വിമാനത്തിനുള്ളില്‍ ബഹളം വെച്ച കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കാൻ യാത്രക്കാരായ രണ്ട് യുവതികള്‍ ചേർന്ന് ശുചിമുറിയില്‍ പൂട്ടിയിട്ടു.
ഓഗസ്റ്റ് 24 -ന് മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു വയസ്സുകാരിയായ കുഞ്ഞിനോടാണ് അപരിചിതരായ രണ്ട് സഹയാത്രികർ ചേർന്ന് ഈ ക്രൂരത കാട്ടിയത്. സംഭവം വിവാദമായതോടെ വലിയ വിമർശനമാണ് ഈ ക്രൂര പ്രവർത്തി ചെയ്ത യുവതികള്‍ക്കെതിരെ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നത്.
തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഗുയിഷൗവില്‍ നിന്ന് ഷാങ്ഹായിലേക്കുള്ള ജുന്യാവോ എയർ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു വൃദ്ധ ദമ്ബതികളും അവരുടെ പേരക്കുട്ടിയും. ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് യാത്രയ്ക്കിടെ നിരന്തരം കരഞ്ഞതാണ് സഹയാത്രികരായിരുന്ന യുവതികളെ പ്രകോപിപ്പിച്ചത്. കുഞ്ഞ് തുടർച്ചയായി കരഞ്ഞതോടെ അവളുടെ കരച്ചില് നിർത്താൻ യാത്രക്കാരില്‍ പലരും പലവിധത്തില്‍ ശ്രമിച്ചിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ കുഞ്ഞ് കരച്ചില് നിര്‍ത്തിയില്ല. ഇതോടെ മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ ചിലർ ചെവിയില്‍ ടിഷ്യുതിരികി ആശ്വാസം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടയിലാണ് കുഞ്ഞിന് സമീപത്തെ സീറ്റില്‍ ഇരുന്ന രണ്ട് യുവതികള്‍ കുട്ടിയെ എടുത്ത് കൊണ്ടു പോയി ശുചിമുറിയില്‍ വെച്ച് ശാസിക്കുകയും കുഞ്ഞിനെ തനിച്ച് അതിനുള്ളില്‍ ഇട്ട് പൂട്ടുകയും ചെയ്തത്. ഇനിയും കരഞ്ഞാല്‍ മുത്തശ്ശിക്കരികിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് പറഞ്ഞായിരുന്നു ഇവർ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയത്. യുവതികളില്‍ ഒരാള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിഞ്ഞത്.
യുവതികളുടെ ശാസനയില്‍ ഭയന്നുപോയ കുഞ്ഞിനെ അല്പസമയത്തിന് ശേഷം ഇവർ തന്നെ തിരികെ സീറ്റിലെത്തിച്ചു. തങ്ങളുടെ ശാസന കാരണം പിന്നീട് രണ്ടുമണിക്കൂർ നീണ്ട വിമാന യാത്രയില്‍ ഒരിക്കല്‍ പോലും കുഞ്ഞ് കരഞ്ഞില്ലെന്നും ഇവർ അഭിമാനത്തോടെ പറയുന്നതും വീഡിയോയില്‍ കാണാം. കുട്ടികളെ ചെറുപ്പത്തില്‍ തന്നെ അച്ചടക്കം പഠിപ്പിക്കണമെന്നും അല്ലെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും യുവതികള്‍ വീഡിയോയില്‍ പറഞ്ഞതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സംഭവം വലിയ വിവാദമായതോടെ കുട്ടിയുടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സമ്മതത്തോടെയാണ് സഹയാത്രികരായിരുന്ന യുവതികള്‍ കുഞ്ഞിനെ ശാസിച്ചതെന്ന് ജുന്യാവോ എയർ പ്രതികരിച്ചു. എന്നാല്‍ യുവതികള്‍ക്കെതിരെ ഇപ്പോഴും വലിയ വിമർശനമാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്