മുസ്ലിംകള് മനുഷ്യരല്ലേ. അവര്‍ നമ്മുടെ സഹോദരങ്ങളല്ലേ. നിങ്ങള്‍ എന്തിനാണ് മുസ്ലിംകളെ കൊല്ലുന്നത്’
ചോദിക്കുന്നത് മറ്റാരുമല്ല. ഉമയാണ്. പശുക്കടത്തുകാരനെന്ന് പറഞ്ഞ് ഹരിയാനയില്‍ ഗോരക്ഷാ ഭീകരര്‍ വെടിവെച്ചു കൊന്ന 19കാരന് ആര്യന് മിശ്രയുടെ അമ്മ. മുസ്ലിം ആണ് അവനെന്ന് തെറ്റിദ്ധരിച്ചാണത്രെ അവര്‍ അവനെ വെടിവെച്ചു കൊന്നത്.
മുസ്ലിം ആണെന്ന് കരുതിയാണ് അവന് നേരെ വെടിയുതിര്‍ത്തതെന്നും ബ്രാഹ്മണനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നുമുള്ള മാപ്പപേക്ഷയുമായി ഗോരക്ഷാ ഗുണ്ടകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഉമയുടെ പ്രതികരണം. ബ്രാഹ്മണനെ കൊന്നതില്‍ വിഷമമുണ്ടെന്ന ബജ്റംഗ്ദള്‍ നേതാവിന്റെ ഖേദപ്രകടനത്തിന് മേലേക്കുള്ള കാര്‍ക്കിച്ചു തുപ്പലാണ് അക്ഷരാര്‍ഥത്തില്‍ മോദി ഇന്ത്യയിലെ ഈ അമ്മയുടെ ചോദ്യം.
മുസ്ലിം ആണെന്ന് കരുതിയാണ് അവര്‍ എന്റെ മോന് നേരെ വെടിയുതിര്‍ത്തത്. മുസ്ലിംകള് മനുഷ്യരല്ലേ?
അവരും നമ്മുടെ സഹോദരങ്ങള്‍ അല്ലേ? കുറ്റവാളികളല്ലേ കൊല്ലപ്പെടേണ്ടത്. അതും വെടിവെച്ചു കൊല്ലാന്‍ ആരാണ് അനുവാദം നല്‍കുന്നത്. പൊലിസിനോട് പറയട്ടേ. കുറ്റം ചെയ്തവരെ അവര്‍ ശിക്ഷിക്കട്ടെ.
എങ്ങനെയാണ് നിങ്ങള്‍ ഒരു മുസ്ലിമിനെ കൊല്ലുക?എന്രെ അയല്പക്കക്കാരായ എത്രയോ മുസ്ലിംകള് ഉണ്ട്.
അവര്‍ ഞങ്ങളെ സംരക്ഷിക്കുന്നവരാണ്. അവരെ ഞാന്‍ എന്റെ സഹോദരങ്ങളായാണ് കാണുന്നത്’ ‘ 19കാരനായ പൊന്നുമോന്റെ മരണത്തില്‍ തകര്‍ന്ന ഹൃദയത്തോടെ ആ അമ്മ ചോദിക്കുന്നു. ഇനിയും കണ്ണീര് തോര്‍ന്നിട്ടില്ല ആ അമ്മക്ക്. കളിച്ചും ചിരിച്ചും കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിപ്പോയതാണവന്. പതിവു ബഹളങ്ങലോടെ ഉന്മേഷത്തോടെ. തിരികെ വന്നത് അവന്റെ ജീവനറ്റ ശരീരമാണ്. എത്രമേല്‍ കരഞ്ഞുതീര്ത്താലും തീരാത്തത്രയും സങ്കടക്കടലിളകുന്നുണ്ട് അവരുടെയുള്ളില്‍.
മകനെ കൊന്ന പ്രതികളെ കാണാന്‍ ജയിലിലെത്തിയ ആര്യന്റെ പിതാവ് സിയാനന്ദ് മിശ്രയും ഇതേ ചോദ്യമാണ് ഉന്നയിച്ചത്.
നിങ്ങള്‍ എന്തിനാണ് മുസ്ലിമിനെ കൊല്ലുന്നത് ? പശുക്കളെ കടത്തുന്നുവെന്ന സംശയം മാത്രമാണോ കൊലക്കു കാരണം?. നിങ്ങള്‍ക്ക് കാറിന്റെ ചക്രത്തില്‍ വെടിവയ്ക്കാമായിരുന്നു. അല്ലെങ്കില്‍ പൊലിസിനെ വിളിക്കാമായിരുന്നു. നിയമം എന്തിനാണ് കൈയിലെടുത്തത്?
