2023 ജൂലൈയിലാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ എക്സ്റ്റര്‍ എന്ന മൈക്രോ എസ്യുവി രാജ്യത്ത് അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് എക്സ്റ്റര്‍ കമ്പനിയുടെ പ്രതീക്ഷ കാക്കുകയും ചെയ്തു. മറ്റ് ഹ്യുണ്ടായി കാര്‍ മോഡലുകള്‍ പോലെ തന്നെ ഫീച്ചര്‍ റിച്ചായ ഉല്‍പ്പന്നമായിരുന്നു ഇതും. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള സൗകര്യം വാഗ്ദാനം ചെയ്യുവാനായി ടണ്‍ കണക്കിന് വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നത് ഹ്യുണ്ടായിയുടെ ശീലമാണ്. ഇപ്പോള്‍ ഉത്സവകാലത്ത് വില്‍പ്പന വാരാന്‍ ഹ്യുണ്ടായി എക്സ്റ്ററില്‍ രണ്ട് വേരിയന്റുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. അവ ഏതാണെന്നും പുതുതായി എന്തൊക്കെ വാഗ്ദാനം ചെയ്യുന്നുവെന്നുമുള്ള കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
6 ലക്ഷം മുതല്‍ 10.50 ലക്ഷം വരെ വില നിലവാരത്തില്‍ വരുന്ന ഹ്യുണ്ടായി എക്സ്റ്റര്‍ ബജറ്റ് വില നിലവാരത്തില്‍ എസ്യുവി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒത്തിരി പോരെ ആകര്‍ഷിക്കുന്നു. വെള്ളിയാഴ്ച ഹ്യുണ്ടായി സണ്‍റൂഫോട് കൂടിയ S+ (എഎംടി), S(O)+ (എംടി) എന്നീ രണ്ട് വേരിയന്റുകള്‍ കൂടി എക്സ്റ്ററിന്റെ ബ്രോഷറില്‍ ചേര്‍ത്തു.
പുത്തന്‍ വേരിയന്റുകളുടെ വില യഥാക്രമം 7.86 ലക്ഷം രൂപയും 8.43 ലക്ഷം രൂപയുമാണ്. എക്സ്ഷോറും വിലകളാണിത്. പുതിയ S(O)+ മാനുവല്‍ S(O) (7.65 ലക്ഷം രൂപ), SX (8.23 ലക്ഷം രൂപ) ട്രിമ്മുകള്ക്കിടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പുതിയ S+ AMT നിലവിലുള്ള S AMT (8.23 ലക്ഷം രൂപ), SX (8.90 ലക്ഷം രൂപ) എന്നിവയ്ക്ക് ഇടയില്‍ സ്ഥാനം പിടിക്കുന്നു.
ഇതുവരെ SX ട്രിം മുതല്‍ എക്സ്റ്ററില്‍ സിംഗിള്‍-പേന്‍ സണ്‍റൂഫ് ലഭ്യമായിരുന്നു. പുതിയ S(O)+ ട്രിം മാനുവല്‍ വേരിയന്റുകളില്‍ സണ്‍റൂഫിനെ 37,000 രൂപയും S+ AMT ഓട്ടോമാറ്റിക് വേരിയന്റുകളില്‍ 46,000 രൂപയും കുറവില്‍ ലഭ്യമാക്കി. സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള രണ്ടാമത്തെ കാറാണ് എക്സ്റ്റര്‍. ടാറ്റ ആള്‍ട്രോസിന്റെ XM S ട്രിം ആദ്യത്തേതാണ്. വില 7.45 ലക്ഷം രൂപ മാത്രം
ഈ രണ്ട് വേരിയന്റുകള്‍ വഴി ഹ്യുണ്ടായി രാജ്യത്തെ യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കാറില്‍ ലഭ്യമാകുന്ന ഫീച്ചറുകള്‍ അതിന് അടിവരയിടുന്നു. ഡിജിറ്റല്‍ ക്ലസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, റിയര്‍ എസ്ഐ സിസ്റ്റം വെന്ററുകള്‍, എല്ലാ ഡോറുകള്‍ക്കും പവര്‍ വിന്‍ഡോകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്കിഡ് പ്ലേറ്റുകള്‍, ഫേളോ മീ ഹോം ഹെഡ്ലാമ്പുകള്‍ എന്നീ ഫീച്ചറുകള്‍ ഇതില്‍ ലഭിക്കുന്നു.
