ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിലെ അധിപൻമാരായ റോയൽ എൻഫീൽഡിന്റെ മുഖ്യശത്രുക്കളിൽ ഒരാളാണ് ജാവ. പണ്ടുകാലത്ത് നിരത്തുകൾ ഭരിച്ചിരുന്ന ഇതിഹാസ മോഡലുകളെ ആധുനിക രൂപത്തിലാക്കി അവതരിപ്പിച്ചാണ് കമ്പനി വിപണി പിടിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ബോബർ സ്റ്റൈൽ ബൈക്കായ ജാവ പെറാക്ക്.
ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിച്ച ഒരേയൊരു ബോബര്‍ സ്‌റ്റൈല്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ എന്ന നിലയില്‍ ജാവ പെറാക്കിന് വലിയ സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചത്. എന്തെങ്കിലും പുതുമയുള്ളൊരു ബൈക്ക് വാങ്ങണമെന്ന് ആലോചിക്കുന്നവരെല്ലാം വന്നെത്തുന്നത് ജാവ പെറാക്കിലേക്കിലേക്കും 42 ബോബറിലേക്കുമാണ്. ഇപ്പോഴിതാ കൂടുതൽ ആധുനികനായി വിപണിയിലേക്ക് എത്തിയിരിക്കുകയാണ് ആശാൻമാർ
ജാവയുടെ കറുത്ത കുതിരയെന്ന് അറിയപ്പെടുന്ന പെറാക്കിനും 42 ബോബറിനും 2024 മോഡൽ ഇയർ പരിഷ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. പുതിയ കളർ ഓപ്ഷനൊപ്പം നിലവിലുണ്ടായിരുന്ന പെറാക്ക് മോഡലുകളേക്കാൾ ചില അധിക നവീകരണങ്ങളും കസ്റ്റം ബോബർ ബൈക്കുകളിലേക്ക് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അലോയ് വീലുകൾ ഘടിപ്പിച്ച പുതിയ വേരിയന്റുകൾ മാത്രമാണ് 42 ബോബറിന് ലഭിക്കുന്നത്.
2024 ജാവ പെറാക്കിൻ്റെ എക്‌സ്‌ഷോറൂം വില ഇപ്പോൾ 2,13,187 രൂപയാണ്. സ്റ്റെൽത്ത് മാറ്റ് ബ്ലാക്ക്/മാറ്റ് ഗ്രേ ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം പെറാക്ക് ബോബറിന്റെ ഓൾഡ് സ്‌കൂൾ അപ്പീൽ വർധിപ്പിക്കാനായി ക്രാഫ്റ്റഡ് ബ്രാങ്ക്‌സ് ടാങ്ക് ബാഡ്‌ജിംഗും ഫ്യൂവൽ ഫില്ലർ ക്യാപ്പും ക്ലാസിക് ശൈലിയിലുള്ള ക്വിൽറ്റഡ് ടാൻ സീറ്റും മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
ബൈക്കിലും റൈഡിംഗ് ട്രയാംഗിളിലും മാറ്റങ്ങളുണ്ട്. കൂടുതൽ സുഖപ്രദമായ റൈഡിംഗ് പൊസിഷൻ ഉണ്ടാക്കുന്നതിനായി 155 മില്ലിമീറ്റർ മുന്നോട്ട് നീക്കിയതിനാൽ ഫുട് പെഗ്ഗുകൾ ഇപ്പോൾ മുന്നോട്ട് നീക്കിയിട്ടുണ്ടെന്നും ജാവ പറയുന്നു. ഇതിനുപുറമെ, പിൻഭാഗത്ത് 7 തരത്തിൽ ക്രമീകരിക്കാവുന്ന ഒരു പുതിയ മോണോഷോക്കും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരം ചില മോഡിഫിക്കേഷനുകൾക്ക് പുറമെ എഞ്ചിനിലൊന്നും കാര്യമായ നവീകരണങ്ങളൊന്നും ബ്രാൻഡ് നടപ്പിലാക്കിയിട്ടില്ല.
2024 മോഡൽ ജാവ പെറാക്ക് മുമ്പത്തെ അതേ 334 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിൻ തുടർന്നും ലഭിക്കും. ഇത് 7,500 ആർപിഎമ്മിൽ 29.49 bhp പവറും 5,500 ആർപിഎമ്മിൽ 30 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മികച്ച ഇൻ-ക്ലാസ് ആക്സിലറേഷനും ബ്രേക്കിംഗും പെറാക്ക് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ജാവ പറയുന്നത്. കോണ്ടിനെൻ്റലിൻ്റെ ഡ്യുവൽ-ചാനൽ എബിഎസോടുകൂടിയ വലിയ ByBre ഡിസ്‌ക് ബ്രേക്കുകളും ബോബർ സ്റ്റൈൽ ബൈക്കിലുണ്ട്
ഡിസ്‌ക് ബ്രേക്കുകളിൽ മുന്നിൽ 280 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്ക്കുമാണ് പുത്തൻ പെറാക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ബൈക്കിൽ സ്ലിപ്പും അസിസ്റ്റ് ക്ലച്ചും പുതിയ സെവൻ-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ-ഷോക്കും ഉണ്ടെന്നും ജാവ പറയുന്നു. പെറാക്കിനൊപ്പം, ഡയമണ്ട് കട്ട് അലോയ് വീലുകളും പുതിയ മിസ്റ്റിക് കോപ്പർ, ജാസ്പർ റെഡ് കളർ ഓപ്ഷനുകൾക്കൊപ്പമാണ് പുതിയ 42 ബോബറിൻ്റെ വരവ്.
ഇതിന് 2.09 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ 42 ബോബറിന്റെ ബ്ലാക്ക് മിറർ വേരിയൻ്റിന് 2.29 ലക്ഷവും വില മുടക്കേണ്ടി വരും. എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റേഷൻ, യുഎസ്ബി ചാർജിംഗ്, ക്രമീകരിക്കാവുന്ന സീറ്റ്, ഒന്നിലധികം ലഗേജ് ഓപ്ഷനുകൾ എന്നിങ്ങനെയുള്ള ആധുനിക ഫീച്ചറുകളുടെ അകമ്പടിയും ഈ മോട്ടോർസൈക്കിളിന്റെ ഭാഗമാവും.
എന്തായാലും പുതിയ പരിഷ്ക്കാരങ്ങളോടെ റോയൽ എൻഫീൽഡ് ക്ലാസിക് 350 പോലുള്ള വമ്പൻമാരുമായി ഏറ്റുമുട്ടാൻ ജാവ പെറാക്കിനും 42 ബോബറിനും സാധിക്കുമെന്നാണ് അനുമാനം. ധാരാളം കസ്റ്റമൈസേഷന്റെ സാധ്യതകൾ തുറന്നിടുന്നതാണ് പെറാക്കിന്റെ ഹൈലൈറ്റ്. നിലവിൽ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിൽ ട്രയംഫ്, ഹോണ്ട, ഹാർലി, ഹീറോ പോലുള്ള ബ്രാൻഡുകൾക്കൊപ്പം പിടിച്ചു നിൽക്കാൻ ജാവക്ക് കഴിയും.