◾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള വായ്പ എഴുതിത്തള്ളാന്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ച നടക്കുന്നുവെന്നും ആറാഴ്ച്ചയ്ക്കുള്ളില്‍ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വയനാട്ടില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനില്‍ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകള്‍ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
◾ ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്ഷന് നല്കാന് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ചുള്ള ധനവകുപ്പിന്റെ ഉത്തരവ് ഉടന്‍ ഇറക്കും. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയില്‍ 4,500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുന്‍ഗണനകള്‍ക്ക് പണം വകയിരുത്താനാണ് ധനവകുപ്പ് തീരുമാനം.
◾ മുന്‍ എസ്.പി.സുജിത് ദാസ് അടക്കം 3 ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈഗീക ആരോപണവുമായി വീട്ടമ്മ രംഗത്ത്. മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും പൊന്നാനി സിഐ വിനോദും ബലാല്‍സംഗം ചെയ്തുവെന്നും പരാതി അന്വേഷിച്ച ഡിവൈ.എസ്.പി. ബെന്നി മോശമായി പെരുമാറിയെന്നുമാണ് ആരോപണം. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊന്നാനി പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയതായിരുന്നു ഇവര്‍. പരാതികേള്‍ക്കാന്‍ വീട്ടില്‍ വന്ന സിഐ വിനോദ് വീട്ടില്‍വെച്ച് പീഡിപ്പിച്ചുവെന്നും ഇതിനെതിരെ പരാതിയുമായി താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയെ കണ്ടപ്പോള്‍ ബെന്നി കടന്നുപിടിച്ചുവെന്നും ഈ രണ്ട് സംഭവങ്ങള്‍ക്കെതിരേയും പരാതി നല്കാന് എസ്.പിയായിരുന്ന സുജിത് ദാസിനെ ബന്ധപ്പെട്ടുവെന്നും സുജിത് ദാസ് ആഡംബരകാറിലെത്തി ചങ്കുവെട്ടിയിലെ ഒരുവീട്ടിലേക്ക് കൊണ്ടുപോയി അവിടെവെച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. അന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ക്ക് കൂടി കാഴ്ചവെക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു.
◾ വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ്. ആരോപണത്തിനെതിരെ കേസ് നല്‍കുമെന്നും 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയതെന്നും റിസപ്ഷന് രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ടെന്നും സുജിത് ദാസ് പറഞ്ഞു. കുടുംബം പോലും തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് വ്യക്തമാക്കി.
◾ വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഡാലോചനയാണെന്ന് ഡിവൈഎസ്പി വിവി ബെന്നി പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കാന്‍ പരാതി നല്‍കുമെന്നും മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും ബെന്നി പറഞ്ഞു.
◾ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പൊന്നാനി മുന്‍ സിഐ വിനോദ് വലിയാറ്റൂര്‍. പരാതി നല്കി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് ഇതെന്നും പൊലീസിന് ഇത് മനസിലായിട്ടുണ്ടെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. സിവില്‍, ക്രിമിനല്‍ കേസുകളുമായി മുന്നോട്ട് പോകുമെന്നുെം സിഐ വിനോദ് പറഞ്ഞു.
◾ പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസിനെ സസ്പെന്‍ഡുചെയ്തത് ഡി.ജി.പിയുടെ നേരിട്ടുള്ള ഇടപെടലിലെന്ന് റിപ്പോര്‍ട്ടുകള്‍. മലപ്പുറം എസ്.പി. ഓഫീസില്‍നിന്ന് സുജിത് ദാസ് ചുമതലയിലുണ്ടായിരുന്ന കാലത്തെ വിവരങ്ങള്‍ ഡി.ജി.പി. ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹേബ് ശേഖരിച്ചു. സുജിത് ദാസ് എസ്.പിയായിരുന്ന കാലത്ത് പുറത്തിറക്കിയ ഉത്തരവുകള്‍, എടുത്ത നടപടികള്‍, യാത്രാ രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമായിരുന്നു സസ്പെന്ഷന്. സുജിത് ദാസിന്റെ വിശ്വസ്തരില്‍ പലര്‍ക്കും മാഫിയബന്ധമുണ്ടെന്നും മണ്ണ് – ക്വാറി മാഫിയയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുന്നവരാണ് ഇവരെന്നുമാണ് ഡി.ജി.പിയുടെ കണ്ടെത്തല്‍.
