‘ചന്ദ്രിക’യിൽ…
മലബാറിൽ മുസ്ലിം ലീഗിൻ്റെ പ്രവർത്തനം വ്യവസ്ഥാപിതമായി ആരംഭിക്കുന്നതിന് മുമ്പേ,1934 ലാണ് തലശ്ശേരിയിൽ നിന്നും “ചന്ദ്രിക” മുസ്ലിം ലീഗിൻ്റെ ജിഹ്വയായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അതിനും രണ്ട് വർഷം മുമ്പ്, സ്വതന്ത്ര വാരികയായി “ചന്ദ്രിക” പുറത്തിറങ്ങിയിരുന്നു. കെ.എം. സീതി സാഹിബിൻ്റെ നേതൃത്വത്തിലുള്ള ധിഷണാശാലികളും സമുദായതൽപ്പരരുമായ ഏതാനും മഹത്തുക്കളുടെ കരങ്ങളാൽ പടുത്തുയർത്തിയതാണ് “ചന്ദ്രിക”.
1939 ൽ ദിനപത്രമായ “ചന്ദ്രിക” 1945 ലാണ് തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് ആസ്ഥാനം മാറ്റിയത്.
ഒരിക്കൽ സി.എച്ചും കൂട്ടുകാരും “ചന്ദ്രിക” ഓഫീസിന് അടുത്തു കൂടെ പോകുമ്പോൾ ചന്ദ്രിക എന്നെഴുതിയ ബോർഡ് കാണിച്ചു കൊടുത്ത് കൊണ്ട് സഹപാഠികളോട് പത്രത്തെ കുറിച്ച് പല കാര്യങ്ങളും സി.എച്ച്. പറഞ്ഞു. കൂട്ടത്തിൽ താനൊരു നാൾ ആ പത്ര സ്ഥാപനത്തിൽ ഉദ്യാേഗം നേടും എന്നു കൂടി പറഞ്ഞു വെച്ചു. എഴുത്തിനോടും വായനയോടും ചെറുപ്പം മുതലേ അതീവ താൽപര്യമുള്ള സി.എച്ച്, കുട്ടിക്കാലത്ത് “ചന്ദ്രിക”യിലേക്ക് പല ലേഖനങ്ങളും അയച്ചു കൊടുത്തിരുന്നു. എന്നാൽ അവയൊന്നും പ്രസിദ്ധീകരിക്കാത്തതിനാൽ പരിഭവം പറയാൻ ഒരു കെട്ട് ലേഖനങ്ങളുമായി “ചന്ദ്രിക”ഓഫീസിലേക്ക് കടന്നു ചെന്ന കഥ ദീർഘകാലം “ചന്ദ്രിക” പത്രാധിപരായിരുന്ന വി.സി. അബൂബക്കർ സാഹിബിൻ്റെ ഒരു ലേഖനത്തിൽ വായിച്ചിട്ടുണ്ട്.
സർവ്വേന്ത്യാ മുസ്ലിം ലീഗിൻ്റെ മുഖപത്രമായി മുഹമ്മദലി ജിന്നാ സാഹിബ് സ്ഥാപിച്ച “ഡോൺ” പത്രത്തിൻ്റെ മലബാർ ലേഖകനായി 1946-47 കാലത്ത് പ്രവർത്തിക്കാനുള്ള ഭാഗ്യം സി.എച്ചിനുണ്ടായിരുന്നു. വിഖ്യാത ലേഖകന്മാർ സേവനം ചെയ്ത വിശ്വ പ്രസിദ്ധ പത്രത്തിൻ്റെ ലേഖകനാവുക എന്നത് വലിയ അംഗീകാരം തന്നെയായിരുന്നു.
1946 – ൽ തൻ്റെ പത്തൊമ്പതാമത്തെ വയസ്സിൽ സഹ പത്രാധിപരായിട്ടായിരുന്നു സി.എച്ചിൻ്റെ “ചന്ദ്രിക”യിലേക്കുള്ള രംഗ പ്രവേശം. പത്ര രംഗത്തെ സി.എച്ചിൻ്റെ പ്രാഗൽഭ്യം വളരെ പെട്ടെന്ന് തന്നെ “ചന്ദ്രിക”ക്ക് ഒരു മുതൽക്കൂട്ടായിമാറി എന്ന് തന്നെ പറയാം.
