ഊട്ടി: യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ്, ഭർത്തൃമാതാവ്, ഭർത്താവിന്റെ സഹോദരൻ, ഇവരുടെ സുഹൃത്ത് എന്നിവർ അറസ്റ്റിലായി.
ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാൻഖാന്റെ ഭാര്യ യാഷിക പാർവീനാണ് (22) കൊല്ലപ്പെട്ടത്. ഭർത്താവ് ഇമ്രാൻ ഖാൻ, സഹോദരൻ മുക്താർ, മാതാവ് യാസ്മിൻ, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 24-നാണ് യാഷിക കൊല്ലപ്പെട്ടത്. വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ യാഷിക വീട്ടില്‍ വീണുകിടന്നെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചെന്നുമാണ് ഇവർ പറഞ്ഞിരുന്നത്.
മരണത്തില്‍ ദുരൂഹതയാരോപിച്ച് യാഷികയുടെ ബന്ധുക്കള്‍ കേസ് കൊടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സംശയങ്ങള്‍ പറഞ്ഞിരുന്നു. പുണെയില്‍ നടന്ന ശാസ്ത്രീയപരിശോധനയിലാണ് മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നതാണെന്ന് വ്യക്തമായത്. തുടർന്ന് യാഷികയുടെ ബന്ധുക്കള്‍ ഊട്ടി ജി വണ്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇമ്രാൻഖാനെയും യാസ്മിനെയും സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഖാലിഫാണ് സയനൈഡ് എത്തിച്ചുകൊടുത്തത്.
സ്ത്രീധനം ആവശ്യപ്പെട്ട് യാഷികയെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 2021-ലാണ് യാഷികയും ഇമ്രാൻഖാനും വിവാഹിതരായത്. ഇവർക്ക് രണ്ടുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്