തങ്ങളുടെ തണലിൽ…
കേരള രാഷ്ട്രീയത്തിലെ സൂര്യ തേജസ്സും, മുസ്ലിം കൈരളിയുടെ അഭിമാനവും, കേരളത്തിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനുമായിരുന്ന മഹാനായ ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ എണ്ണപ്പെട്ട മത പണ്ഡിതനായിരുന്നില്ല. എന്നാൽ പാണ്ഡിത്യത്തിൻ്റെ ‘ബഹറാ’യിരുന്ന വലിയ ആലിമീങ്ങൾ പോലും ഏറെ ബഹുമാനത്തോടെ മത വിഷയങ്ങൾ തങ്ങളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ഭൗതിക വിദ്യാഭ്യാസവും തങ്ങൾക്ക് നന്നേ കുറവായിരുന്നു. എന്നിട്ടും കാലിക്കറ്റ് യൂണിവേർസിറ്റി അടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിർഭാവത്തിന് നേതൃത്വം നൽകാൻ അദ്ദേഹം രംഗത്തുണ്ടായിരുന്നു.
തനിക്ക് ലഭിക്കാതിരുന്ന വൈജ്ഞാനിക വെളിച്ചം അടുത്ത തലമുറക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ബാഫഖി തങ്ങൾ നടത്തിയ പ്രയത്നങ്ങൾ വിപ്ലവകരമായിരുന്നു. ഒരു പക്ഷെ സ്കോളർഷിപ്പ് സംവിധാനങ്ങളൊക്കെ പ്രചാരത്തിൽ വരുന്നതിന് മുമ്പേ തന്നെ അത്തരം പ്രവർത്തനം നടത്തി, പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ അദ്ദേഹം മുന്നിൽ ഉണ്ടായിരുന്നു.
കൊയിലാണ്ടിയിലെ ഹൈസ്കൂളിൽ പഠിക്കാൻ പോകാനുള്ള തീരുമാനം മുഹമ്മദ് കോയയെ സംബന്ധിച്ച് ഒരു ഭാഗ്യമായി എന്ന് തന്നെ പറയാം. മുഹമ്മദ് കോയയുടെ പഠനത്തോടുള്ള താൽപര്യം തിരിച്ചറിഞ്ഞ ടി.പി. മുഹമ്മദ് മൗലവി എന്ന അറബി അധ്യാപകൻ്റെ പരിശ്രമത്താലാണ് കൊയിലാണ്ടി ഹൈസ്കൂളിൽ പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായം കോയാക്ക് ലഭിക്കുന്നു.
പാവപ്പെട്ടവരും മിടുക്കരുമായ മുസ്ലിം കുട്ടികൾക്ക് ഉന്നത പഠനത്തിന് സൗകര്യമൊരുക്കാൻ പദ്ധതിയിട്ട അന്നത്തെ കൊയിലാണ്ടി മുസ്ലിം ലീഗ് കമ്മിറ്റിയുടെ തീരുമാനത്തോടൊപ്പം നിന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ കരങ്ങളിലേക്ക് അങ്ങനെയാണ് കോയാ സാഹിബ് എത്തുന്നത്. സി.എച്ചിനെ കൂടാതെ പത്തിലേറെ കുട്ടികളെ വേറെയും ബാഫഖി തങ്ങൾ പഠിപ്പിച്ചിരുന്നു. ഏറെ താമസിയാതെ ബാഫഖി തങ്ങളുടെ ഇഷ്ട കുട്ടിയായി മാറാൻ മുഹമ്മദ് കോയാക്ക് സാധിച്ചു
അങ്ങിനെ സി.എച്ച്, എട്ടാം തരത്തിൽ കൊയിലാണ്ടി ഹൈസ്കൂളിൽ ചേർന്നു. ഒരുപാട് ഉദാര മനസ്കരായ ധനികരുടെ വീട്ടിൽ താമസിച്ചായിരുന്നു കോയാ സാഹിബ് പഠനം തുടർന്നത്. ഇക്കാലത്ത് തന്നെ പള്ളി ദർസിൽ പോയി കിതാബ് ഓതാനും സി.എച്ച്. സമയം കണ്ടെത്തിയിരുന്നു. അറബി ഭാഷ ആഴത്തിൽ മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചു.
ഭൗതിക വിദ്യാഭ്യാസത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമുദായത്തിന് മുന്നിൽ വിദ്യാഭ്യാസത്തിൻ്റെ സവിശേഷത വിളിച്ചു പറഞ്ഞ് വിപ്ലവം തീർത്ത നേതാവായിരുന്നു ബാഫഖി തങ്ങൾ. പ്രാഥമിക വിദ്യാഭ്യാസം പോലും വേണ്ടത്ര സ്വായത്തമാക്കാതിരുന്ന തങ്ങളുടെ ഭൗതിക വിദ്യാഭ്യസത്തോടുള്ള താൽപര്യം എടുത്തു പറയേണ്ടത് തന്നെയായിരുന്നു. പഠനത്തിനുള്ള സഹായം ലഭിച്ച കോയാ സാഹിബ്, ഏതാനും വീടുകളിൽ ട്യൂഷനെടുത്ത് താമസവും ഭക്ഷണവുമൊക്കെ അങ്ങിനെ കഴിഞ്ഞു കൂടി. ഹൈസ്കൂൾ പ്രവേശന പരീക്ഷയിൽ ഇംഗ്ളീഷിൽ സി.എച്ച്. മാത്രമായിരുന്നു വിജയിച്ചത്.
