സമ്മാനങ്ങള്‍ ലഭിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. അത് തങ്ങള്‍ ആഗ്രഹിച്ച ഒരു കാര്യം സര്‍പ്രൈസ് ആയി ലഭിക്കുമ്ബോള്‍ അതിന്റെ ഫീല്‍ ഒന്ന് വേറെ തന്നെയാണ്.
വിശേഷ അവസരങ്ങളില്‍ പ്രിയപ്പെട്ടവര്‍ ഒരുക്കുന്ന സര്‍പ്രൈസ് സമ്മാനങ്ങള്‍ കണ്ട് അന്തം വിടുന്ന ചിലരുടെ വീഡിയോ അടുത്ത കാലത്തായി നാം സോഷ്യല്‍ മീഡിയയില്‍ കൂടുതലായി കണ്ടു വരുന്നുണ്ട്. അത്തരത്തില്‍ യുവതി ഭര്‍ത്താവിന്റെ ജന്മദിനത്തിന് രണ്ട് കോടി രൂപ വിലമതിക്കുന്ന കാര്‍ സമ്മാനം നല്കിയ വാര്‍ത്തയാണ് ഇപ്പോള്‍ ഇന്റനെറ്റില്‍ തരംഗമായിരിക്കുന്നത്. ഭര്‍ത്താവിന് കോടികള്‍ വിലമതിക്കുന്ന കാര്‍ സമ്മാനിച്ച ഈ സംരംഭക ആരാണെന്ന് വിശദമായി വായിക്കാം.
പാനി പൂരിയും മറ്റ് ഇന്ത്യന്‍ ലഘുഭക്ഷണങ്ങളും തയാറാക്കി വില്ക്കുന്നതില് വൈദഗ്ധ്യം നേടിയ നാന ഗ്രൂപ്പ് എന്ന ബിസിനസ് സ്ഥാപനം നടത്തി വരുന്ന വ്യക്തിയാണ് നന്ദന. മലേഷ്യയിലാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം ബിസിനസ് ചെയ്യുന്നത്. മലേഷ്യയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ പ്രസിദ്ധമാണ് നാനാസ് പാനി പൂരി. മലേഷ്യയിലെ ഭക്ഷ്യ വ്യവസായ രംഗത്ത് ചുരുങ്ങിയ നാളുകള്‍ കൊണ്ട് തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാന്‍ ഈ യുവ സംരംഭകയ്ക്കും ഭര്‍ത്താവിനും സാധിച്ചു.
ജന്മദിനത്തിന് ഭര്‍ത്താവിന് എന്തെങ്കിലും ഒരു സമ്മാനം സര്‍പ്രൈസായി നല്‍കണമെന്നായിരുന്നു നന്ദനയുടെ ആഗ്രഹം. ഒരിക്കല്‍ ഇഷ്ടപ്പെട്ട കാര്‍ ഏതാണെന്ന് ചോദിച്ചപ്പോള്‍ ‘ജിടിആര്‍’ എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. പ്രശസ്ത ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്റെ ലോകോത്തര കാര്‍ മോഡലാണ് ജിടിആര്‍. പല വണ്ടിപ്രാന്തന്മാരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്‍ മോഡലാണ് ഇത്. ഏതായാലും ഭര്‍ത്താവിനോട് ഇഷ്ടപ്പെട്ട കാര്‍ ഏതാണെന്ന് ചോദിക്കുന്നത് നന്ദന വീഡിയോയില്‍ പകര്‍ത്തിയിരുന്നു.
ഭര്‍ത്താവിന് ജന്മദിനത്തിന് ഇഷ്ടപ്പെട്ട കാര്‍ തന്നെ സമ്മാനിക്കാന്‍ തീരമാനിച്ച നന്ദന അതിനായി ഒരു ഗ്രാന്‍ഡ് പരിപാടി തന്നെ ഒരുക്കി. ഭര്‍ത്താവിനെ അറിയിക്കാതെ കാര്‍ വാങ്ങിയ നന്ദന അത് മനോഹരമായി ഒരു വലിയ ഗ്ലാസ് ബോക്സില്‍ അലങ്കരിച്ച് വെച്ചു. ജന്മദിനാഘോഷ പരിപാടികള്‍ നടത്തിയ ഹോട്ടലിലേക്ക് കണ്ണുപൊത്തി കൊണ്ടുവന്ന ശേഷം സര്‍പ്രൈസായി സമ്മാനം കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അവന് ഞെട്ടിപ്പോയി.
