കാലിലും കഴുത്തിലും നെഞ്ചിലും വെടിയുതിർത്ത് കൊന്ന ശേഷം 17കാരന്റെ മൃതദേഹത്തോട് കൊടും ക്രൂരത കാണിച്ച് ഇസ്രായേല്‍ സേന.
ബുള്‍ഡോസർ ഉപയോഗിച്ച് അധിനിവേശ സേന മൃതദേഹം ഛിന്നഭിന്നമാക്കി. ബുള്‍ഡോസറിന്റെ ഇരുമ്ബ് കൈകള്‍കൊണ്ട് കൗമാരക്കാരന്റെ കാലുകള്‍ ഛേദിച്ചു. വയർ കുത്തിക്കീറി ആന്തരികാവയവങ്ങള്‍ വലിച്ച് പുറത്തിട്ടു.
വെസ്റ്റ്ബാങ്കിലെ തൂബാസിലെ അല്‍-ഫറാ അഭയാർത്ഥി ക്യാമ്ബിലാണ് മൃഗങ്ങളെ പോലും കവച്ചുവെക്കുന്ന ക്രൂരത ഇസ്രായേല്‍ സൈനികർ കാണിച്ചത്.
ഫലസ്തീനിയൻ സെൻറർ ഫോർ ഹ്യൂമൻ റൈറ്റ്സ് (PCHR) ഈ ഭീകര സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടു. വടക്കൻ വെസ്റ്റ് ബാങ്കില്‍ തുടർച്ചയായ 10 ദിവസം അഴിഞ്ഞാടി കൊലപാതകങ്ങളും വ്യാപക നശീകരണവും നടത്തിയ ഇസ്രായേല്‍ സൈനികർ ഒമ്ബതാം ദിവസമായ വ്യാഴാഴ്ച രാവിലെയാണ് 17 വയസ്സുള്ള മജീദ് ഫിദ അബു സീനയെ ക്രൂരമായി കൊന്നത്.
പുലർച്ചെ 12:45 ന് ബുള്‍ഡോസറുകളും ഡ്രോണുകളും സഹിതം അല്‍-ഫറാ അഭയാർത്ഥി ക്യാമ്ബില്‍ ഇരച്ചെത്തിയ സൈന്യം ക്യാമ്ബിന്റെ പടിഞ്ഞാറുവശത്തുള്ള മജീദ് ഫിദ അബു സീനയെ വെടിവെക്കുകയായിരുന്നു.
ആദ്യം കാലില്‍ വെടിയുതിർത്തു. തുടർന്ന് ഒരു പട്ടാളക്കാരൻ അവന്റെ ഷർട്ട് അഴിക്കാൻ കല്പിച്ചു. അവൻ അനുസരിച്ചു. തുടർന്ന് പാൻറ് അഴിക്കാൻ ഉത്തരവിട്ടപ്പോള്‍ കുട്ടിക്ക് കഴിഞ്ഞില്ല.
ഉടൻ തന്നെ പട്ടാളക്കാർ മജീദ് ഫിദയുടെ കഴുത്തിലും നെഞ്ചിലും വെടിവെച്ചു. നിലത്ത് പിടഞ്ഞുവീണ അവൻ ഏകദേശം ഒന്നര മണിക്കൂറോളം രക്തം വാർന്നു കിടന്നു. സഹായം നല്‍കാനോ മൃതദേഹം മാറ്റാനോ ആരോഗ്യപ്രവർത്തകരെ പോലും ഇസ്രായേല്‍ സേന സമ്മതിച്ചില്ല.
തുടർന്നായിരുന്നു മനുഷ്യത്വം മരവിപ്പിക്കുന്ന കൊടും ക്രൂരത അരങ്ങേറിയത്. ഏകദേശം പുലർച്ചെ 2:30ന് ഒരു സൈനിക ബുള്‍ഡോസർ കൊണ്ടുവന്ന് കുട്ടിയുടെ ശരീരം വികൃതമാക്കാൻ തുടങ്ങി. വയറു കീറുകയും ആന്തരിക അവയവങ്ങള്‍ പുറത്തിടുകയും ചെയ്തു. ബുള്‍ഡോസറിന്റെ ഇരുമ്ബ് പല്ലില്‍ കോർത്ത് കാലുകള്‍ ഒടിച്ചു.
നബ്‍ലസ്-തുബാസ് റോഡിലൂടെ അല്‍-ഫറാ കുന്നില്‍ മൃതദേഹം വലിച്ചെറിഞ്ഞു. 06:45 അധിനിവേശ സേന സ്ഥലത്തുനിന്ന് പിന്മാറിയ ശേഷം വികൃതമായ തിരിച്ചറിയാനാകാത മൃതദേഹം നാട്ടുകാർ വീണ്ടെടുത്ത് തുബാസ് ടർക്കിഷ് പബ്ലിക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പിന്നീടാണ് കുട്ടി ക്യാമ്ബിലെ താമസക്കാരനായ മജീദ് ഫിദ അബു സീന ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്