മലപ്പുറം : ബി.ജെ.പിയുടേത് വിശ്വാസികളെ അപമാനിച്ച് നേടിയ വിജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
പൂരം പവിത്രമായ ഒരു ആഘോഷമാണ്. തൃശൂർ പൂരം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത് കലക്കാൻ പോലും മടിയില്ലെന്നാണ് ഇപ്പോഴുണ്ടാവുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
ന്യൂനപക്ഷ സംരക്ഷകരായി സി.പി.എമ്മും ഭൂരിപക്ഷത്തിന്റെ സ്വന്തം ആളുകളെന്ന നിലയില്‍ ബി.ജെ.പിയും രംഗത്തെത്തുകയാണ് ഇവിടെ. പൂരം അലങ്കോലമായത് എന്തുകൊണ്ടാണെന്ന് അറിയാൻ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എ.ഡി.ജി.പി നേരിട്ട് ആർ.എസ്.എസ് നേതാക്കളെ കണ്ടിരുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍, അവരുടെ വാഹനത്തില്‍ രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. ജനങ്ങള്‍ക്ക് ഇതിന് പിന്നിലുള്ള നിജസ്ഥിതി അറിയാൻ താല്പര്യമുണ്ട്. വിവാദങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂർ പൂരം കലക്കിയതിന് പിന്നില്‍ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് പങ്കുണ്ടെന്ന് ഇടത് എം.എല്‍.എ പി.വി അൻവർ ആരോപിച്ചിരുന്നു. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ആരോപണം ഉയർന്നിരുന്നു