പത്തനംതിട്ട : വിദേശത്ത് ജോലി നോക്കുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോള്‍ നാലര വയസ്സുകാരി മകളുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.
തിരുവല്ല കുറ്റൂർ സ്വദേശി ജിൻസണ് ബിജുവിനെയാണ് തിരുവല്ല പോലീസ് ഇന്ന് വൈകിട്ട് പിടികൂടിയത്. ഇയാളുടെ ഭാര്യ നെസ്സി വിദേശത്ത് നഴ്സ് ആണ്. ഭാര്യയെ ഫോണില്‍ വിളിച്ച് ഇയാള്‍ നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വിളിച്ചു 40000 രൂപ ആവശ്യപ്പെട്ടു. കൊടുക്കാതിരുന്നപ്പോള്‍ അസഭ്യം വിളിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശം അയച്ചു. തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി വീഡിയോ കോള്‍ ചെയ്തശേഷം, നാലര വയസ്സുകാരി ഇസ്സയുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണി മുഴക്കി.
പിന്നീട് കുട്ടിയുടെ വലതു വാരിയെല്ലിന്റെ ഭാഗത്ത് വടിവാള്‍ കൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഇയാളുടെ പ്രവൃത്തിയില്‍ ഭയന്നു നിലവിളിക്കുന്ന കുഞ്ഞിന്റെ ദൃശ്യം നെസ്സി മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തു.യുവതിയുടെ പിതാവ് പി വൈ വർഗീസ് തുടർന്ന് തിരുവല്ല പോലീസില്‍ പരാതി നല്‍കുകയും, പോലീസ് ജിൻസനെതിരെ കേസെടുക്കുകയുമായിരുന്നു.
ജിൻസണ് ബിജുവുമായി അടുപ്പത്തിലായിരുന്ന നെസ്സി, ബിഎസ്സി നേഴ്സിങ് കോഴ്സ് പൂർത്തിയാക്കിയശേഷം 2018 സെപ്റ്റംബറില്‍ ഇയാളെ രജിസ്റ്റർ വിവാഹം ചെയ്യുകയും കുറ്റൂരില്‍ താമസമാക്കുകയുമായിരുന്നു. മകള്‍ ഇസ്സയ്ക്ക് 5 മാസം പ്രായമായപ്പോള്‍ നെസ്സി മുംബൈയില്‍ ജോലികിട്ടി പോയി.
നാട്ടില്‍ ഡ്രൈവർ ആയിരുന്ന ജിൻസണ്, വിദേശത്ത് പോകുന്നതിനു 50000 രൂപ ഭാര്യയോട് നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളോട് പറഞ്ഞ് തുക നെസ്സി കൊടുപ്പിക്കുകയും ചെയ്തു. തുടർന്ന് വിദേശത്തുപോയ ജിൻസണ് മൂന്നുമാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി. യുവതിയോട് നാട്ടിലെത്തി വേറെ ജോലി നോക്കാൻ ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തി. നിവൃത്തികെട്ടു തിരികെ നാട്ടിലെത്തിയ യുവതി, ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോയി.
തുടർന്ന് കഴിഞ്ഞവർഷം ഡിസംബറില്‍ വിദേശത്തേക്ക് വീണ്ടും ജോലികിട്ടി പോകുകയായിരുന്നു. പണം ആവശ്യപ്പെട്ട് ഫോണിലൂടെ ജിൻസണ് ഭീഷണി തുടർന്നു. വിവരങ്ങള്‍ നെസ്സി മാതാപിതാക്കളെ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. എല്ലാമാസവും കൃത്യമായി യുവാവിന്റെ അക്കൗണ്ടില്‍ മകള്‍ പണം ഇട്ടുകൊടുക്കാറുണ്ടെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നെയും പണം ആവശ്യപ്പെട്ട് മകള്‍ക്ക് വീഡിയോ കാള്‍ ചെയ്യുക പതിവാണെന്നും പറയുന്നു.
അങ്ങനെയാണ് കഴിഞ്ഞയാഴ്ച 40000 രൂപ ചോദിച്ചിട്ട് കൊടുക്കാത്തതിന് വ്യാഴാഴ്ച്ച രാത്രി കുഞ്ഞിനോട് അതിക്രമം കാട്ടി വീഡിയോ കാള്‍ ചെയ്ത് ഭീഷണി മുഴക്കിയത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് ഇന്ന് വൈകിട്ടോടെ ജിൻസനെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി