ഫാമിലിക്ക് പറ്റിയ വലിയ വണ്ടികൾ തേടിയെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വീട്ടിലുള്ള എല്ലാവരുമായി യാത്ര ചെയ്യാൻ പറ്റുന്ന 7 സീറ്റർ മോഡലുകളോടാണ് ആളുകൾക്ക് ഇപ്പോൾ താത്പര്യം. കാരണം പണ്ടത്തെ അപേക്ഷിച്ച് ഇത്തരം യാത്രകൾ കൂടിയെന്നത് തന്നെയാണ്. ഈയൊരു വിഭാഗത്തെ ഉന്നംവെച്ചുകൊണ്ട് ഹ്യുണ്ടായി പുറത്തിറക്കിയ എസ്‌യുവിയായിരുന്നു അൽകസാർ. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമായ ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച വണ്ടിയായിരുന്നു അൽകസാർ. ടാറ്റ സഫാരി, എംജി ഹെക്‌ടർ, മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര XUV700 തുടങ്ങിയ വമ്പൻമാരോട് ഏറ്റുമുട്ടി തന്റെ സ്ഥാനം കണ്ടെത്താനും ഈ കൊറിയൻ മോഡലിനായിരുന്നു.
ഇപ്പോഴിതാ വിൽപ്പന വർധിപ്പിക്കാനായി അൽകസാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും പണിതെടുത്തിരിക്കുകയാണ് ഹ്യുണ്ടായി. നിലവിലുണ്ടായിരുന്ന മോഡലുമായി താരതമ്യം ചെയ്യുമ്പോൾ കിടിലൻ മാറ്റങ്ങളാണ് വാഹനത്തിൽ ഒരുങ്ങുന്നത്. ലുക്കിൽ തന്നെ അടിപൊളിയായ ഏറ്റവും പുതിയ അൽകസാറിന്റെ കൂടുതൽ വിവരങ്ങൾ അവതരണത്തിന് മുന്നോടിയായി പുറത്തുവിട്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.
2024 ഹ്യുണ്ടായി അൽകാസർ അടുത്ത ആഴ്ച്ച അതായത് സെപ്റ്റംബർ ഒമ്പതിന് ലോഞ്ച് ചെയ്യാൻ റെഡിയായിരിക്കുകയാണ്. ഇതിന് മുന്നോടിയായി ബുക്കിംഗ് കണക്കുകൾ കൂട്ടാനായും 7 സീറ്റർ എസ്‌യുവിയിലേക്ക് ആളുകളെ ആകർഷിക്കാനുമായി വണ്ടിയുടെ എഞ്ചിൻ ഓപ്ഷനുകൾ, ഡിസൈൻ എന്നിവയുടെ വിശദാംശങ്ങൾ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സേഫ്റ്റിയിലും എതിരാളികളില്ലെന്ന അവകാശവാദമാണ് ഹ്യുണ്ടായി ഉയർത്തിപ്പിടിക്കുന്നത്.
2021-ൽ ലോഞ്ച് ചെയ്തതിന് ശേഷം ഹ്യുണ്ടായി അൽകസാറിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന അപ്‌ഡേറ്റായിരിക്കും പുതിയ മോഡൽ. സുരക്ഷയുടെ കാര്യത്തിൽ പുത്തൻ ഹ്യുണ്ടായി അൽകസാറിന് സ്റ്റാൻഡേർഡായി 40 സുരക്ഷാ ഫീച്ചറുകൾ ലഭിക്കും. ആറ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ്, നാല് ഡിസ്‌ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന പ്രധാന സേഫ്റ്റി ഫീച്ചറുകൾ
സ്മാർട്ട് ക്രൂയിസ് കൺട്രോൾ പോലെയുള്ള 19 ആട്രിബ്യൂട്ടുകളുള്ള ഹ്യുണ്ടായി സ്മാർട്ട്സെൻസ് ലെവൽ 2 ADAS പ്രവർത്തനങ്ങളും പുതുക്കിയ അൽകസാറിന് ലഭിക്കും.സറൗണ്ട് വ്യൂ മോണിറ്റർ, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് എന്നിവയും അതിലേറെയും പോലുള്ള സംവിധാനങ്ങളും പുത്തൻ അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും.
കൂടാതെ ഡിജിറ്റൽ കീ, ഹിൽ ഡിസൻ്റ് കൺട്രോൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഇലക്‌ട്രോക്രോമിക് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ സംവിധാനങ്ങളും പുതിയ ഹ്യുണ്ടായി അൽകസാറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പണ്ടത്തെ അപേക്ഷിച്ച് കൂടുതൽ ആക്രമണാത്മക ശൈലിയിലാണ് അൽകസാർ ഇത്തവണ സ്വീകരിച്ചിരിക്കുന്നത്.
എസ്‌യുവിയുടെ പുതിയ മുൻവശത്തേക്ക് പുതുക്കിയ ഗ്രില്ലും കണക്റ്റിംഗ് എൽഇഡി ലൈറ്റ്‌ബാർ ഉപയോഗിച്ചുള്ള H ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. വശക്കാഴ്ച്ചകളിൽ പുതിയ 18 ഇഞ്ച് അലോയ് വീലുകളാണ് മുഖംമിനുക്കിയെത്തുന്ന അൽകസാറിന് ലഭിക്കുക. പിൻവശത്ത് കണക്റ്റഡ് ടെയിൽ ലൈറ്റുകളും ഉപയോഗിച്ച് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
2024 ഹ്യുണ്ടായി അൽകാസറിന് എട്ട് മോണോടോണുകളും ഒരു ഡ്യുവൽ ടോൺ കോമ്പിനേഷനും ഉൾപ്പെടെ ഒമ്പത് കളർ ചോയ്‌സുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൈറ്റൻ ഗ്രേ മാറ്റ്, സ്റ്റാറി നൈറ്റ്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, റോബസ്റ്റ് എമറാൾഡ് പേൾ, റോബസ്റ്റ് എമറാൾഡ് മാറ്റ്, ഫിയറി റെഡ് എന്നിവ മോണോക്രോമാറ്റിക് ഓപ്ഷനുകളായി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ടാവും.
അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലേക്ക് വന്നാൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേയും ഡ്രൈവർ ഡിസ്‌പ്ലേയും സമന്വയിപ്പിച്ചുള്ള ഒരു ഡ്യുവൽ സ്‌ക്രീൻ യൂണിറ്റാണ് കമ്പനി കൊടുത്തിരിക്കുന്നത്. കൂടാതെ ഹ്യുണ്ടായി അൽകസാറിന് അതിൻ്റെ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും മികച്ച കുഷ്യനിംഗും മടക്കാവുന്ന ആംറെസ്റ്റും ലഭിക്കും. 7-സീറ്റർ പതിപ്പിൽ മൂന്നാം നിര സീറ്റിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി വൺ-ടച്ച് ടംബിൾ മെക്കാനിസം ഉണ്ടാകും.
1.5 ലിറ്റർ U2 CRDi ഡീസൽ, 1.5 ലിറ്റർ ടർബോ GDi എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി അൽകസാർ വിപണിയിൽ എത്തുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയെല്ലാമാവും ഉണ്ടാവുക. നോർമൽ, ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ ഒന്നിലധികം ഡ്രൈവ് മോഡുകൾ സ്നോ, മഡ്, സാൻഡ് ഒപ്പം ട്രാക്ഷൻ മോഡുകൾ എന്നിവയും ഈ വലിയ എസ്‌യുവിയിലുണ്ടാവും.