കോഴിക്കോട് സാമൂതിരി കോളേജിലാണ് സി.എച്ച്. ഇന്റർ മീഡിയറ്റിന് പഠിച്ചത്. തനി മാപ്പിള വേഷത്തിൽ, ഞെരിയാണിക്ക് മുകളിൽ ഉയർത്തിയുടുത്ത ഒറ്റ മുണ്ടും, വെള്ളക്കുപ്പായവും, തൊപ്പിയും ധരിച്ച് തന്നെയായിരുന്നു സി.എച്ച്. കോളേജിലെത്തിയത്. അക്കാലത്ത് തന്നെയാണ് മദിരാശി നിയമ സഭയിലേക്ക് ഒരു തെരെഞ്ഞെടുപ്പ് നടക്കുന്നത്. അതി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ട് നാട് മുഴുവൻ ചൂട് പിടിച്ചിരിക്കയാണ്. ആവേശം മൂത്ത സി.എച്ചിന് ക്ലാസ്സിലിരിക്കാൻ മനസ്സ് അനുവദിച്ചില്ല. അദ്ദേഹവും ക്ലാസ്സ് കട്ട് ചെയ്ത് കൊണ്ട് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് എടുത്തു ചാടി. ഇതാവട്ടെ വാർഷിക പരീക്ഷയിൽ സി.എച്ചിൻ്റെ തോൽവിയിലായിരുന്നു കലാശിച്ചത്.
കെമിസ്ട്രിയിലായിരുന്നു സി.എച്ച്. പിന്നോക്കം പോയത്. പിന്നീട് ഈ വിഷയം എഴുതിയെടുക്കാൻ അദ്ദേഹത്തിന് സാധ്യമാവുമെങ്കിലും സി.എച്ച്. അതിന് താൽപ്പര്യം കാണിച്ചില്ല എന്നതാണ് വാസ്തവം.
കലാലയത്തിലെ പുസ്തകം മടക്കി വെച്ച്, ജന സേവനത്തിൻ്റെ പുസ്തകത്താളുകൾ സി.എച്ച്. തുറക്കുകയായിരുന്നു. പിൽക്കാലത്ത് അതി പ്രഗത്ഭനായ വിദ്യാഭ്യാസ മന്ത്രിയും, അജ്ഞതയും അറിവില്ലായ്മയും കൊണ്ട് അധ:പതനത്തിൻറെ പടുകുഴിയിലാണ്ട് പോകുമായിരുന്ന ഒരു സമൂഹത്തിൽ വിജ്ഞാനത്തിൻ്റെ വെളിച്ചം വിതറിയ സാമൂഹ്യ പരിഷ്കർത്താവുമായി മാറിയ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് ഒരിക്കലും വിദ്യാഭ്യാസം സ്വന്തം വികാസത്തിനായി കണ്ടിരുന്ന ഒരാളായിരുന്നില്ല.
ബാഫഖി തങ്ങളുടെ സഹായം ഇല്ലായിരുന്നുവെങ്കിൽ തൻ്റെ പഠന മോഹം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമായിരുന്നുവെന്ന് സി.എച്ചിനറിയാമായിരുന്നു. തനിക്ക് താങ്ങായി ബഫഖി തങ്ങൾ ഉണ്ടായത് പോലെ തന്റെ സമുദായത്തിലെ പാവപ്പെട്ട കുട്ടികൾക്ക് ആരാണുണ്ടാവുക എന്ന വേവലാതി സി.എച്ചിനുണ്ടായിരുന്നു. തൻ്റെ പ്രസ്ഥാനത്തിൻ്റെ തണലിൽ അത് സ്വയം ഏറ്റെടുക്കാൻ സി.എച്ച്.തയ്യാറായതാണ് പിന്നീട് കണ്ടത്.
അക്കാലത്തെ കോളേജ് പാർലമെൻറുകളൊക്കെ വളരെ ക്രിയാത്മകമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മിക്കപ്പോഴും പ്രതിപക്ഷ നേതാവ് സി.എച്ച്.ആയിരുന്നു. ഇതൊക്കെ തന്നെ സി.എച്ച്. എന്ന വിദ്യാർത്ഥിയിൽ പ്രഗത്ഭനായൊരു പാർലമെൻ്റേറിയനെ വാർത്തെടുക്കുക കൂടിയായിരുന്നു
വളരെ പെട്ടെന്ന് തന്നെ സി.എച്ച്. എന്ന രണ്ടക്ഷരം മുസ്ലിം സമൂഹത്തിൻറെ പ്രതീകമായി വളർന്നു വരികയായിരുന്നു.
