കണ്ണൂർ:സി.പി.എംമൊറാഴ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനം മുടങ്ങി.
ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവൻ പേരും ബഹിഷ്കരിച്ചതിനാല്‍ ആണ് സമ്മേളനം മുടങ്ങിയത്.
പ്രദേശത്തെ അംഗൻവാടി ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാത്തതിലാണ് പാർട്ടി ഗ്രാമത്തില്‍ ഇതാദ്യമായി ബ്രാഞ്ച് സമ്മേളനം നടക്കാതെ പോയത്.
ചൊവ്വാഴ്ച രാവിലെ പത്തിന് തുടങ്ങേണ്ടിയിരുന്ന സമ്മേളനത്തിന് തളിപ്പറമ്ബ് ഏരിയ കമ്മിറ്റിയംഗം രാമചന്ദ്രനായിരുന്നു ഉദ്ഘാടകൻ. കൃത്യസമയത്ത് ഇദ്ദേഹവും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും സമ്മേളന സ്ഥലത്തെത്തി.
എന്നാല്‍, ബ്രാഞ്ചിലെ 14 മെംബർമാരും വിട്ടുനിന്നു. ബ്രാഞ്ച് പരിധിയിലെ ദേവർകുന്ന് അംഗൻവാടിയിലെ ഹെല്പറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാതെ സമ്മേളനം നടത്തരുതെന്ന നിലപാടാണ് മുഴുവൻ മെംബർമാരും സ്വീകരിച്ചത്.
ബഹിഷ്കരണമറിഞ്ഞതോടെ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളുമായി നേതാക്കള്‍ ചർച്ച നടത്തി. പ്രശ്നപരിഹാരത്തിന് മൂന്ന് മണിക്കൂർ സമയം തരാമെന്നും തുടർന്ന് എല്ലാവരും സമ്മേളനത്തിന് എത്താമെന്നും അവർ നേതൃത്വത്തെ അറിയിച്ചു.
ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ഏരിയ നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും ഉടൻ പരിഹാരം നടക്കില്ലെന്നുകണ്ട് സമ്മേളനം വേണ്ടെന്നുവെച്ചു.
അംഗൻവാടിയില്‍ കുട്ടികളെ ഹെല്പർ മർദിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങളുടെ തുടക്കം. ആന്തൂർ നഗരസഭ ചെയർമാന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചർച്ചയില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്കി.
എന്നാല്‍, കുറ്റക്കാരിയായ അംഗൻവാടി ഹെല്പറെ തൊട്ടടുത്തേക്കും വർക്കറെ ദൂരേക്കും സ്ഥലംമാറ്റിയതാണ് പ്രദേശത്തുകാരെ ചൊടിപ്പിച്ചത്. വാർഡ് കൗണ്‍സിലർ പോലുമറിയാതെ ചിലരുടെ താല്പര്യമാണ് നടപ്പാക്കിയതെന്നും പ്രവർത്തകർ പറഞ്ഞു.