് കിട്ടിയാല്‍ മതി, താൻ കൈകാര്യം ചെയ്തുകൊള്ളാമെന്നും’ അൻവർ മറുപടി നല്‍കി.
എ ഡി ജി പി എംആർ അജിത് കുമാറിന് എതിരെ ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ എംഎല്‍എ ഇന്നും ഉന്നയിച്ചത്. സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ പ്രവർത്തിച്ചത് എം ആര്‍ അജിത് കുമാറാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അൻവർ വ്യക്തമാക്കി.
തിരുവന്തപുരം കവടിയാറില്‍ എം എ യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് അജിത്കുമാർ വലിയ കൊട്ടാരം പണിയുന്നുണ്ടെന്നും അൻവർ ആരോപിച്ചു. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വിലയെന്നും അൻവർ പറഞ്ഞു.