തൃപ്രയാർ: ഒറീസ ഗോള്‍ഡ് എന്ന വിലകൂടിയ രണ്ടര കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ വാടാനപ്പള്ളി എക്സൈസ് റേഞ്ചിന്റെ പിടിയില്‍.
ഓണവിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന ലഹരിയാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. പൊങ്ങണങ്ങാട് തീയത്ത് പറമ്ബില്‍ അനീഷ് (37), പീച്ചി പ്ലാശ്ശേരി വിഷ്ണു (27), തളിക്കുളം കോഴിപ്പറമ്ബില്‍ അമല്‍ (21) എന്നിവരെയാണ് പിടികൂടിയത്.
തളിക്കുളത്ത് വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനില്‍കുമാറും സംഘവും നടത്തിയ അന്വേഷണത്തില്‍ 450 ഗ്രാം കഞ്ചാവുമായി അമലാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വിഷ്ണുവാണ് കഞ്ചാവിന്റെ ഇടനിലക്കാരനെന്ന് മനസ്സിലായി.
വിഷ്ണുവിനെ വിളിച്ചപ്പോള്‍ തൃശ്ശൂർ സി.എസ്.ഐ. പള്ളിയുടെ സമീപത്ത് കാത്തുനില്‍ക്കാൻ നിർദേശിച്ചു. വൈകാതെ കാറില്‍ അനീഷ് എത്തി. കാർ പരിശോധിച്ചപ്പോള്‍ രണ്ടു കിലോ കഞ്ചാവ് കിട്ടി. കാർ കസ്റ്റഡിയിലെടുത്തു.
നഗരത്തിലെ കോളേജുകളും തീരദേശമേഖലയിലെ സ്കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ ഹരിദാസ്, വിജയൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, ബാസില്‍, അഭിജിത്ത്, ഡ്രൈവർ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.