കൊച്ചി: സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയില്‍ കലൂരില്‍ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ എക്സൈസ് പിടികൂടി.
5.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ ബുദു പ്രധാൻ, ഷാഹില്‍ ചിഞ്ചാനി എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഒരു മാസത്തില്‍ രണ്ടോ മൂന്നോ തവണ വീതം കഞ്ചാവ് ഷോള്‍ഡർ ബാഗുകളിലാക്കി കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി.
യുവാക്കള്‍ കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് ഉടനെ കണ്ടെത്തുമെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മജുവിന്‍റെ നിർദ്ദേശത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ പി. ശ്രീരാജും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പൊക്കിയത്.
പ്രിവന്‍റീവ് ഓഫീസർമാരായ രാജീവ്, എം.എം.അരുണ്‍ കുമാർ, ബസന്ത് കുമാർ, മഹേഷ്, പ്രജിത്ത്, ശ്രീകുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ കാർത്തിക്, അഭിജിത്ത്, ബദർ അലി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.