ഞാന്‍ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ചാണ് നിങ്ങളുടെ മകനെ കൊന്നതെന്ന് പ്രതി ബജ്റംഗ് ദള്‍ നേതാവ് അനില്‍ കൗശിക്ക് പറഞ്ഞപ്പോള്‍ അയാളോട് ആ പിതാവ് ചോദിച്ചു.
‘സണ്‍ഗ്ലാസ് ഒട്ടിച്ചതിനാലാണ് കാര്‍ ശ്രദ്ധിച്ചത്. സാധാരണ ഇത്തരം കാറുകള്‍ ഉപയോഗിക്കുന്നത് പശുക്കളെ കടത്താനാണ്. കാറിന്റെ ഉള്ളിലുള്ളവരുടെ മുഖം വ്യക്തമായി കാണാന്‍ പറ്റിയില്ല. എങ്കിലും ആര്യന് തന്റെ നേരെ നോക്കി കൈകൂപ്പുന്നത് അവ്യക്തമായി കണ്ടു. എങ്കിലും നെഞ്ചിനു നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു’ കൗശിക് പറഞ്ഞതായി മിശ്ര കൂട്ടിച്ചേര്‍ത്തു.
മകന് പശുക്കടത്തുകാരനല്ലെന്നും തികഞ്ഞ ഹിന്ദു വിശ്വാസിയാണെന്നും മിശ്ര പറഞ്ഞു. ഗോരക്ഷാസേനക്കാര്ക്ക് തോക്കുകള്‍ സൂക്ഷിക്കാന്‍ സൗകര്യം ഉള്ളതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഗോരക്ഷയുടെ പേരില്‍ നിയമം കൈയിലെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് മിശ്ര ആവശ്യപ്പെട്ടു.
കഴിഞ്ഞമാസം 23നാണ് ഫരീദാബാദില്‍വച്ച് അഞ്ചംഗ തീവ്രഹിന്ദുത്വസംഘം 19 കാരനായ ആര്യന് മിശ്രയെ കൊലപ്പെടുത്തിയത്. പ്രതികളായ അനില്‍ കൗശിക്, സൗരഭ്, വരുണ്‍, കൃഷ്ണ, ആദേശ് എന്നിവരെ 28നാണ് പൊലിസ് അറസ്റ്റ്ചെയ്തത്. കൊലയാളികളെ 27നാണ് സിയാനന്ദ് മിശ്ര ജയിലിലെത്തി കണ്ടത്. കൊലപാതകത്തില്‍ ഗോരക്ഷാസേനക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചപ്പോള്‍ അത് വിശ്വസിക്കാതിരുന്ന മിശ്ര, വിവരം പുറത്തുവിടരുതെന്ന് അപേക്ഷിച്ചു. തുടര്‍ന്ന് പ്രതികളോട് സംസാരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതുപ്രകാരമാണ് പ്രതികളെ സന്ദര്‍ശിക്കാന്‍ മിശ്രയ്ക്ക് അവസരം ലഭിച്ചത്.
ഹരിയാനയിലെ ചാര്‍ഖി ദാദ്രിയില്‍ സാബിര്‍ മാലിക് എന്ന ബംഗാളി തൊഴിലാളിയെ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഗോരക്ഷാഗുണ്ടകള്‍ അടിച്ചുകൊന്നതിന് തൊട്ടുമുമ്ബാണ് ആര്യന് മിശ്ര കൊല്ലപ്പെട്ടത്. ഗുണ്ടാപിരിവിന്റെ പേരില്‍ നടന്ന കൊലപാതകമാണെന്നാണ് പൊലിസ് ആദ്യം സംശയിച്ചത്. എന്നാല്‍ ആര്യന്റെ കാറില്‍ പശുക്കളെ കടത്തുകയായിരുന്നുവെന്ന് സംശയിച്ചാണ് വെടിവെച്ചതെന്ന് പ്രതികള്‍ മൊഴിനല്കിയതോടെയാണ് സംഭവം പുറത്തായത്. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായതിന് ശേഷം മുപ്പത്തിലധികം മുസ്ലിം ചെറുപ്പക്കാരും 7 ദലിത്, ബഹുജന്‍ യുവാക്കളും ഒരു ക്രിസ്ത്യന്‍ വനിതയുമാണ് ഹിന്ദുത്വ ആള്‍ക്കൂട്ടകൊലകള്‍ക്ക് ഇരയായത്.