ഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ ജോലി രാജിവെച്ചിരുന്നു.
ഇന്ത്യൻ റെയില്‍വെയില്‍ സേവനമനുഷ്ടിക്കാൻ സാധിച്ചത് ജീവിതത്തിലെ ധന്യനിമിഷങ്ങളൊണെന്നാണ് വിനേഷ് എക്സില്‍ കുറിച്ചത്. ജീവിതത്തിന്റെ നിർണായക ഘട്ടത്തില്‍ റെയില്‍വേ ജോലി രാജിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്ര സേവനത്തില്‍ റെയില്‍വേ എനിക്ക് നല്കിയ ഈ അവസരത്തിന് ഇന്ത്യൻ റെയില്‍വേ കുടുംബത്തോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും വിനേഷ് എക്സില്‍ കുറിച്ചു.
രാജിക്ക് പിന്നാലെ വിനേഷിന് റെയില്‍വെ കാരണം കാണിക്കല്‍ നോട്ടീസും നല്കി. ടോക്യോ ഒളിമ്ബിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ബജ്റംഗ് പുനിയ. പാരിസ് ഒളിമ്ബിക്സില്‍ വനിതകളുടെ ഗുസ്തിയില്‍ ഫൈനലിലെത്തി ചരിത്രം കുറിച്ചെങ്കിലും അമിത ഭാരത്തിന്റെ പേരില്‍ വിനേഷിനെ അയോഗ്യയാക്കപ്പെടുകയായിരുന്നു. അതിനു പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. വനിത ഗുസ്തി താരങ്ങള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ബി.ജെ.പി മുൻ എം.പിയും റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ കഴിഞ്ഞ വർഷം നടന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായിരുന്നു ഇരുവരും.
സെപ്റ്റംബർ നാലിന് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വലിയ ദിനമെന്നാണ് ഇരുവരുടെയും അംഗത്വത്തെ കുറിച്ച് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. വിനേഷും പുനിയയും നേതാക്കളായത് പോരാട്ടത്തിലൂടെയാണ്. കായിക താരങ്ങള്‍ക്കു നീതിക്കു വേണ്ടി പോരാടിയപ്പോള്‍ കോണ്‍ഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് അഭിമാനമാണെന്ന് വിനേഷ് മറുപടി പറഞ്ഞു. ബി.ജെ.പി ഒഴികെ മറ്റെല്ലാ പാർട്ടികളും തങ്ങളെ ചേർത്തുപിടിച്ചതായി ബജ്റംഗ് പുനിയയും പറഞ്ഞു.