(ഭാഗം – 7)
പ്രഗത്ഭ പ്രഭാഷകൻ
പ്രസംഗം ഒരു കലയാണ്. ശ്രോതാക്കളെ ചിന്തിപ്പിക്കുകയും കാര്യങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രസംഗ കലയുടെ ഉദ്ദേശ്യമെന്നാണ് വ്യാഖ്യാനം. ഒരു ജനതയെ ആകമാനം കയ്യിലെടുക്കാനുള്ള മാസ്മരിക കഴിവ് സി.എച്ചിൻ്റെ പ്രസംഗത്തിനുണ്ടായിരുന്നു. ഓരോ സാഹചര്യത്തിനും സന്ദർഭത്തിനും മാത്രമല്ല, തൻ്റെ മുന്നിലിരുക്കുന്നവരുടെ മനോഗതിക്കുമനുനുസരിച്ചുള്ള പ്രസംഗമായിരുന്നു അദ്ദേഹത്തിൻ്റെത്.
സി.എച്ചിൻ്റെ വാക്കുകളിലെ സൗന്ദര്യവും നർമ്മവുമൊന്നും ആസ്വദിക്കാത്തവർ അക്കാലത്തുണ്ടായിരുന്നില്ല. വലിയ ജനക്കൂട്ടമായിരുന്നു സി.എച്ചിൻ്റെ പ്രസംഗം കേൾക്കാൻ തടിച്ചു കൂടാറുള്ളത്. നേരം പുലരുംവരെ ആളുകൾ ക്ഷമയോടെ ഇരിക്കുന്നതും സി.എച്ചിൻ്റെ പ്രസംഗം കേൾക്കാൻ തന്നെയായിരുന്നു. സമ്മേളനത്തിൻ്റെ അവസാന പ്രാസംഗികനായാണ് സംഘാടകർ സി.എച്ചിനെ വിളിക്കാറുള്ളത്. എന്നാൽ ഒഴിച്ച് കൂടാനാവാത്ത അസൗകര്യമുണ്ടായാൽ നേരെത്തെ പ്രസംഗിക്കും. അതോടെ ജനങ്ങൾ സദസ്സ് വിട്ട് പോകുകയും ചെയ്യും.
സി.എച്ചിൻ്റെ മൂർച്ചയേറിയ വാക്കുകളുടെ പ്രഹരമേൽക്കാത്ത രാഷ്ട്രീയ എതിരാളികൾ വളരെ കുറവായിരുന്നു. അതിൽ ഏറ്റവും പ്രമുഖൻ കമ്മ്യൂണിസ്റ്റ് നേതാവായ ഇ.എം.എസ്സ്. തന്നെയായിരുന്നു. സി.എച്ച്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന വേളയിൽ നടന്ന ഒരു പോലീസ് മർദ്ദനത്തെക്കുറിച്ച് ഇ.എം.എസ്സ്. പറഞ്ഞ ചില ആക്ഷേപങ്ങളെക്കുറിച്ച് സി.എച്ച്. മറുപടി പറഞ്ഞത് പാലക്കാട് കോട്ട മൈതാനിയിൽ വെച്ച് നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ വെച്ചായിരുന്നു. സി.എച്ച്. അവിടെ പറഞ്ഞ വാക്കുകളോരൊന്നും ഇ.എം.എസ്സിൻ്റെ നാവടപ്പിക്കുന്നതായിരുന്നു.
ശ്രീ ബുദ്ധനും അശോകനും ശേഷം വന്ന അഹിംസ വാദിയാണോ ഇ.എം.എസ്സ്. എന്ന് ചോദിച്ചു കൊണ്ട് തുടങ്ങിയ പ്രസംഗം, ഇ.എം.എസ്സ്. ‘ദേശാഭിമാനി’യിൽ എഴുതുന്ന ലേഖനങ്ങളെ തലയും വാലുമില്ലാത്ത എഴുത്തെന്ന് പറഞ്ഞു അതിലെ പൊള്ളത്തരങ്ങളെ കശക്കിയെറിഞ്ഞു. എസ്.കെ. പൊറ്റക്കാടിൻ്റെ ഒരു കഥയിലെ കഥാപാത്രത്തോടാണ് സി.എച്ച്. ഇ. എം.എസ്സിനെ ഉപമിച്ചത്. നാട്ടിൽ കാണുന്ന പെണ്ണുങ്ങളെയൊക്കെ പ്രേമിക്കുകയും എന്നാൽ, റൊമാൻറ് മൂഡ് പോകുമെന്ന് പറഞ്ഞ് കല്ല്യാണം കഴിക്കാതിരിക്കുകയും ചെയ്യുന്നതാണ് കഥാപാത്രം. ഭിക്ഷക്കാരനോട് ഒന്നുമില്ലെന്ന് പറഞ്ഞതിന് വേലക്കാരനെ ശകാരിക്കുന്ന മുതലാളിയായും ഇ.എം.എസ്സിനെ ഉപമിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരോടും നല്ല വ്യക്തി ബന്ധമായിരുന്നു സി.എച്ചിനുണ്ടായിരുന്നത്.