എക്സ്റ്ററില്‍ ഈ ഫീച്ചറുകള്‍ നേരത്തെ തന്നെ ലഭ്യമായിരുന്നുവെങ്കിലും മോഡലിന്റെ ഉയര്‍ന്ന വേരിയന്റ് വാങ്ങേണ്ടിയിരുന്നു. സമീപകാലത്തായി പല കാര്‍ നിര്‍മ്മാതാക്കളും മുന്‍നിര വേരിയന്റുകളില്‍ ലഭ്യമായിരുന്ന ഫീച്ചറുകള്‍ മിഡ് വേരിയന്റുകളിലേക്ക് ഇറക്കുന്ന തന്ത്രം പിന്തുടരുന്നുണ്ട്. താങ്ങാവുന്ന വില നിലവാരത്തില്‍ സണ്‍റൂഫ് പോലുള്ള ട്രെന്‍ഡിംഗ് ഫീച്ചറുകള്‍ മിഡ് വേരിയന്റുകളില്‍ കിട്ടുന്നത് മോഡലുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ഫീച്ചറുകളുടെ കാര്യത്തില്‍ എക്സ്റ്റര്‍ അല്ലെങ്കിലേ കിടുവാണ്. സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, ടയര്‍-പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, എല്‍ഇഡി ഡിആര്‍എല്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്കിഡ് പ്ലേറ്റുകള്‍, ഹെഡ്ലാമ്പ് എസ്കോര്‍ട്ട് ഫംഗ്ഷന് എന്നിവയാണ് പ്രധാന ഹൈലൈറ്റുകള്‍. താരതമ്യേന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും പിന്നില്‍ 400 ലിറ്ററോളം കാര്‍ഗോ ഏരിയയുള്ള വിശാലമായ ക്യാബിനും എക്സ്റ്ററില്‍ വരുന്നു.
82 bhp പവറും 113.8 Nm ഉത്പാദിപ്പിക്കുന്ന 1.2-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എക്സ്റ്ററിന് തുടിപ്പേകുന്നത്. 5 സ്പീഡ് അല്ലെങ്കില്‍ അല്ലെങ്കില്‍ 5 സ്പീഡ് എംഎംടി എന്നിവയില്‍ ലഭിക്കും. 68 bhp പവറും 95 Nm പീക്ക് ടോര്‍ക്കും നല്കുന്ന രീതിയില്‍ സിഎന്‍ജി പവര്‍ട്രെയിനിലും എക്സ്റ്റര്‍ വരുന്നുണ്ട്. 5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് ഓപ്ഷനില്‍ മാത്രമാണ് എക്സ്റ്റര്‍ സിഎന്‍ജി ഓഫര്‍ ചെയ്യുന്നത്.
ടാറ്റയുടെ ഇരട്ട സിലിണ്ടര്‍ സാങ്കേതികവിദ്യയ്ക്ക് സമാനമായി ഹൈ ഡ്യുവോ സിഎന്‍ജി സജ്ജീകരണത്തിലേക്ക് മാറുന്ന ആദ്യത്തെ ഹ്യുണ്ടായി കാറാണ് എക്സ്റ്റര്‍. എക്സ്റ്ററിന്റെ പെട്രോള്‍ പതിപ്പുകള്‍ക്ക് ഏകദേശം 19 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ സിഎന്‍ജി പതിപ്പിന് കിലോഗ്രാമിന് 27.1 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത അവകാശപ്പെടുന്നു
സണ്‍റൂഫിനെ ഗണ്യമായി പ്രാദേശികവല്‍ക്കരിക്കുന്ന ആദ്യ കമ്പനിയാണ് ഹ്യുണ്ടായി. അതിന്റെ മുഴുവന്‍ ശ്രേണിയിലും ഇത് വാഗ്ദാനം ചെയ്തുകൊണ്ട് അവര്‍ നേട്ടം കൊയ്യുന്നു. എന്നാല്‍ എക്സ്റ്ററിന് അതിന്റെ പോരായ്മകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിന്റെ പാരമ്പര്യേതര സ്റ്റൈലും രൂപവുമാണ് ഒന്ന്. ദൈര്‍ഘ്യമേറിയ യാത്രകളില്‍ സീറ്റുകള്‍ അല്‍പ്പം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും പറഞ്ഞു.