◾ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്. പിണറായി വിജയന് ഭീകരജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെ സുധാകരന് പറഞ്ഞു.മാഫിയകളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്.
◾ മുഖ്യമന്ത്രി പിണറായി വിജയന് ഇനി പൂരംകലക്കി വിജയന് എന്ന് അറിയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഈ സര്‍ക്കാരിനെ ജനങ്ങള്‍ വിചാരണ ചെയ്യുകയാണെന്നും സ്വര്‍ണ്ണ കടത്തുകാരും സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘവുമാണ് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കില്‍ ഉള്ളതെന്നും കുറ്റപ്പെടുത്തിയ സതീശന് ഇവര്‍ ഇനിയും തുടര്‍ന്നാല്‍ സെക്രട്ടറിയേറ്റിന് ടയര്‍ ഘടിപ്പിച്ച് കൊണ്ടുപോകുമെന്നും വിമര്‍ശിച്ചു.
◾ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയടക്കം ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും അതുണ്ടാക്കുന്ന പ്രകമ്പനങ്ങളും വളരെ ഭീകരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നിയമവാഴ്ച തന്നെ തകര്‍ന്ന അവസ്ഥയിലാണ്. പൊലീസ് തന്നെ കുറ്റാരോപിതരാകുന്നു. ഇതിനെല്ലാം ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും ഇത് സുപ്രധാനമായ വിഷയമാണെന്നും പ്രതിപക്ഷം ഗൗരവമായി എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾ തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ സെക്രട്ടേറിയറ്റില്‍ ഓണാഘോഷ പരിപാടികള്‍ ഉണ്ടാവില്ല.
◾ തൃപ്പൂണിത്തുറയില്‍ വര്‍ണാഭായ അത്തച്ചമയ ഘോഷയാത്ര. നാടന്‍ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്നുകൊണ്ടുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയാണ് തൃപ്പൂണിത്തുറയിലേത്. തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിലവിളക്ക് കൊളുത്തി അത്തച്ചമയ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
◾ തനിക്കെതിരായ അന്വേഷണത്തില്‍ വിചിത്ര കത്തുമായി എഡിജിപി എംആര്‍ അജിത് കുമാര്‍. അന്വേഷണം നടത്തുന്ന സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് അജിത് കുമാര്‍ ഡിജിപിക്ക് കത്ത് നല്കി. രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് കത്തിലെ ഉള്ളടക്കം. സര്‍ക്കാരോ ഡിജിപിയോ നിര്‍ദ്ദേശം നല്‍കുന്നതിന് പകരമാണ് സംവിധാനങ്ങളെ മറികടന്നുള്ള എഡിജിപിയുടെ കത്തെന്ന് വിമര്‍ശനം.
◾ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കുമെതിരായ പിവി അന്‍വര്‍ എംഎല്‍എ നല്കിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. പി ശശി അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നുവെന്നുമാണ് പിവി അന്‍വറിന്റെ ആക്ഷേപം.
◾ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടികള്‍ തുടരാന്‍ അന്വേഷണസംഘം. ബലാത്സംഗ കേസിലാണ് നടപടി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നും വൈദ്യപരിശോധനയ്ക്കും ലൈംഗിക ശേഷി പരിശോധനയ്ക്കും വിധേയരാക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
◾ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അഭിമാനപൂര്‍വം അവതരിപ്പിച്ച കര്‍ഷകക്ഷേമനിധി ബോര്‍ഡിന്റെ പദ്ധതികള്‍ക്ക് അംഗീകാരമായില്ല. കര്‍ഷകരോടുള്ള വഞ്ചനയാണെന്ന വിമര്‍ശവുമായി സമരത്തിലേക്ക് നീങ്ങുകയാണ് സി.പി.ഐ.യുടെ കര്‍ഷകസംഘടനയായ കിസാന്‍സഭ.