മലയാളത്തിൽ മാത്രമല്ല ഇംഗ്ളീഷിലും സ്പഷ്ടമായി പ്രസംഗിക്കാനുള്ള കഴിവ് സി.എച്ചിനുണ്ടായിരുന്നു. കേരളത്തിന് പുറത്ത് ഇംഗ്ളീഷിലായിരുന്നു സി.എച്ച്. പ്രസംഗിച്ചിരുന്നത്. മഹാരാഷ്ട്രയിൽ ആദ്യമൊക്കെ സി.എച്ചിൻ്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ബനാത്ത് വാലാ സാഹിബായിരുന്നു. തമിഴ്നാട്ടിൽ എം.എ. ലത്വീഫ് സാഹിബും ബംഗാളിൽ ഹസ്സാനുസ്സമാൻ സാഹിബുമായിരുന്നു ഈ ദൗത്യം നിർവ്വഹിച്ചിരുന്നത്. സീതി സാഹിബ് കഴിഞ്ഞാൽ മുസ്ലിം ലീഗിലെ ഏറ്റവും നല്ല പരിഭാഷകൻ കൂടിയായിരുന്നു സി.എച്ച്.
1948 ൽ കോഴിക്കോട് ബീച്ച് ഹോട്ടലിൽ ചേർന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിച്ച അന്യ ഭാഷക്കാരുടെ മുഴുവൻ പ്രസംഗവും പരിഭാഷപ്പെടുത്തി നേതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയത് സി.എച്ച്. തന്നെയായിരുന്നു. 1968 ൽ തിരൂരങ്ങാടി യതീംഖാനയിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത അക്കാലത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല പ്രഭാഷകനായിരുന്ന ബദറുദ്ദുജാ എം.പി. യുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ ആരും ധൈര്യപ്പെടാതിരുന്നപ്പോൾ, അത് ഏറ്റെടുത്ത് ഭംഗിയായി നിർവ്വഹിച്ചത് സി.എച്ച്. മുഹമ്മദ് കോയ സാഹിബായിരുന്നു.
മുസ്ലിം ലീഗിനും മുസ്ലിം സമുദായത്തിനുമെതിരെ വരുന്ന ഏത് എതിർപ്പുകളെയും തൻ്റെ ഫലിതത്തിൽ തീർത്ത അസ്ത്രം കൊണ്ട് നിലംപരിശാക്കാൻ സി.എച്ചിന് പ്രത്യേകം സിദ്ധി തന്നെയുണ്ടായിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണത്തിൻ്റെ ആദ്യ വർഷങ്ങൾ എതിർപ്പുകളുടെ കൂരമ്പുകൾക്ക് മീതെയായിരുന്നു ലീഗ് നേതാക്കളുടെ പടയോട്ടം ഉണ്ടായിരുന്നത്. യുവാവായ സി.എച്ചിൻ്റെ ആവേശകരമായ പ്രസംഗങ്ങൾ മുഴങ്ങിക്കേൾക്കാത്ത നാട്ടിൻ പുറങ്ങളുണ്ടായിരുന്നില്ല. അങ്ങനെയൊരു നാൾ 1950 കാലത്ത് മുസ്ലിം ലീഗിൻ്റെ ഒരു മഹാ സമ്മേളനം കണ്ണൂരിൽ നടക്കുകയാണ്. പരിപാടിയിലെ മുഖ്യ ആകർഷണം സി.എച്ചിൻ്റെ പ്രസംഗം തന്നെ. സമ്മേളന നഗരിയിൽ തടിച്ചു കൂടിയ ജന ലക്ഷങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് സി.എച്ച്. അത്യുജ്ജല പ്രസംഗം നടത്തി. പ്രസംഗത്തിലുടനീളം മുസ്ലിം ലീഗ് വിരുദ്ധരെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും, ലീഗിനോടുള്ള അവരുടെ മനോഭാവത്തെ ഉപമയുടെ മേമ്പൊടി ചേർത്ത് പുച്ഛിച്ച് തള്ളുകയും ചെയ്തു.
