കോഴിക്കോട് : കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
സെപ്റ്റംബർ 7ന് ശനിയാഴ്ച ആണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുക. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാൻ ബാധ്യതയുള്ള പൊലീസ് തന്നെ വേട്ടക്കാരായി മാറുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. കൊലപാതകം, സ്വർണ്ണക്കടത്ത്, തട്ടികൊണ്ട് പോകല്‍, ബലാല്‍സംഘം തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം പൊലീസ് തന്നെ പ്രതികളാകുന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഭരണകക്ഷിയില്‍ പെട്ട എം.എല്‍.എ തന്നെയാണ് പൊലീസ് ക്രിമിനലുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
എന്നാല്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ തൻ്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ബാക്കി സർക്കാറും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും പറഞ്ഞ് തടിയൂരുകയാണ് എം.എല്‍.എ ചെയ്തത്. സാധാരണക്കാർക്ക് സ്വൈര്യ ജീവിതം പോലും സാധ്യമാകാത്ത രീതിയില്‍ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുന്നു അദ്ദേഹം തുടർന്നു.
അതീവ ഗൗരവമായ പരാതി ലഭിച്ചിട്ടും ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി ശക്തമായ നിലപാടെടുക്കാത്തത് ക്രിമിനലുകള്‍ക്ക് വിലസാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. അതിനാല്‍ പരാതികള്‍ ഉയർന്നവർക്കെതിരെ ശക്തമായ അന്വേഷണം നടത്തി നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണമെന്ന് ഫിറോസ് കൂട്ടിച്ചേർത്തു.