◾ വീരമൃത്യുവരിച്ച സൈനികന്റെ സ്മാരക നിര്‍മാണത്തിന് സിപിഎമ്മും ബിജെപിയും തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് പഞ്ചായത്തംഗം രംഗത്ത്. പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തംഗം കെ രജിതയാണ് ലെഫ്. കേണല്‍ നിരഞ്ജന്റെ സ്മാരക നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഉപവാസ സമരവുമായി രംഗത്തെത്തിയത്.
◾ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് അവയവ കച്ചവടത്തിനിരയാക്കാന്‍ ശ്രമിച്ചതെന്ന് കടയ്ക്കാവൂരിലുള്ള യുവതി പരാതി നല്കി. അവയവക്കടത്ത് സംഘത്തിലെ കണ്ണിയായ രതീഷ് ഭീഷണിപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. അവയവക്കടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
◾ പക്ഷിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴി, താറാവ്, കാട എന്നിവ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ആലപ്പുഴയിലെ കര്‍ഷകര്‍ക്കു തിരിച്ചടിയായി. വായ്പയെടുത്ത് കോഴി-താറാവ് വളര്‍ത്തല്‍ തുടങ്ങിയവരെല്ലാം കടക്കെണിയിലായിരിക്കുകയാണ്.
◾ മുണ്ടക്കൈ-ചൂരല്‍മല ദുരന്തഭൂമിയിലെ പുന്നപ്പുഴയെ വീണ്ടെടുക്കാനും ദുരന്താവിഷ്ടങ്ങളുടെ പുനരുപയോഗവും നീക്കംചെയ്യലും സംബന്ധിച്ച് വിദഗ്ധസംഘത്തിന്റെ പരിശോധന തുടരുന്നു. കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ വി. സന്ദീപിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് പരിശോധന നടത്തുന്നത്.
◾ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുടെ നിര്‍മാണക്കരാര്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ ഇന്നലെ തുറന്നു. ടെന്‍ഡര്‍ തുറന്ന സാഹചര്യത്തില്‍ കരാര്‍ ഒപ്പുവെക്കുന്നതോടെ വൈകാതെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് ലിന്റോ ജോസഫ് എം.എല്‍.എ. അറിയിച്ചു.
◾ ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് വ്യക്തമായ അഭിപ്രായ രൂപവത്കരണത്തിലെത്താന് കഴിയാത്തതില്‍ സിനിമയിലെ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തെ വീണ്ടും വിമര്‍ശിച്ച് സംവിധായകന് വിനയന്. കൃത്യമായ തീരുമാനമെടുത്ത് ചലച്ചിത്രമേഖലയെ സംരക്ഷിച്ചില്ലെങ്കില്‍ പതിനായിരങ്ങളുടെ തൊഴിലിനെയും ജീവിതത്തെയും അത് ബാധിക്കുമെന്ന് വിനയന് സാമൂഹികമാധ്യമക്കുറിപ്പില്‍ പറഞ്ഞു.
◾ കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. ഇലന്തൂര്‍ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാവും സുഹൃത്തും ചേര്‍ന്ന് സിനിമാ സ്റ്റൈലിലാണ് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
◾ രാജ്യത്ത് സെന്‍സെക്സും നിഫ്റ്റിയും കനത്ത തകര്‍ച്ച നേരിട്ടു. സെന്‍സെക്സ് 913 പോയന്റ് താഴ്ന്ന് 81,283ലും നിഫ്റ്റി 277 പോയന്റ് നഷ്ടത്തില്‍ 24,868ലുമെത്തി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 4.46 ലക്ഷം കോടി കുറഞ്ഞ് 461.22 ലക്ഷം കോടി രൂപയായി.
◾ മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ കേട്ടിട്ടുണ്ടെന്നും അനുഭവങ്ങള്‍ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുന്‍ എംപിയുമായ സുമലത. പവര്‍ ഗ്രൂപ്പുകള്‍ എല്ലാ ഇന്‍ഡസ്ട്രികളിലുമുണ്ടെന്നും സുമതല പറയുന്നു. സിനിമയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അത് ഗൗരവത്തോടെ എടുക്കണമെന്നും സുമലത പറഞ്ഞു.