ആവേശകരമായ പ്രസംഗം കഴിഞ്ഞ് കാറിൽ യാത്ര ചെയ്യവേ ഹമീദലി ശംനാട് സാഹിബും കൂടെയുണ്ടായിരുന്നു. സംസാര മധ്യേ, പ്രസംഗത്തിലെ ചില മൂർച്ചയേറിയ പദ പ്രയോഗങ്ങളെയും ചിലയാളുകളെ പറ്റി സി.എച്ച്. പറഞ്ഞ ശൈലിയെ കുറിച്ചും ശംനാട് സാഹിബ് സി.എച്ചിനോട് ആരാഞ്ഞു. ഉടനെ സി.എച്ചിൻ്റെ മറുപടി വന്നു. “ഞാൻ പ്രസംഗിച്ചത് ലോ കോളേജിൽ നിന്നോ, മെഡിക്കൽ കോളേജിൽ നിന്നോ ബിരുദം നേടിയവരോടല്ല. ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരോടുമല്ല. പട്ടിണിപ്പാവങ്ങളും സാധാരണക്കാരും തൊഴിലാളികളും ഉൾപ്പെട്ട വലിയൊരു ജന സഞ്ചയത്തോടാണ്. അവർ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം വാക്കുകളാണ്. മറിച്ചായാൽ നമ്മുടെ പ്രവർത്തകർക്ക് കാര്യം വേണ്ടത്ര ഗ്രഹിക്കാതെ വരും.
അവർ മറ്റുള്ളവർ പറയുന്നതിലും ഇല്ലാത്ത ശരി കണ്ടെത്താൻ ശ്രമിക്കും. അത് നമ്മുടെ പാർട്ടിക്ക് ദോഷം വരുത്തും. വ്യക്തിപരമായി ഞാൻ ഏറെ ബഹുമാനിക്കുന്ന വലിയ നേതാക്കന്മാരെയാണ് പേരെടുത്ത് വിമർശിച്ചത്. അതവിടെ അനിവാര്യവുമാണ്. കാരണം, എൻ്റെ പാർട്ടിയെ എതിർക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കുക എന്നത് എൻ്റെ ചുമതലയാണ്. അതാണ് നമ്മുടെ പ്രവർത്തകർ ആഗ്രഹിക്കുന്നതും.”
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുസ്ലിം ലീഗിനെ ചത്ത കുതിര എന്ന് പരിഹസിച്ച് പ്രസംഗിച്ചപ്പോൾ, അല്ല പണ്ഡിറ്റ് ജീ ഇത് ഉറങ്ങിക്കിടക്കുന്ന സിംഹമാണ് എന്ന് തിരിച്ചടിച്ച സി.എച്ചിൻ്റെ ആർജ്ജവത്തെ, കേരളം കണ്ട പ്രഗത്ഭനായ മുഖ്യമന്ത്രി അച്യുതമേനോൻ പറഞ്ഞത് ഇങ്ങിനെയാണ്. “അമ്പത് വർഷക്കാലത്തിനിടക്ക് നെഹ്റുവിന് നേരെ അങ്ങനെയൊരു ശബ്ദം ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരനിൽ നിന്നും ഉണ്ടായിട്ടില്ല.
നെഹ്റു എന്ന അതികായൻ്റെ മുഖത്ത് നോക്കി അങ്ങനെ പറയാൻ ആര് തുനിഞ്ഞാലും മുട്ടു വിറക്കും. ഞങ്ങളുടെ നേതാക്കൾ പോലും അത്തരം വാക്കുകൾ പറഞ്ഞിട്ടില്ല. സി.എച്ചിൻ്റെ വാക്കുകളെക്കാൾ ആരെയാണ് പറഞ്ഞത് എന്നതായിരുന്നു രാഷ്ട്രീയ ഇന്ത്യ ചർച്ച ചെയ്തത്.”
