മലപ്പുറം: നിലമ്ബൂർ എംഎല്‍എ പിവി അൻവറിന് കളിത്തോക്ക് അയച്ചു നല്‍കി വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്. എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പിവി അൻവർ പറഞ്ഞിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് അൻവർ തോക്ക് ലൈസൻസിനായി മലപ്പുറം ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അൻവറിനെ പരിഹസിച്ച് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചു നല്‍കിയത്.
കേരള പോലീസില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് പരാതി പറഞ്ഞിട്ടും സർക്കാർ പി.വി അൻവറിന് തോക്ക് അനുവദിക്കാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചു കൊടുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം അമരമ്ബലം പഞ്ചായത്ത് കമ്മിറ്റിയാണ് അൻവറിന് കളിത്തോക്ക് അയച്ചത്.
എഡിജിപി എംആർ അജിത്കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെയും പിവി അൻവർ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ അൻവർ ഇതിന് ശേഷം ഇക്കാര്യത്തില്‍ പിന്നോട്ടു പോയിരുന്നു. പൊലീസുകാരുടെ ഫോണുകള്‍ ഉള്‍പ്പെടെ ചോർത്തിയെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുൻപില്‍ തുറന്നുപറഞ്ഞിട്ടും അൻവറിനെതിരെ യാതൊരു അന്വേഷണവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിരവധി കേസുകള്‍ അട്ടിമറിച്ചുവെന്ന് അൻവർ ആരോപിച്ച എഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രി നടപടി സ്വീകരിച്ചിട്ടില്ല. സിപിഎമ്മിലെ പാർട്ടിപ്പോരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.