◾ സിനിമാരംഗത്ത് മാത്രമാണ് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമം നടക്കുന്നതെന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു. ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകള്‍ക്കു നേരേ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, സിനിമാരംഗത്തെമാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു.
◾ നടിയും എം.പിയുമായ കങ്കണ റണൗട്ട് സംവിധാനംചെയ്ത് മുഖ്യവേഷത്തിലെത്തുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചതോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി കിട്ടുന്ന കാര്യം അനിശ്ചിതത്വത്തിലായത്. പ്രദര്‍ശനാനുമതി ഉടന്‍ ലഭിക്കുമെന്നും പുതിയ റിലീസ് തീയതി വഴിയേ അറിയിക്കുമെന്നും കങ്കണ എക്സിലൂടെ അറിയിച്ചു.
◾ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മേധാവി മാധബി പുരി ബുച്ചിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്റി പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അന്വേഷിച്ചേക്കും. ഈ മാസം അവസാനത്തോടെ അവരെ വിളിച്ചുവരുത്തിയേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
◾ ഹരിയാനയില്‍ പന്ത്രണ്ടാം ക്ലാസുകാരനെ ഗോരക്ഷാ സേന വെടിവെച്ചു കൊന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബം. തങ്ങള്‍ക്കിതുവരെ നീതി കിട്ടിയിട്ടില്ലെന്നും യഥാര്‍ത്ഥ പ്രതികളെ പിടിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും കൊല്ലപ്പെട്ട ആര്യന് മിശ്രയുടെ പിതാവ് സിയ നന്ദ് മിശ്ര പറഞ്ഞു. പൊലീസില്‍ വിശ്വാസമില്ലെന്നും നീതി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾ കോവിഡ് കാലത്ത് നടന്നുവെന്ന് ആരോപിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘമാകും അന്വേഷണം നടത്തുക. അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണസംഘം.
◾ ആര്.ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി സഞ്ജയ് റോയിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി സിബിഐ. കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പ്രതിയുടെ ഡിഎന്‍എ പൊരുത്തപ്പെട്ട സാഹചര്യത്തിലാണ് നടപടി. അക്രമിച്ചത് ഒരാള്‍ മാത്രമാണെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായി റെയില്‍വേയിലെ ഉദ്യോഗം രാജിവച്ചു. രണ്ടുപേരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി രണ്ടു പേരും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ എത്തി. എഐസിസി ആസ്ഥാനത്തെത്തിയാകും വിനേഷും ബജ്രംഗ് പുനിയയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുക.
◾ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 900 ഗോളുകളെന്ന മാന്ത്രികസംഖ്യയിലെത്തി. യുവേഫ നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ 900 ഗോള്‍ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
◾ അഞ്ചുദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,720ലെത്തി. പവന് 400 രൂപ ഉയര്‍ന്ന് 53,760 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 40 രൂപ വര്‍ധിച്ച് 5,570 രൂപയായി. വെള്ളി വിലയിലും ഉണര്‍വ് പ്രകടമാണ്. രണ്ട് രൂപ വര്‍ധിച്ച് 91 ലെത്തി നിരക്ക്. കാരണം അന്താരാഷ്ട്ര വില ഔണ്‍സിന് 2,515 ഡോളറും കടന്നാണ് മുന്നേറ്റം. അമേരിക്കന്‍ ഫെഡ് പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിഗമനങ്ങള്‍ തന്നെയാണ് വിലയിലും പ്രതിഫലിക്കുന്നത്. മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,195 രൂപ നല്കിയാലാണ് കേരളത്തില്‍ ഇന്ന് ഒരു പവന് ആഭരണം വാങ്ങാനാകൂ.
◾ കുട്ടികളുടെ അക്കൗണ്ടുകള്‍ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി യുട്യൂബ്. ‘ഫാമിലി സെന്റര്‍’ എന്ന പേരില്‍ അവതരിപ്പിച്ച ഫീച്ചറിലൂടെ കുട്ടികളുടെ യുട്യൂബ് അക്കൗണ്ടുകള്‍ തങ്ങളുടെ യുട്യൂബ് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ഈ ആഴ്ചയോടെ ലഭ്യമാകുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. കുട്ടികള്‍ യൂട്യൂബില്‍ എന്തെല്ലാം കാാണുന്നു, എത്ര വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകള്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയും. കുട്ടികള്‍ വിഡിയോ അപ് ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇമെയില്‍ വഴി രക്ഷിതാക്കള്‍ക്ക് സന്ദേശമെത്തും.
