റിയാദ്: പ്രഥമ സൗദി കെ.എം.സി.സി ഫുട്ബാള്‍ ടൂർണമെന്റില്‍ ദമ്മാം ബദർ എഫ്.സിക്ക് കിരീടം. മൂന്ന് മാസമായി സൗദിയുടെ വിവിധ പ്രവിശ്യകളിലായി നടന്ന ടൂർണമെന്റിന്റെഫൈനലില്‍ ജിദ്ദയിലെ സബീൻ എഫ്.സി ക്ലബിനെ പരാജയപ്പെടുത്തിയാണ് ബദർ എഫ്.സി സൗദിയിലെ മികച്ച പ്രവാസി ക്ലബുകളുടെ പട്ടികയില്‍ ഇടം നേടിയത്.
റിയാദ് മലസിലെ റയല്‍ മഡ്രിഡ് സ്റ്റേഡിയത്തില്‍ നടന്ന ടൂർണമെന്റിന്റെ ഫൈനല്‍ കാണാൻ സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഫുട്ബാള്‍ പ്രേമികള്‍ ഒഴുകിയെത്തി.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. ഹാരിസ് ബീരാൻ എം.പി, കെ.പി. മുഹമ്മദ്‌കുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒന്നാം പകുതിയുടെ 29ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സല്‍ നേടിയ മനോഹര ഗോളിലൂടെ ബദർ എഫ്.സിയാണ് അക്കൗണ്ട് തുറന്നത്.
ഇരു പകുതികളിലുമായി ഗോള്‍ മടക്കാൻ പോരാടിയ സബീൻ എഫ്.സിക്ക് മുന്നില്‍ ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയുടെ 14ാം മിനിറ്റില്‍ അജ്‌സല്‍ നല്‍കിയ മനോഹര പാസ് ഹാദിയുടെ ബൂട്ടിലൂടെ ജിദ്ദയുടെ ഗോളിയെയും മറികടന്ന് വലകുലുക്കിയപ്പോള്‍ ബദർ എഫ്.സി വിജയം ഉറപ്പാക്കി.
കളിയിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ബദർ എഫ്.സിയുടെ മുഹമ്മദ് അജ്‌സലിനെ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ടൂർണമെൻറിലെ ടോപ് സ്കോററായി സബീൻ എഫ്.സിയുടെ ഫസലുറഹ്മാനെയും ബെസ്റ്റ് ഗോള്‍ കീപ്പറായി ബദർ എഫ്.സിയുടെ മുഹമ്മദ് സാദിഖിനെയും മികച്ച ഡിഫൻഡറായി സബീൻ എഫ്.സിയുടെ അൻസില്‍ റഹ്മാനെയും മികച്ച പ്ലയറായി ബദ്‌ർ എഫ്.സിയുടെ ഹസ്സനെയും തിരഞ്ഞെടുത്തു.
വൈകീട്ട് 5.30ന് ആരംഭിച്ച വർണശബളമായ ഘോഷയാത്ര സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങള്‍ക്ക് അവിസ്‌മരണീയമായ കാഴ്ചകളാണ് സമ്മാനിച്ചത്. നാഷനല്‍ കമ്മിറ്റിക്ക് കീഴിലുള്ള 40ഓളം സെൻട്രല്‍ കമ്മിറ്റികളുടെ വിവിധ കലാപരിപാടികള്‍ അടങ്ങിയ ഇനങ്ങള്‍ കാണികള്‍ക്ക് ഇമ്ബമേകി. നേരത്തെ റിയാദ്, ജിദ്ദ, യാംബു, ദമ്മാം തുടങ്ങിയ നഗരങ്ങളിലാണ് നാഷനല്‍ സോക്കർ മത്സരങ്ങള്‍ അരങ്ങേറിയത്.
സോക്കറിനോടനുബന്ധിച്ച് മികച്ച ഫുട്ബാള്‍ സംഘാടകനുള്ള എൻജി. സി. ഹാഷിം മെമ്മോറിയല്‍ അവാർഡ് ദമ്മാം ഇന്ത്യൻ ഫുട്ബാള്‍ പ്രസിഡൻറ് സമീർ കൊടിയത്തൂരിനും 2024ലെ ശിഹാബ് തങ്ങള്‍ ബിസിനസ് എക്സലൻസി അവാർഡ് വിജയ് വർഗീസ് മൂലനും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.
പ്രഥമ കെ.എം.സി.സി ദേശീയ ഫുട്ബാള്‍ ടൂർണമെന്റിന്റെ അണിയറ ശില്‍പികളായ മുജീബ് ഉപ്പട, ഉസ്മാനലി പാലത്തിങ്ങല്‍ എന്നിവർക്കുള്ള ഉപഹാരവും തങ്ങള്‍ കൈമാറി. അലി ഖഹ്താനിയുടെ നേതൃത്വത്തിലുള്ള അമ്ബയർ പാനല്‍ മത്സരത്തിന് നേതൃത്വം നല്‍കി. സമാപന പരിപാടിയില്‍ നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
റിയാദ് സെൻട്രല്‍ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്‌തഫ ആമുഖഭാഷണം നടത്തി. ടൂർണമെന്റുമായി സഹകരിച്ച സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ അഡ്വ. ഹാരിസ് ബീരാൻ എം.പി കൈമാറി. കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ് കുട്ടി, ഖാദർ ചെങ്കള, അഹമ്മദ് പാളയാട്ട്, ബഷീർ മൂന്നിയൂർ, വി.കെ. മുഹമ്മദ്, കരീം താമരശ്ശേരി.
സുലൈമാൻ മാളിയേക്കല്‍, മുഹമ്മദ് സാലി നാലകത്ത്, ഉസ്മാനലി പാലത്തിങ്ങല്‍, ആലിക്കുട്ടി ഒളവട്ടൂർ, ഹാരിസ് കല്ലായി, ഫൈസല്‍ ബാബു, നാസർ എടവനക്കാട്, അബൂബക്കർ അരിമ്ബ്ര, മുഹമ്മദ് കുട്ടി കോഡൂർ, ബഷീർ ചേലേമ്ബ്ര, സമീർ കൊടിയത്തൂർ, ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹലിം എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും സ്പോർട്സ് സമിതി കണ്‍വീനർ മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.