നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് കാറുകൾ. ഇതനുസരിച്ച് സ്വന്തമായി കാറില്ലാത്തവരുടെ എണ്ണവും നാട്ടിൽ കുറഞ്ഞുവരികയാണ്. ഒന്നിലധികം ആളുകൾക്ക് ഒരുമിച്ച് പോവാം എന്നതിലുപരി അത്യാവിശ്യം സാധാനങ്ങളും കയറ്റി കൊണ്ടുപോവാം എന്നതാണ് കാറുകളുടെ പ്രായോഗികമായ വശം. പുതിയ വാഹനം വാങ്ങുമ്പോൾ ബൂട്ട് സ്പേസ് അല്ലെങ്കിൽ ഡിക്കിയിൽ പരമാവധി സാധനങ്ങളും പെട്ടികളുമെല്ലാം കയറ്റി പോവാൻ പറ്റുന്ന തരത്തിലുള്ള മോഡലുകൾ തെരഞ്ഞുപിടിച്ച് വാങ്ങുന്നവരും ഏറെയാണ്
ഫാമിലി ആവശ്യങ്ങൾക്കായി ഒരു കാർ വാങ്ങുകയാണെങ്കിൽ ബൂട്ട് സ്പേസ് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. സെഡാനുകളുടെ പ്രായോഗികത മനസിലാകുന്നതും ഇത്തരം സന്ദർഭങ്ങളിലാണ്. ടാക്‌സിയായി കൂടുതലും ഇത്തരം കാറുകൾ ഉപയോഗിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണിത്.ഓരോരുത്തർക്കും കാറുകൊണ്ടുള്ള ഉപയോഗം ഒരോന്നാണല്ലോ. എങ്കിലും സ്വന്തം വാഹനത്തിൽ അത്യാവിശ്യം യാത്ര പോകുന്നവരാവും പലരും.
അല്ലെങ്കിൽ സ്വന്തക്കാരെയോ കൂട്ടുകാരെയോ എയർപോർട്ടിൽ പിക്ക് ചെയ്യാനോ ഡ്രോപ്പ് ചെയ്യാനോ പോയിട്ടെങ്കിലും കാണും. ഇത്തരം സന്ദർഭങ്ങളിൽ ബൂട്ടിൽ സാധനങ്ങൾ കുത്തിനിറച്ച് കൊണ്ടുപോവുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. ഇത് തെറ്റായൊരു രീതിയാണെന്ന് പലർക്കും അറിയാമെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ ഇതെല്ലാം വിസ്‌മരിച്ചേ മതിയാവൂ. കാറിന്റെ റിയർ ഗ്ലാസ് മറക്കുന്ന രീതിയിൽ വരെ പലരും ഡിക്കിയിൽ സാധനങ്ങൾ കുത്തിനിറയ്ക്കാറുണ്ട്
എന്നാൽ വാഹനത്തിന്റെ ഡിക്കിയിൽ കൃത്യമായി എത്ര അളവിൽ സാധനങ്ങൾ കയറ്റാം എന്നതിനും ഒരു ശാസ്‌ത്രമുണ്ട് കേട്ടോ. ഭൂരിഭാഗം ആളുകൾക്കും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടെന്നതാണ് സത്യം. ബൂട്ടിൽ എത്രത്തോളം ലഗേജ് സൂക്ഷിക്കുന്നതാവും ഉചിതമെന്ന കാര്യം പറഞ്ഞുതരാം. കാർ വാങ്ങാൻ ചെല്ലുമ്പോൾ കിട്ടുന്ന ബ്രോഷറിൽ ബൂട്ട് സ്പേസ് കപ്പാസിറ്റിയും പരാമർശിച്ചിട്ടുണ്ട്
ഇത് 400 ലിറ്റർ, 450 ലിറ്റർ അല്ലെങ്കിൽ 500 ലിറ്റർ എന്നിങ്ങനെ ലിറ്ററിലാണ് എഴുതിയിരിക്കുന്നത്. അപ്പോൾ തന്നെ പലർക്കും കൺഫ്യഷനടിക്കാൻ തുടങ്ങും. യഥാർഥ സാഹചര്യങ്ങളിൽ ലിറ്റർ കണക്കിന് അളന്ന് സാധനങ്ങൾ ഒരിക്കലും വണ്ടിയിൽ കയറ്റാനാവില്ലെന്ന് എല്ലാവർക്കും അറിയാം. എങ്കിലും സുരക്ഷിതമായ യാത്രയ്ക്ക് കാറിന്റെ ബൂട്ടിൽ എത്ര ലഗേജ് സൂക്ഷിക്കണം എന്നതിനെക്കുറിച്ച് ഏകദേശ ധാരണ എല്ലാവർക്കും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