◾ പിറന്നാള്‍ ദിനത്തില്‍ പുതിയ ചുവടുവെപ്പുമായി നടി ഹണി റോസ്. പുതിയ നിര്‍മാണ കമ്പനിക്കാണ് താരം തുടക്കമിട്ടത്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. 20 വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്ന തന്റെ സ്വപ്നമാണ് നിര്‍മാണ കമ്പനി എന്നാണ് ഹണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമ്പനിയുടെ ലോഗോയും താരം പുറത്തിറക്കി. എച്ച്ആര്‍വി പ്രൊഡക്ഷന്‍സിലൂടെ താന്‍ ലക്ഷ്യമിടുന്നത് മികച്ച പ്രതിഭകള്‍ക്ക് അവസരം നല്‍കുക എന്നതാണ്. കൂടാതെ നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുതിയതും രസകരവും അതിശയിപ്പിക്കുന്നതുമായ കഥകള്‍ പറയാനുമാണ് ആഗ്രഹിക്കുന്നതെന്ന് ഹണി റോസ് വ്യക്തമാക്കി.
◾ തെലുങ്ക് നടന് നന്ദമൂരി ബാലകൃഷ്യുടെ മകനും സിനിമയിലേക്ക്. അരങ്ങേറ്റം പ്രശാന്ത് വര്‍മയുടെ സംവിധാനത്തിലുള്ള ചിത്രത്തിലൂടെ ആയിരിക്കും. ഹനുമാന് എന്ന സര്‍പ്രൈസ് ഹിറ്റിന്റെ സംവിധായകനാണ് പ്രശാന്ത് വര്‍മ. നന്ദമുരി മോക്ഷഗ്ന്യ നായകനായി വരുന്ന ചിത്രം പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. ഒരു സ്റ്റൈലിഷ് ലുക്കിലുള്ള മോക്ഷഗ്ന്യയുടെ ചിത്രവും പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകന് പ്രശാന്ത് വര്‍മയുടെ പ്രതീക്ഷയേറെയുള്ള സിനിമാറ്റിക് യൂണിവേഴ്സില് ഉള്‍പ്പെടുന്ന ഒരു പ്രധാന ചിത്രത്തിലാണ് മോക്ഷഗ്ന്യ നായകനാകുന്നത്.
◾ ഓണത്തിന് ബൈക്കുകള്‍ക്കും സ്കൂട്ടറുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് യമഹ. റേ ഇസഡ് ആര് 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്കൂട്ടറുകള്‍ക്ക് 4000 രൂപ വരെ ഇളവോ അല്ലെങ്കില്‍ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്കീമുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എഫ്സി എഫ്ഐ 4.0 ഡിഎല്‍എക്സിന്റെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കും എഫ്സി എഫ്ഐ 3.0നും എഫ് സി എഫ്ഐ, എഫ്സി എക്സ് എന്നിവയുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കും 5000 രൂപ വരെ ഇളവോ അല്ലെങ്കില്‍ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്കീമുമാണ് ഒരുക്കിയിരിക്കുന്നത്. റേ ഇസഡ് ആര് 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത് 125 സിസി എന്‍ജിനാണ്. 8.2 പിഎസ് കരുത്തും 10.3 എന്‍എം ടോര്‍ക്കുമുണ്ട് ഇരു സ്കൂട്ടറുകള്‍ക്കും. എഫ്സി എഫ്ഐ 4.0 ഡിഎല്‍എക്സ്, എഫ്സി എഫ്ഐ 3.0 എഫ്സി എഫ്ഐ, എഫ്സി എക്സ് എന്നീ ബൈക്കുകളില്‍ ഉപയോഗിക്കുന്നത് 149 സിസി എന്‍ജിനാണ്. 12.4 പിഎസ് കുരത്തും 13.3 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്ജിന്.
