കാസർകോട്: തുറമുഖത്ത് മീൻ പിടിക്കാൻ ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം. കിഴൂർ ഹാർബറില്‍ ശനിയാഴ്‌ച പുലർച്ചെയാണ് ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ കാണാതായത്.
മുങ്ങല്‍ വിദഗ്‌ധരെ എത്തിച്ച് തെരച്ചില്‍ നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇത്രയും ദിവസമായിട്ടും അധികൃതർ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് നാട്ടുകാർ കാഞ്ഞങ്ങാട് – കാസർകോട് സംസ്ഥാന പാത ഉപരോധിച്ചു.
അതേ സമയം രക്ഷാപ്രവര്‍ത്തനത്തിന് മുങ്ങല്‍ വിദഗ്‌ധൻ ഈശ്വര്‍ മല്‍പെ എത്തുമെന്നാണ് സൂചന. മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
അപകടം നടന്ന കീഴൂര്‍ തുറമുഖം സന്ദര്‍ശിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് മല്‍പെയെ എത്തിക്കുമെന്ന് അദ്ദേഹം നാട്ടുകാര്‍ക്ക് വാക്കുനല്‍കിയത്.
ഈശ്വര്‍ മല്‍പെ വരുന്നതുമായി ബന്ധപ്പെട്ടുള്ള ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കുന്നതിനായി ഇടപെടുമെന്നും എംഎല്‍എ അറിയിച്ചു. ഇതിനായി റവന്യൂ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കും.