ഇതിനായി നിങ്ങൾക്ക് വാഹനത്തിന്റെ പിന്നിലെ വിൻഡോ ഗ്ലാസ് അല്ലെങ്കിൽ പിൻ സീറ്റ് കൗൾ ഒരു സ്കെയിലായി ഉപയോഗിക്കാം. പിൻവശത്തെ ഗ്ലാസിൻ്റെ താഴത്തെ വരിയിലോ പിൻസീറ്റിൻ്റെ ഉയരത്തിലോ എത്താൻ കഴിയുന്നത്ര ലഗേജ് മാത്രമേ ബൂട്ടിൽ സൂക്ഷിക്കാവൂ. ഇതിന് മുകളിൽ സാധനങ്ങൾ കയറ്റരുത്. കാരണം റിയർ ഗ്ലാസിൽ നിന്നുമുള്ള ഡ്രൈവറുടെ കാഴ്ച്ചയെ ഇത് തടസപ്പെടുത്തിയേക്കാം. അങ്ങനെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും
സുരക്ഷിതമായ ഡ്രൈവിംഗിന് മുന്നോട്ടുള്ള കാഴ്ച്ച പോലെ തന്നെ പ്രധാനമാണ് പിന്നിലെ കാഴ്ച്ചയും ശ്രദ്ധയും. ഇതിനായി റിയർ ഗ്ലാസിൻ്റെ നല്ല ദൃശ്യപരത ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അതിനാൽ, ഒരു കാരണവശാലും ലഗേജ് സീറ്റിനേക്കാൾ ഉയരത്തിലോ പിൻവശത്തെ വിൻഡോ ഗ്ലാസിന് മുകളിലോ അടുക്കി വെക്കരുത്. യാത്രക്കാരുടെ മൊത്തത്തിലുള്ള സുരക്ഷക്ക് വെല്ലുവിളിയാവുന്ന ഇത്തരം കാര്യങ്ങൾ കഴിവതും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലകാര്യം.
കൂടാതെ വേഗത്തിൽ പോകുമ്പോൾ ലഗേജുകൾ പിൻസീറ്റിലേക്ക് വീഴാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള അപകടങ്ങൾ വിളിച്ചുവരുത്തിയിട്ട് പിന്നെ ദുഖിച്ചിട്ട് കാര്യമില്ലല്ലോ. നമ്മുടെ നാട്ടിൽ പൊതുവേ കാണുന്നൊരു കാര്യമാണ് ബൂട്ടിൽ സാധങ്ങൾ കുത്തിക്കയറ്റികൊണ്ടുപോവുന്നത്. പുതിയ കാർ വാങ്ങുന്നവർ അവരവരുടെ ആവശ്യങ്ങൾ മുന്നിൽകണ്ട് വേണം മോഡൽ തെരഞ്ഞെടുക്കാൻ
എപ്പോഴും യാത്രപോവുന്നവരും അല്ലെങ്കിൽ ബൂട്ട് എപ്പോഴും ഉപയോഗിക്കുന്നവരുമാണെങ്കിലും ബൂട്ട് സ്പേസ് കൂടുതലുള്ള വണ്ടികൾ തന്നെയാണ് വാങ്ങേണ്ടത്. അല്ലെങ്കിൽ ഭാവിയിൽ പിന്നീട് പല ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. മൈലേജ് നോക്കി സിഎൻജി കാറുകൾ തെരഞ്ഞെടുക്കുന്നവരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഡിക്കിക്ക് സ്പേസില്ല എന്നത്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് സിലിണ്ടർ കാറിൻ്റെ ബൂട്ട് ഏരിയയിൽ സ്ഥാപിക്കുന്നതിനാൽ ഭുരിഭാഗം സ്ഥലും ടാങ്ക് കൊണ്ടുപോവും