ഡല്‍ഹി | ഹരിയാനയിലെ ഫരീദാബാദില്‍ പശുക്കടത്ത് സംശയിച്ച് 12-ാം ക്ലാസ് വിദ്യാർത്ഥിയെ കാറില്‍ പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തി.
ആര്യൻ മിശ്ര എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റ് 23 ന് നടന്ന ആക്രമണത്തില്‍ ഗോ രക്ഷാ പ്രവർത്തകരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളായ അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരയായ ആര്യൻ മിശ്രയും സുഹൃത്തുക്കളായ ഷാങ്കിയും ഹർഷിത്തും കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ച് ഡല്‍ഹി-ആഗ്ര ദേശീയ പാതയില്‍ ഹരിയാനയിലെ ഗധ്പുരിക്ക് സമീപം 30 കിലോമീറ്ററോളം പ്രതികള്‍ ഇവരുടെ കാറിനെ പിന്തുടർന്നു. റെനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ കാറുകളില്‍ പശുക്കടത്ത് നടത്തുന്ന ചിലർ നഗരത്തില്‍ നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി ഗോ രക്ഷാ പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പശുക്കടത്തുകാരെ തിരയുന്നതിനിടെ പട്ടേല്‍ ചൗക്കില്‍ ഒരു ഡസ്റ്റർ കാർ കണ്ടു. തുടർന്ന് കാർ ഡ്രൈവർ ഹർഷിത്തിനോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാല്‍, ശങ്കിക്ക് മറ്റ് ചിലരുമായി ശത്രുത ഉണ്ടായിരുന്നതിനാല്‍ അവരെ കൊല്ലാൻ ഗുണ്ടകളെ അയച്ചതാണെന്ന് കരുതി വണ്ടി നിർത്തിയില്ല.
ഇവർ നിർത്താതെ പോയതിനെ തുടർന്ന് പ്രതികള്‍ കാറിന് നേരെ വെടിയുതിർക്കുകയും പാസഞ്ചർ സീറ്റിലിരുന്ന ആര്യൻ്റെ കഴുത്തിന് സമീപം വെടിയേല്‍ക്കുകയുമായിരുന്നു. ഒടുവില്‍ കാർ നിർത്തിയപ്പോള്‍ വീണ്ടും വെടിയുതിർത്തു. എന്നാല്‍ കാറില്‍ രണ്ട് സ്ത്രീകളെ കണ്ടതോടെ അബദ്ധം പറ്റിയെന്ന് മനസ്സിലാക്കിയ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ആര്യൻ ഒരു ദിവസത്തിന് ശേഷം മരിച്ചു.
പ്രതികള്‍ നിയമവിരുദ്ധമായാണ് തോക്ക് കൈവശം വെച്ചതെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.