1948 മാർച്ച് 10 ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണ യോഗത്തിന് പിറ്റേ ദിവസം (മാർച്ച് 11) സി.എച്ച്. “ചന്ദ്രിക”യിൽ പ്രൗഢോജ്ജ്വലമായ മുഖപ്രസംഗമെഴുതിയ സി.എച്ച്, വരും ദിവസങ്ങിലും മുസ്ലിം ലീഗിൻ്റെ അനിവാര്യത വ്യക്തമാക്കുന്ന നിരവധി ലേഖനങ്ങൾ ചന്ദ്രികയിലൂടെ പുറം ലോകത്തെത്തിച്ചു.
1947 കാലത്ത് മലപ്പുറത്ത് നടന്ന പ്രമാദമായ രാമസിംഹം വധക്കേസിൽ മുസ്ലിം ലീഗ് നേതാക്കളെ അനാവശ്യമായി വലിച്ചിഴച്ച്, പൊടിപ്പും തൊങ്ങലും വെച്ച് പാർട്ടി പത്രത്തിലൂടെ ലേഖനമെഴുതിയ ഇ.എം.എസ്സിൻ്റെ വാദമുഖങ്ങളെ ഖണ്ഡിച്ചു കൊണ്ടും മുസ്ലിം ലീഗിനെതിരെ കുതിര കയറുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായും സി.എച്ച്, ദിവസങ്ങളോളം ”ചന്ദ്രിക”യിൽ ലേഖനമെഴുതുകയുണ്ടായി. ഒടുവിൽ, സി.എച്ചിൻ്റെ മൂർച്ചയേറിയ തൂലികക്ക് മുമ്പിൽ എതിരാളികൾ ആയുധം വെച്ച് കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്.
1949 ൽ അന്നത്തെ “ചന്ദ്രിക” എഡിറ്ററായിരുന്ന കെ.വി. അബ്ദുറഹിമാൻ സാഹിബ് ഫാറൂഖ് കോളേജിൽ ലക്ച്ചറായി പോയതോടെ തൻ്റെ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ “ചന്ദ്രിക”യുടെ എഡിറ്ററായി സി.എച്ച്. നിയമിതനായി. അതോടെ “ചന്ദ്രിക”ക്ക് പുതിയൊന്നുണർവ്വ് കൈവന്നു. മുസ്ലിംകളുടെ സാംസ്കാരിക മുന്നേറ്റങ്ങൾക്കും മത സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകി. ഒരു വർഷത്തിനകം (1950) “ചന്ദ്രിക” ആഴ്ചപ്പതിപ്പ് ആരംഭിച്ചു. ഒട്ടേറെ പുതിയ എഴുത്തുകാരെ ഇതിലൂടെ രംഗത്ത് കൊണ്ടു വന്നു. പിൽക്കാലത്ത് സാഹിത്യ ലോകത്തെ വെള്ളി നക്ഷത്രങ്ങളായി തിളങ്ങി നിന്ന പല പ്രഗത്ഭരുടെയും ആദ്യ കളരി “ചന്ദ്രിക”യായിരുന്നു. “ചന്ദ്രിക”യുടെ മുഖ പ്രസംഗം സി.എച്ച്. തന്നെയായിരുന്നു തയ്യാറാക്കിയിരുന്നത്. അക്കാലത്തെ സമൂഹത്തിലെ ദുഷിച്ച പ്രവണതക്കെതിരെ പരിഹാസത്തിൻ്റെ കൂരമ്പുകൾ തീർത്ത “കെട്ടീല്ലയോ കിഞ്ചന വർത്തമാനം” എന്ന ഹാസ്യ പംക്തിയും സി.എച്ച്. കൈകാര്യം ചെയ്തിരുന്നു.
