കാസർകോട് :കീഴൂർ ഹാർബറിന് സമീപം ചൂണ്ടയുമായി മീൻ പിടിക്കാൻ പോയി കടലില്‍ കാണാതായതായി സംശയിക്കുന്ന ചെമ്മനാട് കല്ലുവളപ്പിലെ കെ റിയാസിനെ (36) കണ്ടെത്തുന്നതായി മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ സ്ഥലത്തെത്തി മുങ്ങിത്തപ്പിത്തുടങ്ങി.
നേരത്തെ, ഇത്തരം ദൗത്യങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവ സമ്ബത്തുള്ളയാളാണ് അദ്ദേഹം. ഷിരൂരില്‍ അർജുനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലും ഭാഗമായിരുന്നു.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കും ഒമ്ബത് മണിക്കും ഇടയിലാണ് പ്രവാസിയായ റിയാസിനെ കാണാതായത്. ഒരുപക്ഷെ കടലിലെ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയിരിക്കാമെന്ന സംശയത്തില്‍ റിയാസ് കടലില്‍ വീണെന്ന് കരുതുന്ന സ്ഥലത്താണ് ഇപ്പോള്‍ ഈശ്വര്‍ മല്‍പെ തിരച്ചില്‍ നടത്തുന്നത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫിന്റെ ഇടപെടലിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ഈശ്വര്‍ മല്‍പെ കീഴൂരിലെത്തിയത്.
റിയാസിനെ കാണാതായി അഞ്ച് നാള്‍ പിന്നിട്ടിട്ടും കണ്ടെത്തുന്നതിനായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവാത്തത് രൂക്ഷമായ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രദേശവാസികളും റിയാസിന്റെ ബന്ധുക്കളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെയൊക്കെ ഫലമായി നാവിക സേനയുടെ സ്‌കൂബാ ഡൈവിംഗ് സംഘത്തെയും സ്ഥലത്ത് എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എംഎല്‍എമാരായ അഡ്വ. സി എച് കുഞ്ഞമ്ബു, എൻ എ നെല്ലിക്കുന്ന്, എ കെ എം അശ്‌റഫ് എന്നിവരും സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി കർണാടകയിലെ ചിക്കമംഗളൂരു, ബെംഗളൂരു, കോലാർ, ബെലഗാവി, ദണ്ഡേലി തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളില്‍ നിന്ന് നിരവധി പേരെ രക്ഷിച്ച അനുഭവ സമ്ബത്തുള്ള ഈശ്വർ മല്‍പെയുടെ വരവ് പ്രദേശവാസികള്‍ക്ക് പ്രതീക്ഷ പകർന്നിട്ടുണ്ട്. റിയാസിനെ ഉടൻ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് ഏവരും.