മെട്രിക്കുലേഷൻ പാസ്സായ സി.എച്ച്. ഉപരി പഠനത്തിന് കോഴിക്കോട് സാമൂതിരി കോളേജിൽ ചേർന്നു. അവിടെ മുസ്ലിം കുട്ടികൾ കുറച്ച് മാത്രമായിരുന്നുവെങ്കിലും ഉള്ളവരെ സംഘടിപ്പിക്കാൻ സി.എച്ച്. തയ്യാറായി. അത് വരെ ജുമുഅഃ നിസ്കരിക്കാൻ പള്ളിയിൽ പോകാൻ സൗകര്യമില്ലാത്ത കാര്യം പ്രിൻസിപ്പാളുടെ ശ്രദ്ധയിൽ പെടുത്തി അവസരം നേടിയെടുത്തു. പിൽക്കാലത്ത് വലിയ സാമൂഹ്യ പരിഷ്കർത്താവായി മാറിയ സി.എച്ചിൻ്റെ തുടക്കം നല്ലതിന് വേണ്ടി തന്നെയായിരുന്നു.
ഒരിക്കൽ സി.എച്ചിന്റെ പിതാവ് ആലി മുസ്ല്യാർ കോഴിക്കോട് പട്ടണത്തിൽ പോയി തിരിച്ചു വരുമ്പോൾ ഒരു ഹാളിനടുത്ത് വലിയ ആൾക്കൂട്ടത്തെ കണ്ടു. എന്താണെന്നറിയാൻ അദ്ദേഹവും ഹാളിനടുത്തേക്ക് ചെന്നു. അവിടെ സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ ഒരു യോഗം നടക്കുകയായിരുന്നു. ബാഫഖി തങ്ങൾ, സീതി സാഹിബ്, സത്താർ സേട്ട് സാഹിബ് തുടങ്ങിയ പ്രമുഖരെല്ലാം വേദിയിലുണ്ട്.
കാര്യമായ രാഷ്ട്രീയ അറിവൊന്നുമില്ലാത്ത ആലി മുസ്ല്യാർ നേതാക്കളെ കണ്ടപ്പോൾ ഹാളിന്റെ ഏറ്റവും പിറകിലായി നിലയുറപ്പിച്ചു. പെട്ടെന്ന് ബാഫഖി തങ്ങൾ കൈ നീട്ടി വിളിക്കുന്നതായി അദ്ദേഹം കണ്ടു. പക്ഷെ മറ്റാരേയോ ആണെന്ന് കരുതി അദ്ദേഹം പ്രതികരിച്ചില്ല. വീണ്ടും തങ്ങൾ മാടി വിളിച്ചു. ഇപ്പോൾ വിളിക്കുന്നത് തന്നെയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വല്ലാത്ത ശങ്ക തോന്നി. വെറും സാധാരണക്കാരനായ തന്നെയെന്തിന് ബാഫഖി തങ്ങൾ വിളിക്കണം. ഒടുവിൽ ഒരു വളണ്ടിയറെ അയച്ച് ആലി മുസ്ല്യാരെ സ്റ്റേജിലെത്തിച്ചു. ബാഫഖി തങ്ങളുടെ അടുത്ത് തന്നെ ഇരുത്തി. ശേഷം തൊട്ടടുത്തിരുന്ന സത്താർ സേട്ട് സാഹിബിന് പരിജയപ്പെടുത്തി കൊടുത്തു. “ഇതാണ് നമ്മുടെ ആ കുട്ടിയുടെ വാപ്പ.” ഉടനെ സത്താർ സേട്ട് സാഹിബ് പ്രതികരിച്ചു. “നിങ്ങളുടെ മകനെ നന്നായി വളർത്തണം, അവൻ മിടുക്കനാണ്.”
ഇക്കാര്യം അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോൾ സി.എച്ചിന്റെ പിതാവ് മാതാവിനോട് പറയുകയാണ്. ആദ്യഭാഗം കേട്ടപ്പോൾ തന്നെ പറയുന്നത് തന്നെക്കുറിച്ചാണെന്ന് തിരിച്ചറിഞ്ഞ സി.എച്ച്. ഉടനെ എഴുന്നേറ്റ് വാതിൽപ്പുറത്ത് നിന്നു. വാപ്പയുടെ വാക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നറിയാനായിരുന്നു അത്.
വലിയ നേതാക്കളൊക്കെ മകനെ കുറിച്ച് നല്ലത് പറഞ്ഞതിൽ അഭിമാനം കൊണ്ട മാതാപിതാക്കളുടെ പിന്തുണയാണ് സി.എച്ചിന്റെ എല്ലാ വളർച്ചക്കും നിദാനമായത്… (തുടരും)
[ഭാഗം – 4, നാളെ]
✒️U.k. Muhammed Kunhi.