◾ ആത്മാവില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന കനലില്‍ നിന്നാണ് കഥാബീജം ഉരുവം കൊള്ളുന്നത്. ജന്മപ്രാരാബ്ധത്തിന്റെ ബഹിര്‍സ്ഫുരണമായി അവിടെ രചന സംഭവിക്കുന്നു. അപ്പോള്‍ ആര്‍ക്കു വേണ്ടിയുമല്ലെങ്കില്‍ പോലും എഴുതിയേ മതിയാവൂ. അതൊരു എഴുത്തുജന്മത്തിന്റെ കാപട്യമേതുമില്ലാത്ത വിധിയാണ്. അര്‍ച്ചന കല്യാണ്‍ എന്ന എഴുത്തുകാരി ആ നിലയില്‍ കാലത്തിന്റെ കൈകളിലെ കരുവാണ്. അവള് എഴുതുന്നു. ഇനിയും എഴുതാതിരിക്കാന്‍ അവള്‍ക്കാവുകയില്ല. അത്രമേല്‍ ഭദ്രമാണ് ഈ കഥകള്‍. ചന്ദനമരങ്ങള്‍ പൂത്തതുപോലെ. ‘കരിനീല കാക്കപ്പുള്ളി’. രണ്ടാം പതിപ്പ്. അര്‍ച്ചന കല്യാണ്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍.വില 170 രൂപ.
◾ രാത്രി ലൈറ്റിട്ട് ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പുറത്തു വന്ന പുതിയ പഠനത്തില്‍ പറയുന്നത്. വളരെ എളുപ്പത്തില്‍ പരിഷ്ക്കരിക്കാവുന്ന പാരിസ്ഥിതിക ഘടകമാണ് പ്രകാശം. അത് നമ്മുടെ ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. മെറ്റബോളിസം ഉള്‍പ്പെടെയുള്ള ശരീരത്തിലെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നതിന് ശരീരത്തില്‍ ഒരു സര്‍ക്കാഡിയന്‍ റിഥം ഉണ്ട്. നമുക്കെല്ലാം അറിയാവുന്ന പോലെ ശരീരത്തിന്റെ കേന്ദ്ര സര്‍ക്കാഡിയന്‍ ക്ലോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയ സൂചകമാണ് പ്രകാശം. ഇത് ശരീരത്തിലെ എല്ലാ കോശങ്ങളുടെയും താളങ്ങളെ ഏകോപിപ്പിക്കുന്നു. എന്നാല്‍ രാത്രിയില്‍ പ്രകാശം ഏല്‍ക്കുന്നതിലൂടെ ഈ സര്‍ക്കാഡിയന്‍ റിഥം തടസ്സപ്പെടുത്തുകയും ഉപാപചയ പ്രവര്‍ത്തന വൈകല്യത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യതയും വര്‍ധിപ്പിക്കുമെന്ന് ഓസ്ട്രേലിയയിലെ ഫ്ലിന്‍ഡേഴ്സ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 85,000 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഒന്‍പതു വര്‍ഷം നടത്തിയ പഠനത്തില്‍ രാത്രി 12.30 മുതല്‍ രാവിലെ ആറ് മണി വരെ ലൈറ്റിന്റെ വെളിച്ചത്തില്‍ കിടന്നുറങ്ങിയവര്‍ക്ക് ടൈപ്പ് 2 പ്രമേഹം സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി. രാത്രിയില്‍ ലൈറ്റ് എക്സ്പോഷന് കുറയ്ക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നും ദി ലാന്‍സെറ്റ് റീജിണല്‍ ഹെല്‍ത്ത്- യൂറോപ്പ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.93, പൗണ്ട് – 110.58, യൂറോ – 93.29, സ്വിസ് ഫ്രാങ്ക് – 99.70, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.51, ബഹറിന്‍ ദിനാര്‍ – 222.66, കുവൈത്ത് ദിനാര്‍ -274.78, ഒമാനി റിയാല്‍ – 218.01, സൗദി റിയാല്‍ – 22.36, യു.എ.ഇ ദിര്‍ഹം – 22.85, ഖത്തര്‍ റിയാല്‍ – 23.05, കനേഡിയന്‍ ഡോളര്‍ – 62.17.