ഭര്‍ത്താവിനോട് ഇഷ്ട കാര്‍ ഏതാണെന്ന് ചോദിക്കുന്നതും വണ്ടി സമ്മാനിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ വീഡിയോ ആക്കി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. നന്ദന തന്റെ ഭര്‍ത്താവിനായി വാങ്ങിയ നിസാന്‍ ജിടിആര്‍ പുതിയതാണോ അതോ യൂസ്ഡ് ആണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും നന്ദന ഭര്‍ത്താവിന് നല്കിയ സമ്മാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായ നന്ദന തന്റെ ഫോളോവേഴ്സിനായി വിവിധ മത്സരങ്ങളും നടത്താറുണ്ട്. ഫിസിക്കല്‍ സ്റ്റോറുകള്‍ കൂടാതെ ഓണ്‍ലൈനായും നാനാസ് പാനി പൂരി ഉല്‍പ്പന്നങ്ങള്‍ വിതരണം വില്‍ക്കുന്നു. മലേഷ്യക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിയായ നന്ദനയുടെ വ്യക്തിപരമായ ഈ ഒരു കാര്യവും ഇന്‍സ്റ്റഗ്രാമില്‍ വൈറലായി മാറി.
ഏറ്റവും പുതിയ വീഡിയോ അവളുടെ ജനപ്രീതി ഒന്നുകൂടി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഏതായാലും പാനി പൂരി വില്പന നടത്തി പ്രിയപ്പെട്ടവന് ഭാര്യ ഇത്രയും വിലയേറിയ കാര്‍ സമ്മാനിച്ച കഥ പലരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണെന്ന് കാണിക്കുന്ന ഒരു സംഭവമാണിത്.
നിസാന്‍ ജിടിആറിനെ കുറിച്ച് പറയുമ്ബോള്‍ ഈ കാര്‍ ഇന്ത്യയലിപ്പോള് വാങ്ങാന്‍ കിട്ടില്ല. R34 സ്കൈലൈന്‍ GT-R മോഡലിന്റെ പകരക്കാരനായിക്കൊണ്ട് 2007-ലാണ് നിലവിലെ തലമുറ GT-R പുറത്തിറങ്ങിയത്. അതുല്യമായ രൂപകല്‍പ്പനയും കരുത്തുറ്റ എഞ്ചിനും കാരണം റോഡില്‍ വേറിട്ടുനില്‍ക്കുന്ന ഈ കാറിന്റെ പരിമിതമായ യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയത്.
2016-ല്‍ 1.99 കോടി രൂപ എക്സ്ഷോറൂം വിലയില്‍ ഇന്ത്യയില്‍ എത്തിയ ഈ കാറിന്റെ വെറും 10 യൂണിറ്റുകള്‍ മാത്രമായിരുന്നു ആദ്യ വര്‍ഷം നിസാന്‍ വിറ്റത്. മോട്ടോസ്പോര്‍ട് വിജയങ്ങള്‍ കാരണം ‘ഗോഡ്സിയില്ല’യെന്ന നാമം ചാര്‍ത്തി കിട്ടിയ നിസാന്‍ ജിടിആറിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 369 സിസി പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. നാല് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
രണ്ട് വേരിയന്റുകളില്‍ ലഭ്യമായിരുന്ന കാര്‍ ഏഴ് കളര്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തിരുന്നു. വ്യതിരിക്തമായ എക്സ്ഹോസ്റ്റ് നോട്ട് കാരണം ജിടിആറും കൊണ്ട് പുറത്തിറങ്ങിയാല്‍ ആരും ഒന്ന് നോക്കിപ്പോകുമായിരുന്നു. മിഡില്‍ഈസ്റ്റില്‍ നിന്നും മറ്റും കാര്‍നെറ്റ് വഴി മലയാളികള്‍ ഈ കാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നത് കാണാറുണ്ട്. നോര്‍ത്ത് അമേരിക്ക മാത്രമാണ് നിസാന്‍ ജിടിആര്‍ നിലവില്‍ വില്‍പ്പനയിലുള്ള മാര്‍ക്കറ്റുകളില്‍ ഒന്ന്. ഈ വര്‍ഷം ഒക്ടോബറോടെ ഈ മോഡല്‍ അമേരിക്കന്‍ വിപണിയില്‍ നിന്നും വിടപറയും.