“ചന്ദ്രിക”യെ ജീവന് തുല്യം സ്നേഹിച്ച സി.എച്ച്, അതിൻറെ ഉയർച്ചക്കും വളർച്ചക്കും സദാ തല്പരനുമായിരുന്നു. ഒരർത്ഥത്തിൽ സി.എച്ചിനെ ഇത്രമേൽ ജനകീയനാക്കിയതിൽ “ചന്ദ്രിക”ക്കും വലിയ പങ്കുണ്ടെന്ന് തന്നെ പറയാം. എന്നാൽ തൻ്റെ വ്യക്തി വികാസത്തിനുമപ്പുറം സമുദായത്തിൻ്റെ നീറുന്ന പ്രശ്നങ്ങൾ പൊതുജന മധ്യേ എത്തിക്കുന്നതിനുള്ള ഒരിടമായിട്ടായിരുന്നു സി.എച്ച്. എന്നും ‘ചന്ദ്രിക”യെ കണ്ടിരുന്നത്. തൻ്റെ വഴി കാട്ടിയായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ആശിർവാദത്തോടെ “ചന്ദ്രിക”യെ ജനകീയമാക്കുന്നതിനും സാഹിത്യ സമ്പന്നമാക്കുന്നതിനും സി.എച്ച്. നേതൃത്വം നൽകി.
സി.എച്ചിനെ ഏറെ വേദനിപ്പിച്ച ചില ദിവസങ്ങൾ, മുസ്ലിം ലീഗിലുണ്ടായ ദൗർഭാഗ്യകരമായ പിളർപ്പ് വേളയിൽ “ചന്ദ്രിക”യിൽ നിന്നുണ്ടായിട്ടുണ്ടെന്ന് വി.സി. അബൂബക്കർ സാഹിബ് സി.എച്ച്. അനുസ്മരണ ലേഖനത്തിൽ പറയുന്നുണ്ട്. ചീഫ് എഡിറ്റർ സി.എച്ച്. മുഹമ്മദ് കോയ എന്നെഴുതിയതിന് താഴെ സി.എച്ചിനെതിരെ തന്നെ അവഹേളന പരമായ വാർത്തകൾ അന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. മനസ്സ് ഏറെ വേദനിച്ചുവെങ്കിലും “ചന്ദ്രിക” നില നിൽക്കണമെന്ന അതിയായ ആഗ്രഹത്താൽ അവയെല്ലാം ക്ഷമിക്കുകയായിരുന്നു. പിളർപ്പിൻ്റെ തുടക്ക കാലത്ത് മുസ്ലിം യൂത്ത് ലീഗിൻ്റെ സമ്മേളനം കോഴിക്കോട് നടത്താൻ ഒരു വിഭാഗം തീരുമാനിച്ചു. എന്നാൽ ആ സമ്മേളനം നടന്നാൽ ഭിന്നത മൂർച്ഛിക്കുമെന്നതിനാൽ മാറ്റി വെക്കണമെന്ന അന്നത്തെ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് പൂക്കോയ തങ്ങളുടെ അഭ്യർത്ഥന ”ചന്ദ്രിക” യിൽ പ്രസിദ്ധപ്പെടുത്താൻ സി.എച്ച്. നിർദ്ദേശം നൽകി. എന്നാൽ ആ നിർദ്ദേശം ചെവിക്കൊള്ളാൻ ആ സമ്മേളനത്തിൻ്റെ സംഘാടകർ കൂടിയായ ചില സബ്ബ് എഡിറ്റർമാർ തയ്യാറായില്ല. മാത്രമല്ല, ആ വാർത്ത കൊടുക്കരുതെന്ന് ഒരു ഡയരക്ടർ അന്നത്തെ വാർത്താ ചുമതലയുണ്ടായിരുന്ന വി.സി. അബുബക്കർ സാഹിബിനെ വിളിച്ചു പറയുക കൂടി ചെയ്തു. പക്ഷെ എല്ലാ എതിർപ്പുകളും മറികടന്ന് ആ അഭ്യർത്ഥന പ്രസിദ്ധപ്പെടുത്താൻ വി.സി. തയ്യാറായെങ്കിലും സി.എച്ച്. വിലക്കി. വളരെ നിരാശയോട് കൂടി തന്നെയായിരുന്നു സി.എച്ച്. വിലക്കിയത്. ഒരു ഡയരക്ടർ അനുകൂലവും മറ്റൊരു ഡയരക്ടർ എതിർപ്പും പ്രകടിപ്പിക്കുമ്പോൾ, അത് വേണ്ട. “ചന്ദ്രിക”യാണ് നമുക്ക് വലുത്. അൽപ്പം അഭിമാന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും.” ഇതായിരുന്നു സി.എച്ചിൻ്റെ കൃത്യമായ നിലപാട്… (തുടരും)
[ഭാഗം – 7, നാളെ]
✒️U.k. Muhammed Kunhi