സി.എച്ചിൻ്റെ പഠന കാലത്തെ രസകരമായ പല കഥകളും പലയിടത്തും വായിച്ചിട്ടുണ്ട്. ട്രെയിനിൽ ഒരിക്കൽ പോലും യാത്ര ചെയ്തിട്ടില്ലാത്ത സഹപാഠികളായ അഹമ്മദിനെയും അബ്ദുല്ലയെയും കൂട്ടി കോഴിക്കോട് വരെ തീവണ്ടിയിൽ യാത്ര ചെയ്തൊരു കഥയുണ്ട്. വണ്ടിയിലെ കാഴ്ചകളും പട്ടണത്തിലെ മനോഹര കെട്ടിടങ്ങളുമൊക്കെ കൗതുകത്തോടെ നോക്കുന്ന കൂട്ടുകാർക്ക് ഒരു ”ട്രാവൽ ഗൈഡി”നെ പോലെ എല്ലാം വിവരിച്ചു കൊടുത്ത മുഹമ്മദ് കോയ, നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലിൽ നിന്നും ചായ വാങ്ങിത്തരാമെന്ന് പറഞ്ഞ് വൃത്തിഹീനമായൊരു ഹോട്ടലിൽ വെച്ച് ചായ കുടിപ്പിച്ച് യാത്രയുടെ ആവേശം നിമിഷ നേരം കൊണ്ട് തല്ലിക്കെടുത്തിയ കഥ രസകരമായിരുന്നു.
മറ്റൊരു കഥ ഇങ്ങനെയാണ്: സഹപാഠിയായ അഹമ്മദ് ഒരാഴ്ചയായി സ്കൂളിൽ വരാത്തതിൻ്റെ കാരണം പറയാൻ അധ്യാപകൻ്റെ അടുത്തെത്തിയ അഹമ്മദിൻ്റെ സഹോദരനെ സി.എച്ച്. പിന്തുടർന്ന് കാര്യമന്വേഷിച്ചു. തലവേദന കൊണ്ടാണ് അഹമ്മദ് സ്കൂളിൽ വരാത്തത് എന്ന വിവരം കിട്ടിയ സി.എച്ച്. മറ്റു കൂട്ടുകാരോടൊക്കെ അഹമ്മദിന് തലക്ക് സുഖമില്ലാത്തത് കൊണ്ടാണ് സ്കൂളിൽ വരാത്തത് എന്നാണ് പറഞ്ഞത്. തലവേദന ഭേദമായി സ്കൂളിൽ തിരിച്ചെത്തിയ തന്നോട് മറ്റ് കുട്ടികളെല്ലാം അകലം പാലിക്കുന്നത് കണ്ട് അഹമ്മദിന് ബേജാറായി. എവിടെയാണ് ചികിത്സ നടത്തിയത് എന്നൊക്കെ ചോദിച്ച് ചില കുട്ടികൾ സഹതാപം കാണിച്ചു. പിന്നീടാണ് സി.എച്ച്. വരുത്തിയ വികൃതിയാണ് ഇതൊക്കെ എന്ന് അബ്ദുല്ലക്ക് മനസ്സിലായത്.
വിദ്യാർത്ഥിയായിരിക്കെ തന്നെ ഏറെ ഉത്സാഹത്തോടെയും ആത്മാർത്ഥതയോടെയും സംഘടനാ കാര്യങ്ങളിലും മറ്റും സജീവമായി പ്രവർത്തിക്കുന്ന മുഹമ്മദ് കോയയെ നേതാക്കന്മാർക്കും വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ സി.എച്ചിനെ കണ്ട സത്താർ സേട്ട് സാഹിബ് സീതി സാഹിബിനോട് ഇപ്രകാരം പറഞ്ഞു. “മുഹമ്മദ് കോയ നല്ല ഭാവിയുള്ള കുട്ടിയാണ്. എല്ലാ ഗുണങ്ങളും അവനിലുണ്ട്. പക്ഷെ ശരീരം നന്നേ മെലിഞ്ഞിട്ടാണുളളത്. അതൊന്ന് ശരിയാക്കണം.” മുൻകാല നേതാക്കൾക്ക് സി.എച്ചിന് തടിയില്ലാത്തതാണ് വിഷമമെങ്കിൽ, പിൽക്കാല നേതാക്കൾക്ക് സി.എച്ചിൻ്റെ ഭക്ഷണ രീതി കൊണ്ട് തടി കൂടുന്നതായിരുന്നു മനസ്സിൽ ആധി വളർത്തിയത്… (തുടരും)
[ഭാഗം – 5, നാളെ]
*U.k. Muhammed Kunhi*