ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നല്കി ഉത്തരവായത്. ബുധനാഴ്ചകളിൽ പ്രവേശനമുണ്ടാകില്ല.
സന്ദര്‍ശനത്തിനായി ഒരു സമയം പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇന്‍ഷുറന്‍സുകളുടെ ഇനത്തിലെ ചെലവ് ഹൈഡല്‍ ടൂറിസം സെന്റര്‍ വഹിക്കും. പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂര്‍ണ ഉത്തരവാദിത്തം കേരള ഹൈഡല്‍ ടൂറിസം സെന്ററും പോലീസും ഏറ്റെടുക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ജൈവമാലിന്യങ്ങള്‍ ദിവസേന നീക്കം ചെയ്യും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്കരണം നടത്തുന്നതിനു മതിയായ സജ്ജീകരണങ്ങളും താല്‍ക്കാലിക ശുചിമുറി സംവിധാനങ്ങളും ഏര്‍പ്പെടുത്തും.