താനൂർ :മീൻപിടിത്തത്തിനിടെ ആഴക്കടലില്‍ ബോട്ടിന് തീപിടിച്ചു. 45 തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കഴിഞ്ഞദിവസം വൈകിട്ട് 4ന് പാലപ്പെട്ടി ഭാഗത്തു വച്ചാണ് അപകടമുണ്ടായത്.
ഒട്ടുംപുറം കമ്ബനിപ്പടിയിലെ കെ.പി.അൻവറിന്റെ ഉടമസ്ഥതയിലുള്ള സി.എം.അബ്ദുറഹിമാൻ ഗ്രൂപ്പ് ലീഡറായ അല്‍ ഖൈറാത്ത് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
എൻജിൻ ഭാഗത്തു നിന്നാണ് തീ ഉയർന്നത്. ഉടൻ തൊഴിലാളികള്‍ വള്ളത്തില്‍ കരുതിയിരുന്ന കുടിവെള്ളം ഒഴിച്ച് തീയണച്ചു. പുലർച്ചെ 5ന് പൊന്നാനിയില്‍ നിന്നാണ് ബോട്ട് മീൻപിടിത്തത്തിനായി പുറപ്പെട്ടത്.
പലർക്കും നിസാരമായി പരുക്കേറ്റു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയായതിനാല്‍ എൻജിന് അടുത്ത് തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല. സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ, ഡീസല്‍ ടാങ്ക് എന്നിവയിലേക്ക് തീപടരാതെ വെള്ളം തെളിച്ച് കൂടുതല്‍ അപകടം ഒഴിവാക്കി.
അടുത്തുണ്ടായിരുന്ന മറ്റൊരു വള്ളം കെട്ടിവലിച്ച് ചേറ്റുവയില്‍ അടുപ്പിച്ചു. തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സയും നല്‍കി. നിറയെ മീൻ ലഭിച്ച് കാരിയർ വള്ളങ്ങളിലേക്ക് മാറ്റി തിരികെ പുറപ്പെടാനുള്ള ഒരുക്കത്തിനിടെയാണ് അപകടം.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ 7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.