സി.എച്ച്. പ്രസംഗിക്കുകയാണ്. നാട്ടിൻ പുറത്തെ അക്ഷരാഭ്യാസം കുറഞ്ഞവരാണെങ്കിലും ആവേശത്തോടെയാണ് കൂടിയിരുന്നവർ ആ മധുരഭാഷണം ശ്രവിക്കുന്നത്. സി.എച്ച്. പറഞ്ഞു. “നിങ്ങളിരിക്കുന്നിടത്തെ മണ്ണ് ഒന്നെടുത്ത് മണത്ത് നോക്കൂ… രുചിച്ചു നോക്കൂ… രക്തത്തിന്റെ മണവും രുചിയും അനുഭവപ്പെടുന്നില്ലേ… അത് നിങ്ങളുടെ പിതാക്കളുടേതാണ്. ഈ നാട് സ്വതന്ത്രമാക്കാനുള്ള പോരാട്ടത്തിൽ അവരുടെ ശരീരത്തിൽ നിന്ന് ഉതിർന്ന് താഴെ വീണതാണത്. അത് കൊണ്ട് ഈ നാട് നിങ്ങളുടെത് കൂടിയാണ്. നിങ്ങളെ ആരും ഇവിടുന്ന് പറഞ്ഞു വിടില്ല. കുറെ കാലമായി ചിലർ നമ്മോട് നാട് വിടാൻ പറയുന്നു. രാജ്യസ്നേഹമില്ലാത്തവർ എന്ന് പ്രസംഗിക്കുന്നു.
അവർക്കൊക്കെ ഉള്ള മറുപടി നമ്മുടെ നേതാക്കളായ ഇസ്മായിൽ സാഹിബും സീതി സാഹിബുമൊക്കെ കൊടുത്തിട്ടുണ്ട്. ഞാനും പറയുന്നു. നമ്മൾ എവിടെയും പോകില്ല, ഈ നാട്ടിൽ ജനിച്ചതാണെങ്കിൽ റബ്ബിന്റെ വിധിയുള്ള കാലത്തോളം ഇവിടെ തന്നെ ജീവിക്കും. ഇവിടെ തന്നെ മരിക്കണമെന്നാണ് ആഗ്രഹവും…”
സി.എച്ച്. ഇതൊക്കെ പറയുമ്പോൾ ഒരു പ്രത്യേക തരത്തിൽ, കാലിന്റെ രണ്ട് വിരലുകൾ മാത്രം നിലത്ത് കുത്തി ഉയർന്നു പൊങ്ങുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സി.എച്ചിന്റെ ഇത്തരം പ്രസംഗങ്ങൾ ഒരു സമൂഹത്തിന് നൽകിയ ആത്മവിശ്വാസവും സുരക്ഷിത ബോധവും ചെറുതായിരുന്നില്ല.
മുസ്ലിം ലീഗിലുണ്ടായ ദൗർഭാഗ്യകരമായ പിളർപ്പിൻ്റെ ആദ്യഘട്ടത്തിൽ സി.എച്ച്. നടത്തിയ പടയോട്ടം ചരിത്രത്തിലിടം നേടിയതായിരുന്നു. ഒരു വേള അമാന്തിച്ചു നിന്ന സി.എച്ചിന് ധൈര്യം പകർന്നവരിൽ മുൻനിരയിൽ ഉണ്ടായിരുന്നത് ബി.വി. അബ്ദുല്ലക്കോയ സാഹിബും കാസർകോട്ടെ മുൻ എം.എൽ.എ. ടി.എ. ഇബ്രാഹിം സാഹിബുമായിരുന്നു. 1975 ഏപ്രിൽ 20 ന് സി.എച്ച്. മഞ്ചേശ്വരത്ത് നിന്നും പ്രയാണമാരംഭിച്ച യാത്ര നൂറുക്കണക്കിന് പൊതു യോഗങ്ങളിലെ സി.എച്ചിൻ്റെ ഗംഭീര പ്രസംഗങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ‘ആടി നിന്നവർ’ പോലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ഉറച്ചു നിൽക്കുന്ന കർണ്ണാനന്തകരമായ കാഴ്ചകളാണ് കേരളം ദർശിച്ചത്. അത്രക്കും വശ്യമായ വാക്ധോരണിക്കുടമയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ സാഹിബ്… (തുടരും)
[ഭാഗം – 8, നാളെ.]
✒️U.k. Muhammed Kunhi